ആമസോൺ ഓഡിബിൾ ഇന്ത്യയിലും; ഇനി പുസ്തകങ്ങൾ സംസാരിക്കും
|ആമസോണിന്റെ ഓഡിയോ ബുക്ക് സർവീസായ ഓഡിബിൾ ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. ആൻഡ്രോയിഡ്, ഐ.ഒ.എസ്, ആമസോൺ ക്ലൗഡ് പ്ലേയർ പ്ലാറ്റ്ഫോമുകളിൽ രണ്ട് ലക്ഷത്തിന് മുകളിൽ നിരവധി ഭാഷകളിലും തരത്തിലുമുള്ള പുസ്തകങ്ങളാണ് ആമസോൺ ഓഡിബിളിൽ ലഭ്യമാകുക.
ഓഡിയോ രൂപത്തിലുള്ള പുസ്തകങ്ങളാവും ഓഡിബിളിൽ ലഭ്യമാകുക. ഇന്ത്യൻ ഇന്റർനാഷണൽ ഭാഷയിലുള്ള എഴുത്തുകാരുടെ വിവിധ സാഹിത്യ കൃതികൾ ഇതിലൂടെ ഇനി ഇന്ത്യയിലെ വായനക്കാർക്ക് ലഭ്യമാകും. ഓഡിബിൾ ആദ്യമായി ഉപയോഗിക്കുന്നവർക്ക് ആദ്യ 30 ദിവസം ട്രയൽ ആയി സൗജന്യമായി പുസ്തകങ്ങൾ വായിക്കാം. ആമസോൺ പ്രൈമിൽ സബ്സ്ക്രിപ്ഷനുള്ള വായനക്കാർക്ക് ട്രയൽ പീരിയഡ് 90 ദിവസമായിട്ടായിരിക്കും ലഭ്യമാകുക. അവർക്ക് തുടർന്നും ഓഡിബിൾ ലഭ്യമാകണമെങ്കിൽ തുടർന്നുള്ള മാസങ്ങളിൽ 199 രൂപ അടക്കേണ്ടി വരും.
മാസത്തിൽ 299 രൂപയും, ആറ് മാസത്തേക്കാണെങ്കിൽ 1345 രൂപയും, ഒരു വർഷത്തേക്ക് 2332 രൂപയുമാണ് ഓഡിബിളിന്റെ സബ്സ്ക്രിപ്ഷൻ പാക്കുകൾ. ക്രെഡിറ്റ് കാർഡുകളിലൂടെയോ ഐ.സി.ഐ.സി.ഐ ഡെബിറ്റ് കാർഡുകളിലൂടെയോ മാത്രമേ സബ്സ്ക്രിപ്ഷൻ പണം ഇപ്പോൾ അടക്കാൻ സാധിക്കുകയുള്ളൂ.
ഇന്ത്യയിലെ വായനക്കാർക്ക് ഓരോ മാസവും ഓരോ സൗജന്യ ക്രെഡിറ്റ് ആമസോൺ ഓഡിബിളിലൂടെ നൽകുന്നു. ഈ ക്രെഡിറ്റ് വെച്ച് തുടർന്ന് ഓഡിയോ പുസ്തകങ്ങൾ വാങ്ങാൻ സാധിക്കുന്നതാണ്. ഒരിക്കൽ ഒരു ഓഡിയോ പുസ്തകം വാങ്ങിയാൽ സബ്സ്ക്രിപ്ഷൻ അവസാനിച്ചാലും നമ്മുടെ ഓൺലൈൻ ലൈബ്രറിയിൽ ആ പുസ്തകം വായിക്കാൻ സാധിക്കുന്നതാണ്.
ആമസോൺ ഓഡിബിൾ പ്രവര്ത്തനം എങ്ങനെ ?
- ഓഡിബിളിന്റെ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
- ശേഷം നിങ്ങളുടെ ആമസോൺ ഐഡി ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക.
- ഇനി നിങ്ങൾ നിങ്ങളുടെ പ്ലാൻ തെരഞ്ഞെടുക്കുക. സൗജന്യ ട്രയൽ പിരിയഡ് കഴിയുന്ന അവസരത്തിൽ ആമസോൺ ഓഡിബിളുമായി സംയോജിപ്പിച്ച ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിൽ നിന്നും ഓട്ടോമാറ്റിക്കായി തന്നെ പണം പിൻ വലിക്കുന്നതാണ്.
- ഡൗൺലോഡ് ചെയ്ത പുസ്തകങ്ങൾ തുടർന്ന് ഓഫ് ലൈനായി തുടർന്ന് വായിക്കാവുന്നതാണ്.
- വായിക്കുന്ന വേഗത കൂട്ടാനും കുറക്കാനും ആപ്പിലൂടെ സാധിക്കുന്നു.
- കാർ മോഡ് ഫീച്ചർ ഉപയോഗിച്ച് കാറിൽ സഞ്ചരിക്കുമ്പോഴും വായന ആസ്വദിക്കാവുന്നതാണ്.