Tech
12 കാരന്‍ ഒരുവര്‍ഷമെടുത്ത് നിര്‍മ്മിച്ച ഗെയിം അബദ്ധത്തില്‍ ഡിലീറ്റ് ചെയ്തു
Tech

12 കാരന്‍ ഒരുവര്‍ഷമെടുത്ത് നിര്‍മ്മിച്ച ഗെയിം അബദ്ധത്തില്‍ ഡിലീറ്റ് ചെയ്തു

Web Desk
|
5 Nov 2018 6:05 AM GMT

കമ്പ്യൂട്ടറിലെന്തോ വൈറസ് കിടക്കുന്നുവെന്ന് ഈ ഗെയിം കണ്ട് തോന്നിയ ഇന്റര്‍നെറ്റ് കഫേ ജീവനക്കാരനാണ് അത് ഡിലീറ്റ് ചെയ്തത്

മലേഷ്യക്കാരനായ 12കാരന്‍ ഒരു വര്‍ഷമെടുത്താണ് തന്റെ സ്വപ്‌നമായ കമ്പ്യൂട്ടര്‍ ഗെയിം നിര്‍മ്മിച്ചത്. സ്വന്തമായി കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമില്ലാത്തതിനാല്‍ അടുത്തുള്ള ഇന്റര്‍നെറ്റ് കഫേയിലായിരുന്നു 12കാരന്റെ ഗെയിം നിര്‍മ്മാണം. കമ്പ്യൂട്ടറിലെന്തോ വൈറസ് കിടക്കുന്നുവെന്ന് ഈ ഗെയിം കണ്ട് തോന്നിയ ഇന്റര്‍നെറ്റ് കഫേ ജീവനക്കാരനാണ് അത് ഡിലീറ്റ് ചെയ്തത്. എന്തായാലും അബദ്ധത്തില്‍ ചെയ്ത ആ തെറ്റോടെ മുഹമ്മദ് താഖിഫ് എന്ന 12കാരന്‍ പ്രസിദ്ധനായിരിക്കുകയാണ്.

മലേഷ്യയുടെ കായിക യുവജനക്ഷേമമന്ത്രി സയ്യിദ് സാദിക്ക് തന്നെ 12കാരനെ പ്രശംസിച്ച് രംഗത്തെത്തി. മുഹമ്മദ് താഖിഫിനൊപ്പം നില്‍ക്കുന്ന ചിത്രവും മന്ത്രി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ഇതുപോലെ കഠിനാധ്വാനികളായ ഭാവി തലമുറയെയാണ് നമുക്കാവശ്യമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. മലേഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗെയിം ഡെവലപ്പര്‍ക്കൊപ്പമാണ് താന്‍ നില്‍ക്കുന്നതെന്നും 25കാരനായ മന്ത്രി പറഞ്ഞു.

വിവാദങ്ങള്‍ക്കൊടുവില്‍ അബദ്ധത്തില്‍ ഡിലീറ്റു ചെയ്ത വീഡിയോ ഗെയിം ഒടുവില്‍ ഇന്റര്‍നെറ്റ് കഫേ അധികൃതര്‍ തന്നെ വീണ്ടെടുത്തു നല്‍കിയിട്ടുണ്ട്. സോംബി ഷൂട്ടര്‍ ഗെയിമാണ് താഖിഫ് നിര്‍മ്മിച്ചത്. താന്‍ ഇത്തരമൊരു ഗെയിമിന്റെ പണിപ്പുരയിലാണെന്ന് താഖിഫ് സെപ്തംബറില്‍ ഫേസ്ബുക്കിലെ ഒരു പിസി ഗെയിമിംങ് കമ്മ്യൂണിറ്റിയില്‍ കുറിച്ചിരുന്നു. ആവശ്യക്കാര്‍ക്ക് ഒരു റിംഗിറ്റിന്(മലേഷ്യന്‍ കറന്‍സി) ഗെയിം കളിക്കാന്‍ അവസരമൊരുക്കുകയാണ് താഖിഫിന്റെ പദ്ധതി.

Similar Posts