അത്യുന്നതങ്ങളില്‍ സോണി തന്നെ വാഴും
|ഏറ്റവും ഒടുവിലായി സോണിയുടെ വാർഷിക ലാഭം 30 ശതമാനത്തിന്റെ റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയത്.
ആപ്പിളും വൺപ്ലസും സാംസങ്ങും വാഴുന്ന സ്മാർട്ട് ഫോൺ മേഖലയിൽ സോണിക്ക് കാര്യമായ വെല്ലുവിളികളൊന്നും ഉണ്ടാക്കാൻ ആയിട്ടില്ല എന്നത് ശരിയാണ്. മുൻ നിര ഫോണുകളുടെ കൂട്ടത്തിലൊന്നും സോണിയില്ല. ആഗോള സ്മാർട്ട് ഫോൺ വിപണിയിൽ സോണിയുടെ പങ്ക് 5 ശതമാനത്തിലും താഴെയാണ്. എന്നാൽ ഇതൊന്നും സോണിയെ എഴുതി തള്ളാനുള്ള കാരണമല്ല. ലോകത്ത് സുസ്ഥിരമായ വളർച്ച നേടിക്കൊണ്ടിരിക്കുന്ന ആഗോള ഭീമനാണ് സോണി.
ഏറ്റവും ഒടുവിലായി സോണിയുടെ വാർഷിക ലാഭം 30 ശതമാനത്തിന്റെ റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയത്. അതായത്, 870 ബില്യൺ യെൻ(7.7 ഡോളർ) ആണ് ഈ വർഷം സോണി വാരി കൂട്ടിയത്. സ്മാർട്ട് ഫോൺ സോണിയുടേതല്ലെങ്കിലെന്ത്, എല്ലാ ഫോണിലും പല രൂപത്തിലും പ്രവര്‍ത്തിക്കുന്നത് സോണിയാണ്.
ലോകത്തെ പ്രധാന ഗെയിം പ്രൊവെെഡർമാരാണ് സോണി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സോണിയുടേതായി പ്ലേസ്റ്റേഷനുകൾ ഒന്നും ഇറക്കിയിട്ടില്ലെങ്കിലും, ഗെയിമുകൾ വിറ്റ് കാശാക്കാൻ സോണിക്കായിട്ടുണ്ട്. സോണിയുടെ സബ്സ്ക്രിപ്ഷനും വമ്പിച്ച മുന്നേറ്റമാണ് നടത്തിയിരുക്കന്നത്. ഗെയിം ബിസിനസ്സിൽ നിന്നും മാത്രമായി സോണിയുടെ ലാഭം 65 ശതമാനമാണ് വർദ്ധിച്ചത്.
ഇതിനും പുറമെ, സോണിയുടെ ‘ഡബ്ല്യു.എസ് 623 വാക്ക്മാൻ’ മ്യൂസിക്ക് പ്ലെയറിന് മികച്ച പ്രതികരമാണ് വിപണിയിൽ നിന്നും ലഭിച്ചത്. മൊബെെൽ ഫോട്ടോഗ്രഫിയിൽ വിലസുന്നതും സോണി തന്നെ. മികച്ച ഇമേജുകൾ ലഭിക്കുന്നതിനായി പല സോണി ഇതര ഫോണുകളിലും ഉള്ളത് സോണി ഇമേജ് സെൻസറാണ്. ഇത്തരം സെമികണ്ടക്ടർ ബിസിനസ്സിൽ 17 ശതമാനത്തിന്റെ വളർച്ചയാണ് സോണി കെെവരിച്ചിട്ടുള്ളത്.