ലൈംഗിക പീഡനങ്ങള്‍ക്കെതിരായ പോസ്റ്റര്‍ തന്നെ പീഡനമായപ്പോള്‍
|‘ഈ പോസ്റ്റര്‍ തയ്യാറാക്കിയതിനു പിന്നില്‍ ഒരു സ്ത്രീ പോലുമില്ലെന്ന് അത് കണ്ടപ്പോള്‍ മനസിലായി’ എന്നായിരുന്നു ഒരു പ്രതികരണം
സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ജപ്പാനില്‍ ഈ പോസ്റ്റര്‍ പുറത്തിറക്കിയത്. സര്‍ക്കാര്‍ പുറത്തിറക്കിയ ഈ പോസ്റ്റര്‍ തന്നെ പീഡനത്തിന് ഉദാഹരണമാണെന്നാണ് ഉയരുന്ന വിമര്‍ശം. ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണത്തിന് ശ്രമിച്ച് ജാപ്പനീസ് സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ പുലിവാലുപിടിച്ചിരിക്കുകയാണ്.
ജോലിസ്ഥലങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണങ്ങളുടെ ഭാഗമായാണ് ജപ്പാന്റെ കാബിനറ്റ് ഓഫീസ് ഈ പോസ്റ്റര്‍ പുറത്തിറക്കിയത്. ട്വിറ്ററിലൂടെ പുറത്തുവിട്ട പോസ്റ്ററിന് വലിയ വിമര്‍ശങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജപ്പാനിലെ പ്രസിദ്ധ നടനായ മികിഹിസ അസുമയാണ് പോസ്റ്ററിലെ മോഡല്‍.
ജാപ്പനീസ് ഭാഷയിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതും ലൈംഗിക പീഡനമോ? എന്നാണ് പ്രധാന തലക്കെട്ടില്‍ ചോദിച്ചിരിക്കുന്നത്. മികിഹിസ അസുമ ചോദിക്കുന്ന രീതിയിലാണിത് തയ്യാറാക്കിയിരിക്കുന്നത്. ഇതിനൊപ്പം രണ്ട് ജോലിസ്ഥലത്തുവെച്ച് നടത്തുന്ന രണ്ട് സംഭാഷണങ്ങളും ചേര്‍ത്തിട്ടുണ്ട്. 'നിങ്ങള്‍ മെലിഞ്ഞതോടെ കൂടുതല്‍ സുന്ദരിയായിട്ടുണ്ട്' 'ഇന്നത്തെ വേഷം സുന്ദരമാണ്. ഇത്തരം വേഷങ്ങള്‍ എനിക്കിഷ്ടമാണ്' എന്നിവയാണ് മികിഹിസ ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകയോട് പറയുന്നത്. എന്താണ് ലൈംഗിക അതിക്രമമെന്ന് നിങ്ങളല്ല തീരുമാനിക്കുന്നതെന്നാണ് ഇതിന് രണ്ടിനോടും സ്ത്രീ രൂപം മറുപടി നല്‍കുന്നത്.
ഈ ട്വീറ്റാണ് വിമര്‍ശം ക്ഷണിച്ചുവരുത്തിയത്. ലൈംഗിക പീഡനം തടയുന്നതിനുള്ള പ്രചരണത്തിനായി തയ്യാറാക്കിയ പോസ്റ്റര്‍ തന്നെ പീഡനത്തിനും മുന്‍ധാരണക്കും ഉദാഹരണമാണെന്നാണ് ഉയരുന്ന വിമര്‍ശം. ലൈംഗിക പീഡനം നടത്തുന്നവരെയാണ് ഈപോസ്റ്റര്‍ സഹാനുഭൂതിയോടെ കാണുന്നതെന്നാണ് ഉയരുന്ന പരാതി. 'ഈ പോസ്റ്റര്‍ തയ്യാറാക്കിയതിനു പിന്നില്‍ ഒരു സ്ത്രീ പോലുമില്ലെന്ന് അത് കണ്ടപ്പോള്‍ മനസിലായി' എന്നായിരുന്നു ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ പ്രതികരണം.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് നവംബര്‍ 12 മുതല്‍ 25 വരെ എല്ലാ വര്‍ഷവും പ്രചാരണ പരിപാടികള്‍ ജപ്പാനില്‍ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ജോലികളിലേക്ക് കൂടുതല്‍ സ്ത്രീകളെ എത്തിക്കുകയെന്നത് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ പ്രഖ്യാപിത പദ്ധതി തന്നെയാണ്. വുമെനെക്‌ണോമിക്‌സ് എന്നാണ് ഇതിന് ആബെ സര്‍ക്കാര്‍ പേരിട്ടിരിക്കുന്നത്.
ഈവര്‍ഷമാദ്യം #WeToo എന്ന പേരില്‍ ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ തുറന്നുപറച്ചില്‍ കാമ്പയിനും ജപ്പാനില്‍ നടന്നിരുന്നു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ അമേരിക്കയില്‍ ആരംഭിച്ച #MeToo കാമ്പയിന്റെ പിന്തുടര്‍ച്ചയായിട്ടായിരുന്നു #WeToo അവതരിപ്പിക്കപ്പെട്ടത്. മി ടൂവിന്റെ ഭാഗമായി വെളിപ്പെടുത്തലുകള്‍ നടത്തുമ്പോള്‍ സ്വകാര്യത നഷ്ടമാകുന്നുവെന്ന പ്രശ്‌നം മറികടക്കാനാണ് #WeToo അവതരിക്കപ്പെട്ടത്.