ഇനി ടിവിയെ തലച്ചോര്‍ ഉപയോഗിച്ച് നിയന്ത്രിക്കാം; പിന്നില്‍ സാംസങ്
|ചലന ശേഷിയില്ലാത്തവര്‍ക്ക് തലച്ചോര്‍ ഉപയോഗിച്ച് ടിവിയെ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് സാംസങ് വികസിപ്പിക്കുന്നത്.
സാങ്കേതിക രംഗത്തെ വിപ്ലവകരമായ കണ്ടെത്തലുകളില്‍ ചിലത് മനുഷ്യന്റെ ശാരീരിക വൈകല്യങ്ങളെ തോല്‍പ്പിക്കാന്‍ ശേഷിയുള്ളതാണ്. ശാരീരിക വൈകല്യങ്ങളുള്ളവരുടെ ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ സ്വയംപര്യാപ്തത നല്‍കാന്‍ കഴിവുള്ള ഒരു കണ്ടെത്തലിന്റെ അണിയറയിലാണ് ലോകോത്തര ടെക് ഭീമന്‍മാരായ സാംസങ്.
ദിവസം ഒരു തവണയെങ്കിലും ടിവി കാണാത്തവര്‍ കുറവായിരിക്കും. ചലന ശേഷിയില്ലാത്തവര്‍ക്ക് തലച്ചോര്‍ ഉപയോഗിച്ച് ടിവിയെ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് സാംസങ് വികസിപ്പിക്കുന്നത്. ഇതിന്റെ പ്രോട്ടോടൈപ്പ് സാംസങ് ഇതിനോടകം വികസിപ്പിച്ചു കഴിഞ്ഞു. നമ്മുടെ ചിന്തകള്‍ക്ക് അനുസരിച്ച് ടിവിയെ നിയന്ത്രിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. അതായത് ചലനശേഷിയില്ലാത്തവര്‍ക്ക് റിമോര്‍ട്ടിന്റെ സഹായമില്ലാതെ ചിന്തകളിലൂടെ ചാനല്‍ മാറ്റാനും ടിവി ഓഫ്, ഓണ്‍ ചെയ്യാനും മറ്റും നിയന്ത്രിക്കാന്‍ കഴിയും. സാംസങും സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായ സെന്റര്‍ ഫോര്‍ ന്യൂറോപ്രോസ്‌തെറ്റിക്‌സ് ഓഫ് ദി ഇക്കോള്‍ പോളിടെക്‌നിക് ഫെഡറലെ ഡി ലൗസാനെയും ചേര്‍ന്നാണ് ഈ സംവിധാനം വികസിപ്പിക്കുന്നത്.
കഴിഞ്ഞയാഴ്ച സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ കമ്പനി ഇതിന്റെ മാതൃക പരിചയപ്പെടുത്തിയിരുന്നു. ചലനശേഷിയില്ലാത്തവര്‍ക്ക് ടിവിയിലെ പ്രിയപ്പെട്ട പരിപാടികള്‍ പരസഹായമില്ലാതെ ആസ്വദിക്കാന്‍ ഈ സംവിധാനം വഴി കഴിയുമെന്ന് ശാസ്ത്രജ്ഞന്‍ റിക്കാര്‍ഡോ ഷവരിയാഗ അവകാശപ്പെട്ടു. അതിസങ്കീര്‍ണമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം യാഥാര്‍ഥ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടിവിയെയും കാഴ്ചക്കാരന്റെ തലച്ചോറിനെയും ബന്ധിപ്പിക്കുന്നതിന് ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫേസ് അഥവാ ബി.സി.ഐ എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്.
ഹെഡ്സെറ്റ്, അതില്‍ 64 സെന്‍സറുകള്‍, ഐ മോഷന്‍ ട്രാക്കര്‍ തുടങ്ങിയവ അടങ്ങുന്നതാണ് ബി.സി.ഐ. ഒരാളുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് തലച്ചോറില്‍ സംഭവിക്കുന്ന മാറ്റങ്ങളും അതിന്റെ തരംഗങ്ങളും കണ്ണിന്റെ ചലനങ്ങളും മനസിലാക്കി അതിനെ ഈ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കുകയാണ് ശാസ്ത്രജ്ഞന്‍മാരുടെ ലക്ഷ്യം. തലയില്‍ പ്രത്യേക തരം ജെല്‍ പൂശിയതിന് ശേഷമായിരിക്കും ഹെല്‍മറ്റ് പോലുള്ള ഹെഡ്സെറ്റ് ധരിക്കേണ്ടത്. ഈ ഹെഡ്സെറ്റിനെ ഒരു കംപ്യൂട്ടറിലേക്ക് ഘടിപ്പിച്ചിട്ടുണ്ടാകും. ഇതിന് ടിവിയുമായും ബന്ധമുണ്ടായിരിക്കും.
സാംസങ് ഈ സാങ്കേതിക വിദ്യ ആദ്യം ആലോചിച്ചത് സ്മാര്‍ട്ട്ഫോണിന് വേണ്ടിയായിരുന്നു. പിന്നീട് വലിയ സ്ക്രീന്‍ എന്ന സങ്കല്‍പ്പത്തിലേക്ക് മാറുകയായിരുന്നു. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ തന്നെ ഇതിന്റെ രണ്ടാമത്തെ പ്രോട്ടോടൈപ്പ് പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സാംസങ്.