Tech
യുട്യൂബ് മണിക്കൂറുകള്‍ പണിമുടക്കി, വിശദീകരണവുമായി കമ്പനി
Tech

യുട്യൂബ് മണിക്കൂറുകള്‍ പണിമുടക്കി, വിശദീകരണവുമായി കമ്പനി

Web Desk
|
17 Oct 2018 11:03 AM GMT

യുട്യൂബ് തകരാറിലായതിന് പിന്നാലെ ട്വിറ്ററില്‍ #YouTubeDown എന്ന ഹാഷ് ടാഗ് വൈറലായിരുന്നു.

ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് വെബ്‌സൈറ്റായ യുട്യൂബ് പണിമുടക്കി. പല രാജ്യങ്ങളിലും രാവിലെ ആറ് മുതല്‍ എട്ട് വരെയുള്ള സമയത്തായിരുന്നു യുട്യൂബ് തകരാറിലായത്. വെബ് സൈറ്റില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ തകരാറിലാണെന്ന സന്ദേശം മാത്രമാണ് ലഭിച്ചത്. എന്താണ് തകരാറിലാകാനുള്ള കാരണമെന്ന് വ്യക്തമല്ലെങ്കിലും തങ്ങളുടെ സൈറ്റ് തകരാറിലായിരുന്ന വിവരം വ്യക്തമാക്കിക്കൊണ്ട് യുട്യൂബ് സന്ദേശമിട്ടിട്ടുണ്ട്.

യുട്യൂബ് വെബ് സൈറ്റ് മാത്രമല്ല ആപ്ലിക്കേഷനും യുട്യൂബ് മ്യൂസിക്കും ടിവി സേവനങ്ങളും തകരാറിലായി. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളില്‍ യുട്യൂബ് തകരാറിലായിരുന്നുവെന്നും കൂടുതല്‍ പരാതി ലഭിച്ചത്(43%) വീഡിയോ കാണുന്നതിലായിരുന്നെന്നും ട്രാക്കര്‍ വെബ്‌സൈറ്റായ ഡൗണ്‍ ഡിറ്റക്ടര്‍ പറയുന്നു. 37 ശതമാനം പരാതികള്‍ വെബ്‌സൈറ്റുമായി ബന്ധപ്പെട്ടുള്ളതും 18 ശതമാനം ലോഗിനുമായി ബന്ധപ്പെട്ടുള്ളതായിരുന്നുവെന്നും ഡൗണ്‍ ഡിറ്റക്ടര്‍ വ്യക്തമാക്കി.

യുട്യൂബ് തകരാറിലായതോടെ ട്വിറ്ററില്‍ #YouTubeDown എന്ന ഹാഷ് ടാഗ് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം യുട്യൂബ് തന്നെ ട്വീറ്റിട്ടത്. ക്ഷമയോടെ കാത്തിരുന്നതിന് നന്ദിയെന്നും ഭാവിയിലും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉപയോക്താക്കള്‍ അറിയിക്കണമെന്നും യുട്യൂബ് സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഗൂഗിളിന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് യുഎസ് കോണ്‍ഗ്രസിന് മുമ്പാകെ ഹാജരാകാനിരിക്കയാണ്.

Related Tags :
Similar Posts