വണ്‍പ്ലസ് 6T എത്തി; വിലയും സവിശേഷതകളുമറിയാം
|സ്മാര്‍ട്ട്ഫോണുകളിലെ വമ്പന്മാര് മാത്രം അവകാശപ്പെടുന്ന ചില പ്രീമിയം സവിശേഷതകളുമായാണ് വണ്‍പ്ലസ് 6T എത്തിയിരിക്കുന്നത്.
വണ്‍പ്ലസ് സ്മാര്‍ട്ട് ഫോണ്‍ ആരാധകരുടെ കാത്തിരിപ്പിന് അവസാനം. വണ്‍പ്ലസ് 6T വിപണിയില്‍ അവതരിച്ചു. ഈ വര്‍ഷം കമ്പനി പരിചയപ്പെടുത്തുന്ന രണ്ടാമത്തെ ഫ്ലാഗ് ഷിപ്പ് ഫോണാണിത്.
സ്മാര്‍ട്ട്ഫോണുകളിലെ വമ്പന്മാര് മാത്രം അവകാശപ്പെടുന്ന ചില പ്രീമിയം സവിശേഷതകളുമായാണ് വണ്‍പ്ലസ് 6T എത്തിയിരിക്കുന്നത്. അടിസ്ഥാന മോഡലില്‍ തന്നെ സ്റ്റോറേജ് ശേഷി 64 ജിബിയില്‍ നിന്ന് 128 ജിബിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. മൂന്നു വേരിയന്റുകളിലായാണ് വണ്‍പ്ലസ് 6T എത്തുന്നത്. 6ജിബി/128 ജിബി, 8ജിബി/128 ജിബി, 8ജിബി/256 ജിബി എന്നിങ്ങനെയാണ് മൂന്നു മോഡലുകള്‍. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, സ്ക്രീന്‍ അണ്‍ലോക്ക് സംവിധാനങ്ങള്‍ ഇതിലുണ്ട്. ഫോണിന്റെ ഡിസ്പ്ലേയില്‍ തന്നെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള ഫിംഗര്‍ പ്രിന്റ് സ്കാനറാണ് ഇതിലുള്ളത്. ഒരു സെക്കന്റിന്റെ പകുതി സമയം പോലും വേണ്ടിവരില്ല ഇതുവഴി ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍.
വണ്‍പ്ലസ് 6 ല്‍ നിന്നും മറ്റൊരു വ്യത്യസ്തതയാണ് വാട്ടര്‍പ്രൂഫ് സവിശേഷത. എന്നാല്‍ ഫോണ്‍ വെള്ളത്തില്‍ മുക്കാന്‍ കഴിയുമെന്ന് അവകാശവാദമൊന്നും കമ്പനിക്കില്ല. വണ്‍പ്ലസ് 6 ല്‍ 3300 mAh ആണ് ബാറ്ററി ശേഷിയെങ്കില്‍ വണ്‍പ്ലസ് 6T ല്‍ 3700 mAh ശേഷിയാണുള്ളത്. അതായത്, മുന്‍ഗാമിയേക്കാള്‍ 23 ശതമാനം കൂടുതല്‍ ബാറ്ററി ശേഷി വണ്‍പ്ലസ് 6T ലുണ്ടാകും. അതിവേഗം ചാര്‍ജ് ചെയ്യാനും കഴിയും. ബയോമെട്രിക് വിവരങ്ങള്‍ സംഭരിക്കുന്നതിന് ശേഷിയുള്ള സാങ്കേതിക വിദ്യയാണ് വണ്‍പ്ലസ് 6T യിലുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 ആണ് പ്രൊസസര്‍. രാത്രിയിലും തെളിച്ചമുള്ള ഫോട്ടോകള്‍ എടുക്കാന്‍ കഴിയും വിധത്തിലുള്ള കാമറയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 16 എംപി, 20 എംപി ഡ്യൂവല്‍ കാമറയാണിതിലുള്ളത്.
ആന്‍ഡ്രോയ്ഡ് 9.0 പൈയാണ് വണ്‍പ്ലസ് 6T യുടെ കരുത്ത്. ഉപയോഗിക്കുന്നില്ലാത്ത സമയങ്ങളില്‍ ആപ്പുകളെ മരവിപ്പിച്ച് ബാറ്ററി തിന്നുതീര്‍ക്കുന്നത് തടയാനുള്ള സംവിധാനം 9.0 പൈയിലുണ്ട്. നിലവില്‍ ആഗോള വിപണിയിലെ വില മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതനുസരിച്ച് 6ജിബി റാം + 128ജിബി മോഡലിന് 549 ഡോളർ (ഏകദേശം 40000 രൂപ), 8ജിബി റാം + 128ജിബി മോഡലിന് 579 ഡോളർ (ഏകദേശം 43000 രൂപ), 8ജിബി റാം + 256ജിബി മോഡലിന് 629 ഡോളർ (ഏകദേശം 46000 രൂപ) എന്നിങ്ങനെയാണ് വില. ഇന്ത്യയിലെ വിലയറിയാന്‍ ഇന്ന് രാത്രി വരെ കാത്തിരിക്കണം.