Tech
വ്യാജന്‍മാര്‍  ഇവിടെ വിലസണ്ട; ഫെയ്ക്കുകളെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്ക്
Tech

വ്യാജന്‍മാര്‍ ഇവിടെ വിലസണ്ട; ഫെയ്ക്കുകളെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്ക്

Web Desk
|
22 Nov 2018 10:40 PM GMT

ആറുമാസത്തിനിടെ ഫെയ്സ്ബുക്കിനു കീഴിലുള്ള വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് 1.5 ബില്ല്യന്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സൗകാര്യവിവരങ്ങൾ സൂക്ഷിക്കുന്നതിൽ വന്ന വീഴ്ച്ചയുടെ പേരിൽ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങി കൊണ്ടിരിക്കേ, മുഖം മിനുക്കൽ നടപടിയുമായി സാമൂഹ്യമാധ്യമ ഭീമൻ ഫെയ്‌സ്ബുക്ക് രംഗത്ത്. വ്യാജ വാർത്തകൾ പ്രചരിക്കുന്നതിന് വേദിയൊരുക്കുന്നു, ഇവ ആൾക്കൂട്ട ആക്രമണങ്ങളും, രാജ്യ സുരക്ഷക്ക് വരെയും ഭീഷണിയായ തരത്തിൽ കാര്യങ്ങൾ കൊണ്ടു ചെന്നെത്തിക്കുന്നു എന്നിങ്ങനെയൊക്കെ ഉള്ള പരാതികൾ ഫെയ്സ്ബുക്കിനു നേരെ ഉയർന്നുകൊണ്ടിരിക്കുന്നണ്ട്. ഫെയ്സ്ബുക്കിന്റെ കീഴിലുള്ള വാട്സാപ്പ് വഴിയുള്ള വിദ്വേഷ പ്രചരണങ്ങളുടെ പേരിൽ ഇന്ത്യയിൽ നിന്നുൾപ്പടെ വലിയ പഴി കേട്ടിരുന്നു കമ്പനി.

ഇതിനെല്ലാമായുള്ള പ്രതിവിധി കണ്ടെത്താൻ വേണ്ട നടപടികൾ ഫെയസ്ബുക്ക് ആരംഭിച്ചതായാണ് ഒടുവിലെ വിവരം. ഫെയ്സ്ബുക്കിനെതിരെ ഉയർന്നിട്ടുള്ള ഗുരുതര ആരോപണങ്ങൾ കമ്പനി നിഷേധിച്ചെങ്കിലും, ഉപയോക്താക്കളുടെ സുരക്ഷക്കും, വ്യാജന്മാരെ തുരത്തുന്നതിനും വേണ്ട പ്രവർത്തനങ്ങൾ ഫെയ്സ്ബുക്ക് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ആറുമാസത്തിനിടെ ഫെയ്സ്ബുക്കിനു കീഴിലുള്ള വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് 1.5 ബില്ല്യന്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കമ്പനിയുടെ നല്ല പ്രതിച്ഛായ തിരികെ കൊണ്ടു വരാനായാണ് സക്കർബർഗും ടീമും ഇവ്വിധമൊരു കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുകിന്റെ തന്നെ കണക്കുകൾ പ്രകാരം, അവരുടെ ഒരു മാസത്തെ നിത്യ സന്ദര്‍ശകരുടെ എണ്ണം ഏകദേശം 2.5 ബില്ല്യന്‍ ആണ്. ഇതിനാൽ ആറു മാസത്തിനുള്ളില്‍ 1.5 ബില്ല്യന്‍ അക്കൗണ്ടുകള്‍ തൂത്തെറിഞ്ഞു എന്നു പറയുന്നത് നിസ്സാരമായ കാര്യമല്ല. വ്യജവാര്‍ത്തയും സ്പാമുകളും ചേർന്നുള്ള പ്രചാരണങ്ങളും മറ്റും അഴിച്ചുവിടുന്നത് വ്യജ അക്കൗണ്ടുകൾ വഴിയായതിനാലാണ്, വ്യജന്മാരെ കെട്ടുകെട്ടിക്കാൻ കമ്പനി മുൻകെെ എടുത്തിരിക്കുന്നത്.

വെെറൽ പോസ്റ്റുകളെയും, സന്ദേശങ്ങളേയും കമ്പനി നിരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഫെയ്‌സ്ബുകിനു പുറമെ, വാട്‌സാപ്, ഫെയ്‌സ്ബുക് മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ നെറ്റവർക്കിങ് ഇടങ്ങളിലും ശുദ്ധീകരണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

Similar Posts