സാംസങിന്റെ മടക്കിവെക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍; വില ഇങ്ങനെയായിരിക്കും...
|സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റുമോ,അതോ ഐഫോണ്‍ പോലെ ഒരു പ്രത്യേക വിഭാഗത്തിന്റെ അടുത്ത് മാത്രം ഒതുങ്ങുമോ
സാംസങ് ഏറെ ആഘോഷിക്കുന്ന മോഡലാണ് മടക്കിവെക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍. നേരത്തെ ഈ മോഡലിനെ സംബന്ധിച്ച് അഭ്യൂഹം മാത്രമെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കമ്പനി തന്നെ വാര്‍ത്ത സ്ഥിരീകരിച്ചതോടെ കഥ മാറി. എന്നാല്‍ ഇപ്പോള്‍ ഈ മോഡലുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നത്, ഇതിന്റെ വില സംബന്ധിച്ചാണ്. മറ്റൊന്ന് എന്ന് പുറത്തിറങ്ങും എന്നതും. എത്രയാവും ഈ ‘മടക്കിഫോണിന്റെ’ വില എന്നതാണ് ടെക് ലോകത്തെ സംസാര വിഷയം. സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റുമോ,അതോ ഐഫോണ്‍ പോലെ ഒരു പ്രത്യേക വിഭാഗത്തിന്റെ അടുത്ത് മാത്രം ഒതുങ്ങുമോ എന്നിങ്ങനെ പോകുന്നു ചോദ്യങ്ങള്‍.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മടക്കിഫോണ്‍ വിലയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല എന്നാണ്. റിപ്പോര്‍ട്ടുകളെ വിശ്വസിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ഇതിന്റെ വില ഒരു ലക്ഷത്തിനും മുകളിലാണ്. അതായത് 1,20,000 രൂപ. ഐഫോണുകളുടെ പുതിയ മോഡലുകള്‍ക്ക് ഇന്ത്യയില്‍ ഒരു ലക്ഷത്തിന് മുകളിലാണ് വില. ഗ്യാലകസി എഫ് എന്നാവും ഈ മടക്കിസ്മാര്‍ട്ട്ഫോണിന്‍റെ പേര് എന്ന് പറയപ്പെടുന്നു. 5ജി പിന്തുണയുള്ള ഗ്യാലക്‌സി എസ് 10നൊപ്പം ഈ ഫോണും അടുത്ത ഫെബ്രുവരിയിലോ മാര്‍ച്ചിലോ എത്തുമെന്നാണ് സൗത്ത്‌കൊറിയന്‍ ന്യൂസ് എജന്‍സിയായ യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം വില സംബന്ധിച്ചോ, മറ്റോ കമ്പനി ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.
എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ വിപണികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന സൈറ്റുകളാണ് കമ്പനിയുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുടെ റിപ്പോര്‍ട്ടുകള്‍ മിക്കവാറും ശരിയാകാറുണ്ട്. 7.4 ഇഞ്ച് സ്‌പോര്‍ട്‌സ് ഡിസ്‌പ്ലെ ആയിരിക്കും ഈ മോഡലിനുണ്ടാവുക. മടക്കിയാല്‍ തന്നെ സാധാരണ മോഡലുകള്‍ക്കുള്ള 4.6 ഇഞ്ച് ഡിസ്‌പ്ലെയുമുണ്ടാവും. സ്മാര്‍ട് ഫോണ്‍ പോലെ കൊണ്ടു നടക്കാവുന്നതും ആവശ്യമുള്ളപ്പോള്‍ ഒരു ടാബ് ലെറ്റ് ആയും ഉപയോഗിക്കാനാവും. അതേസമയം ചൈനീസ് കമ്പനിയായ വാവേയ് സമാനമായൊരു ഫോണുമായി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.