‘ആപ്പിള്‍ വിഴുങ്ങി പാമ്പ്’ തിരിച്ചെത്തുന്നു; നോക്കിയ 106 വീണ്ടും വിപണിയിലേക്ക്
|2013ല്‍ പുറത്തിറക്കിയ നോക്കിയ 106ന്റെ റീബ്രാന്‍ഡ് ചെയ്ത മോഡലാണിത്. ഗെറ്റപ്പിലും, ഡിസൈനിലും മാറ്റം വരുത്തിയാണ് നോക്കിയ 106 എത്തിയിരിക്കുന്നത്.
മൊബെെൽ ഫോണെന്നാൽ സ്മാർട്ട്ഫോണിൽ കുറഞ്ഞ ഒന്നും ഇന്ന് ചിന്തിക്കുക സാധ്യമല്ല. മികച്ച സൗകര്യങ്ങളോടെയുള്ള ടച്ച് ഫോണുകൾ വിപണിയിൽ ഇന്ന് സുലഭമാണ്. ദിനേന പുതുപുത്തൻ മോഡലുകൾ ഇറങ്ങുന്ന മൊബെെൽ ഫോൺ ലോകത്ത് നിന്നും വന്ന ഒരു വാർത്ത അല്പം ഗൃഹാതുരത്വം നൽകുന്നത് കൂടിയാണ്. നോക്കിയയുടെ 106 മോഡൽ, എച്ച.എം.ഡി ഗ്ലോബൽ പുറത്തിറക്കിയിരിക്കുകയാണ്.
ഗ്രേ കളറില്‍ പോളികാര്ബനേറ്റ് ബോഡിയോട് കൂടിയാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 2013ല്‍ പുറത്തിറക്കിയ നോക്കിയ 106ന്റെ റീബ്രാന്‍ഡ് ചെയ്ത മോഡലാണിത്. ഗെറ്റപ്പിലും, ഡിസൈനിലും മാറ്റം വരുത്തിയാണ് നോക്കിയ 106 എത്തിയിരിക്കുന്നത്. ബാറ്ററി ലെെഫിലും, കോണ്ടാക്ട് സേവ് ചെയ്യാനുളള കപ്പാസിറ്റിയിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. തുടർച്ചയായി 15 മണിക്കൂർ ഫോൺ പ്രവർത്തിപ്പിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉപയോഗം കുറയുന്ന മുറക്ക്, ദിവസങ്ങളോളം ചാർജ് നിൽക്കും. ഏകദേശം 1700 രൂപ മാത്രമാണ് ഫോണിന്റെ വില കണക്കാക്കുനനത്.
ഇരട്ട സിം ഉപയോഗിക്കുവുന്ന ഫോണിൽ ആദ്യ കാല ഫീച്ചറുകളായ എൽ.ഇ.ഡി ഫ്ലാഷ് ലെെറ്റ്, എഫ്.എം റേഡിയോ എന്നിവയുണ്ട്. ക്ലാസിക്
ഗെയിമായ പഴയ സ്നേക് ഗെയിമും ഫോണില്‍ അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ, നിട്രോ റേസിങ്, ഡെയ്ഞ്ചര്‍ ഡാഷ് ആന്റ് ടെട്രിസ് എന്നീ ഗെയിമുകളും ഉണ്ട്. 1.8 ഇഞ്ച് 160×120 ഡിസ്പ്ലെ ഫോണിൽ രണ്ടായിരത്തോളം കോണ്ടാക്ടുകളും, 500 മെസേജുകളും സൂക്ഷിക്കാനുള്ള ശേഷിയുണ്ട്. റഷ്യയില്‍ പുറത്തിറങ്ങിയിട്ടുള്ള ഫോൺ ഇന്ത്യയിൽ ഉടൻ ലഭ്യമായി തുടങ്ങും.