ആപ്പിള്‍ വാച്ച് സീരീസ് 4 ഇന്ത്യന്‍ വിപണിയിലേക്ക്; പ്രീ ബുക്കിംഗ് ആരംഭിച്ചു
|ആപ്പിളിന്റെ നാലാം ശ്രേണിയിലുള്ള വാച്ചുകളുടെ പ്രീ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. ആപ്പിളിന്റെ അംഗീകൃത വില്‍പനക്കാര്‍ മുഖേനയും ഫ്‌ലിപ്കാര്‍ട്ടിലും വാച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യാം. 40,900 രൂപ മുതലാണ് വിലയാരംഭിക്കുന്നത്. ഒക്ടോബര്‍ 19 മുതല്‍ വാച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമായിതുടങ്ങും. കഴിഞ്ഞ മാസം നടന്ന വാര്‍ഷിക പരിപാടിയില്‍ ഐഫോണ്‍ എക്‌സ്.എസ്, ഐഫോണ്‍ എക്‌സ്.എസ് മാക്‌സ്, ഐഫോണ്‍ എക്‌സ്.ആര്‍ എന്നിവക്കൊപ്പമാണ് ആപ്പിള്‍ വാച്ച് സീരീസ് 4 കമ്പനി പുറത്തിറക്കിയത്.
ആപ്പിള്‍ വാച്ച് സീരീസ് 4 സവിശേഷതകള്‍
വ്യത്യസ്ത മോഡലുകളിലും വാരിയന്റുകളിലുമായിട്ടാണ് ആപ്പിളിന്റെ സീരീസ് 4 വാച്ചുകള്‍ വിപണിയിലെത്തുന്നത്. ജി.പി.എസ്, ജി.പി.എസ് പ്ലസ് സെല്ലുലാര്‍ എന്നീ രണ്ടു വാരിയന്റുകളിലാണ് വാച്ച് ലഭ്യമാവുക. 38 മില്ലി മീറ്ററില്‍ നിന്നും 40 മില്ലി മീറ്ററും 42 മില്ലി മീറ്ററില്‍ നിന്നും 44 മില്ലി മീറ്ററുമായി വാച്ചിന്റെ വലിപ്പം കൂട്ടിയിട്ടുണ്ട് കമ്പനി. അലുമിനിയത്തിലും സ്റ്റെയിന്‍ലസ് സ്റ്റീലിലും വാച്ചുകള്‍ ലഭ്യമാകും.
ഫോണ്‍ ഇല്ലാതെ തന്നെ കോളുകള്‍ ചെയ്യാന്‍ സാധിക്കുന്ന സെല്ലുലാര്‍ സംവിധാനം നേരിട്ട് വാച്ചില്‍ എത്തിച്ചിട്ടുണ്ട്. മുന്‍ വാച്ചിനെ അപേക്ഷിച്ച് രണ്ടിരട്ടി വേഗത്തില്‍ ആപ്പിള്‍ വാച്ച് സീരിസ് നാലാം തലമുറ പ്രവര്‍ത്തിക്കുമെന്നാണ് ആപ്പിള്‍ പറയുന്നത്. കൂടുതല്‍ ശബ്ദമുള്ള സ്പീക്കറും ലഭിക്കും. ഇതിലൂടെ ആശയവിനിമയം മികച്ച ശബ്ദ മേന്മയില്‍ ആസ്വദിക്കാന്‍ സാധിക്കുന്നു. സ്പീക്കറിന്റെ മറുവശത്തായാണ് മൈക്ക് സ്ഥാപിച്ചിട്ടുള്ളത്. ആദ്യമായി ഇസിജി ആപ്പോടെയാണ് ആപ്പിള്‍ വാച്ച് എത്തുന്നത് എന്ന പ്രത്യേകതയുണ്ട്. ഒപ്പം ലോകത്ത് ഒരു വാച്ചിനും അവകാശപ്പെടാനാകാത്ത ഒരാളുടെ വീഴ്ച ഡിറ്റക്റ്റ് ചെയ്യാനുള്ള സംവിധാനവും ആപ്പിള്‍ വാച്ചിലുണ്ട് (വാച്ച് അണിഞ്ഞ ആള്‍ കാലുതെറ്റി വീണാല്‍ കൈകളുടെ ചലനം തിരിച്ചറിഞ്ഞ് എമര്‍ജന്‍സി നമ്പറില്‍ അറിയിക്കുന്ന ഫാള്‍ ഡിറ്റക്ഷന്‍ സംവിധാനം).
എഡ്ജ് ടു എഡ്ജ് സ്‌ക്രീനോടെയാണ് വാച്ച് എത്തുന്നത്. 30 ശതമാനം കൂടുതല്‍ വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ആപ്പിള്‍ വാച്ച് നാലാം തലമുറ സീരീസിന്. കൂടുതല്‍ വലിയ സ്‌ക്രീനിനൊപ്പം എല്‍ടിപിഓ എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്‌ക്രീനിന്റെ ഉര്‍ജ്ജോപയോഗം മെച്ചപ്പെടുത്തി. അതുവഴി ഒറ്റ ചാര്‍ജില്‍ ഒരുദിവസത്തിലധികം വാച്ച് ഉപയോഗിക്കാന്‍ സാധിക്കുന്നു. ഇഷ്ടാനുസരണം സ്‌ക്രീനുകള്‍ സെറ്റ് ചെയ്യാനും, സ്‌ക്രീനില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനും, മനോഹരമായ പശ്ചാത്തല ഗ്രാഫിക്‌സുകളുമെല്ലാം ആപ്പിള്‍ വാച്ച് ഡിസ്‌പ്ലേയില്‍ ദൃശ്യമാക്കും.
ഇസിജി സംവിധാനത്തോടെയെത്തുന്ന ആദ്യത്തെ വാച്ച് ആണിത്. എഫ്ഡിഎ അനുമതിയോടെ അവതരിപ്പിക്കുന്ന ഈ സംവിധാനത്തിന് ആരോഗ്യ വിദഗ്ദരുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ ഹൃദയ മിടിപ്പ് നിരന്തരം നിരീക്ഷിക്കാനും അവ രേഖപ്പെടുത്തിവെക്കാനും ഇതുവഴി സാധിക്കും. ഇങ്ങനെ ലഭിക്കുന്ന ഇസിജി റിപ്പോര്‍ട്ട് നിങ്ങളുടെ ഐഫോണിലേക്ക് പിഡിഎഫ് ആയി ലഭിക്കും. അത് പിന്നീട് ഒരു ഡോക്ടറെ സന്ദര്‍ശിക്കുമ്പോള്‍ നല്‍കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
അടിയന്തിര ഘട്ടങ്ങളില്‍ എമര്‍ജന്‍സി കോണ്‍ടാക്റ്റ് നമ്പറുകളിലേക്ക് സന്ദേശങ്ങള്‍ അയക്കാനുള്ള സംവിധാനം ആപ്പിള്‍ വാച്ച് സീരീസ് 4ലുണ്ട്. സെല്ലുലാര്‍ നെറ്റ് വര്‍ക്ക് സൗകര്യമുള്ളതിനാല്‍ ഐഫോണ്‍ ഒപ്പമില്ലെങ്കില്‍ പോലും അത് സാധ്യമാണ്. നിങ്ങളുടെ ദിനചര്യകള്‍ പരിശോധിച്ച്, കൂടുതല്‍ വെള്ളം കുടിക്കണം, ഉറങ്ങണം, പ്രമേഹം പോലുള്ളവ ശ്രദ്ധിക്കണം, പോലുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും വാച്ചിന് സാധിക്കും.