ഉയിഗൂറുകളെ നിരീക്ഷിക്കാന്‍ 40,000 ക്യാമറകള്‍ സ്ഥാപിച്ച് ചൈന; പിന്തുണയുമായി ഗൂഗിളും?
|ചൈനയിലെ സിന്‍ജിയാങ്ങ് പ്രവിശ്യലെ വംശീയ ന്യൂനപക്ഷമായ ഉയിഗൂര്‍ മുസ്ലിംകളെ അടിച്ചമര്‍ത്തിക്കൊണ്ടേയിരിക്കുകയാണ് രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. ഭീകരവാദം തടയാനെന്ന പേരില്‍ അവരുടെ സംസാരസ്വാതന്ത്ര്യം പോലും എടുത്തുകളഞ്ഞിരിക്കുന്നു. ഉയിഗൂറുകളെ സദാസമയവും നിരീക്ഷിക്കാന്‍ വേണ്ടി മുഖം തിരിച്ചറിയല്‍ ശേഷിയുള്ള 40,000 ക്യാമറകളാണ് ചൈന സ്ഥാപിച്ചിരിക്കുന്നത്. മാത്രമല്ല, അവരുടെ ഡി.എന്‍.എയും രക്തസാമ്പിളുകളും ശേഖരിച്ചു വെച്ചിട്ടുമുണ്ട്.
ചൈന പുതിയതായി നിര്‍മ്മിച്ച നിയമപ്രകാരം ഉയിഗൂറുകളെ നിയന്ത്രിക്കുന്നതില്‍ ടെക് കമ്പനികള്‍ രാജ്യത്തെ സഹായിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. തീവ്രവാദത്തെ പ്രതിരോധിക്കാന്‍ എന്ന പേരിലാണ് ചൈന ടെക്‌നോളജി ഉപയോഗിച്ച് ഒരു ജനവിഭാഗത്തെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഗൂഗിളിന്റെ പ്രൊജക്റ്റ് ഡ്രാഗണ്‍ഫ്‌ലൈ ചൈനയില്‍ ആരംഭിക്കാനിരിക്കുകയാണ്. ഇത് ഫലത്തില്‍ ചൈനയെ സഹായിക്കുകയായിരിക്കും ചെയ്യുക.
ടെലികമ്മ്യൂണിക്കേഷന്‍സ് ഓപ്പറേറ്റര്‍മാര്‍ ഉയിഗൂറുകളെ നിരീക്ഷിക്കുന്നതില്‍ ചൈനക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്നാണ് പുതിയ നിയമത്തിലെ 28-ാം വകുപ്പ് പറയുന്നത്. ശബ്ദത്തിലൂടെയോ സന്ദേശത്തിലൂടെയോ ഭീകരവാദ സന്ദേശങ്ങള്‍ പടരുന്നത് തടയാനും കമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്. ഭരണകൂട വിരുദ്ധമായ സന്ദേശങ്ങള്‍ പ്രചരിക്കപ്പെടുന്ന് ശ്രദ്ധയില്‍പെട്ടാല്‍ അവ ഡിലീറ്റ് ചെയ്യണമെന്നും തെളിവ് സൂക്ഷിക്കണമെന്നും നിയമത്തില്‍ പറയുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറണമെന്നും കമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്. ഇതിലൂടെ ചൈനീസ് അതികൃധര്‍ക്ക് ഉയിഗൂറുകളെ എളുപ്പത്തില്‍ പിടികൂടുകയും ചെയ്യാം.
ഗൂഗിള്‍ ചൈനയില്‍ അവതരിപ്പിക്കാന്‍ പോകുന്ന സേര്‍ച്ച് എഞ്ചിനും പുതിയ നിയമങ്ങളൊക്കെ ബാധകമാകും. നിരവധി സൈറ്റുകളും പദങ്ങളും ബ്ലോക്ക് ചെയ്തായിരിക്കും സെര്‍ച്ച് എഞ്ചിന്‍ അവതരിപ്പിക്കുക. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനാധിപത്യം, മനുഷ്യാവകാശം, മതം എന്നീ പദങ്ങളൊക്കെ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കും. ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വച്ച് അവര്‍ നടത്തുന്ന സേര്‍ച്ചുകള്‍ സൂക്ഷിച്ച് വെക്കുകയും അവരുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ എപ്പോഴും നിരീക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുകയും ചെയ്യും. നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തി ഗുഗിള്‍ അത് സര്‍ക്കാറിനെ അറിയിച്ചാല്‍ ഉടന്‍ അറസ്റ്റ് വരെ ഉണ്ടാകും.
അടുത്ത കാലത്ത് ഉയുഗൂറുകളോട് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ചൈനീസ് അതികൃധര്‍ ആവശ്യപ്പെട്ടിരുന്നു. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകളും വീഡിയോകളുമൊക്കെ നിരീക്ഷിക്കാന്‍ കഴിയുന്ന ഒരു ആപ്പ്‌ളിക്കേഷനായിരുന്നു അത്. ഫോണിന്റെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്താനും ഇഷ്ടപ്പെടാത്ത വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടാനും ആപ്പിന് കഴിവുണ്ട്. ഉയിഗൂറുകളെ അടിച്ചമര്‍ത്താന്‍ ടെക്‌നോളജി പരമാവധി ഉപയോഗിക്കുകയാണ് ചൈന.