ലൈംഗികാതിക്രമ ഇരകള്‍ക്കെതിരെ നിലപാട്; ഗൂഗിളിനെതിരെ ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു
|ഗൂഗിളിനെതിരെ ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഇരകള്‍ക്കെതിരെ കമ്പനി കൈകൊള്ളുന്ന നിലപാടുകളില്‍ ശക്തമായ പ്രതിഷേധമാണ് ലോകത്തെങ്ങുമുള്ള ഗൂഗിള്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായത്.
ഗൂഗിളിലെ പ്രശ്നങ്ങള്‍ ശാന്തമാക്കാൻ സി.ഇ.ഒ സുന്ദർ പിച്ചൈ ഉൾപ്പെടെയുള്ളവര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അസാധാരണമായ പ്രതിഷേധത്തിന് ഗൂഗിളിന്റെ ലോകമെമ്പാടുമുള്ള ഓഫീസുകൾ ഇന്നലെ സാക്ഷിയായി.
ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലുള്ള ഗൂഗിള്‍ ഓഫീസുകളിൽ ആയിരക്കണക്കിനു പേരാണ് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്. വനിതാ ജീവനക്കാരായിരുന്നു പ്രതിഷേധക്കാരില്‍ കൂടുതലും.
ലൈംഗിക അതിക്രമ പരാതികളില്‍ ആരോപണവിധേയർക്കു വിരമിക്കൽ പാക്കേജോടു കൂടി മാന്യമായ വിടവാങ്ങലിനു വേദിയൊരുക്കിയതു സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെയാണ് ജീവനക്കാരിൽ തന്നെ അസംതൃപ്തി ഉടലെടുത്തു തുടങ്ങിയത്. ലൈംഗികാരോപണങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള സമൂലമായ മാറ്റമാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. നിർബന്ധിതമായ ഒത്തുതീർപ്പെന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. ആവശ്യമെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുവാൻ ഇരകളെ സഹായിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.