വാട്സ്ആപ്പില്‍ സുപ്രധാന മാറ്റം വരുന്നു...
|2014 ല്‍ ഫേസ്‍ബുക്ക് വാട്‌സ്ആപ്പിനെ ഏറ്റെടുക്കുമ്പോഴും കോമും, ആക്ടനും ആവശ്യപ്പെട്ടതും വാട്‌സ്ആപ്പിനെ പരസ്യ രഹിതമാക്കി നിലനിര്‍ത്തണം എന്നായിരുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ വാട്സ്ആപ്പിനെ വ്യത്യസ്തമാക്കിയിരുന്നത് പരസ്യങ്ങളില്ല എന്ന ഘടകമായിരുന്നു. എന്നാല്‍ വാട്സ്ആപ്പിനെയും വരുമാനസ്രോതസാക്കുകയാണ് ഫേസ്‍ബുക്ക്. വാട്സ്ആപ്പില്‍ അധികം വൈകാതെ പരസ്യ വിതരണം ആരംഭിക്കുമെന്ന് കമ്പനി വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. വാട്‌സ്ആപ്പ് സ്റ്റാറ്റസ് വഴി പരസ്യങ്ങള്‍ വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് കമ്പനി.
''സ്റ്റാറ്റസ് വഴി പരസ്യങ്ങള്‍ വിതരണം ചെയ്യാന്‍ കമ്പനി തുടങ്ങുകയാണ്.'' - ക്രിസ് പറഞ്ഞു. എന്നാല്‍ ഇത് എന്നു മുതല്‍ തുടങ്ങുമെന്നത് ക്രിസ് വ്യക്തമാക്കിയിട്ടില്ല. വാട്സ്ആപ്പിന് ലോകത്ത് മൊത്തം 150 കോടി ഉപഭോക്താക്കളുണ്ട്. ഇന്ത്യയില്‍ മാത്രം 25 കോടി ഉപഭോക്താക്കളുണ്ട്. വാട്‌സ്ആപ്പ് വഴി പരസ്യലാഭമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഫേസ്‍ബുക്ക് ഏറെ നാളുകളായി നടത്തിവരുന്നുണ്ട്. ഇതിനെ നിശിതമായി എതിര്‍ത്തിരുന്ന വാട്‌സ്ആപ്പ് സ്ഥാപകരായ ബ്രയാന്‍ ആക്ടനും ജാന്‍ കോമും ഫേസ്‍ബുക്ക് അധികൃതരോടുള്ള വിയോജിപ്പറിയിച്ച് കഴിഞ്ഞ വര്‍ഷം കമ്പനിയില്‍ നിന്നും രാജിവെച്ചിരുന്നു.
വാട്‌സ്ആപ്പ് പരസ്യ രഹിതമായിരിക്കണം എന്ന നിലപാടുകാരായിരുന്നു സ്ഥാപകരായ ബ്രയാന്‍ ആക്ടനും ജാന്‍ കോമും. പരസ്യങ്ങള്‍ക്ക് പകരം ഉപയോക്താക്കളില്‍ നിന്നും നിശ്ചിത തുക നേരിട്ട് ഈടാക്കാനായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് വാട്‌സ്ആപ്പ് സൗജന്യമാക്കി. 2014 ല്‍ ഫേസ്‍ബുക്ക് വാട്‌സ്ആപ്പിനെ ഏറ്റെടുക്കുമ്പോഴും കോമും, ആക്ടനും ആവശ്യപ്പെട്ടതും വാട്‌സ്ആപ്പിനെ പരസ്യ രഹിതമാക്കി നിലനിര്‍ത്തണം എന്നായിരുന്നു.