മറക്കാനാഗ്രഹിച്ച പലതും ഓര്‍മ്മപ്പെടുത്തി ഫേസ്ബുക്ക്, ഒടുവില്‍ കുറ്റം വൈറസിന്
|പലരുടേയും ജീവിതത്തിലെ നിര്‍ണ്ണായകമായ സന്ദര്‍ഭങ്ങളിലെ സന്ദേശങ്ങളാണ് ഇത്തരത്തില്‍ അവിചാരിതമായി പ്രത്യക്ഷപ്പെട്ടത്.
നിനച്ചിരിക്കാതെ പൊങ്ങിവരുന്ന പഴയ മെസേജുകളാണ് ഫേസ്ബുക്കിന് തലവേദനയായിരിക്കുന്നത്. ഓര്‍ക്കാനാഗ്രഹിക്കാത്ത പല സന്ദേശങ്ങളും അങ്ങനെ പെട്ടെന്ന് പൊന്തി വന്നതോടെ പ്രതിഷേധവുമായി ഉപയോക്താക്കള്‍ തന്നെ രംഗത്തെത്തിയതോടെ ഫേസ്ബുക്കിന് പ്രതികരിക്കേണ്ടി വന്നു. പഴയ സന്ദേശങ്ങള്‍ പെട്ടെന്ന് പൊങ്ങിവരാന്‍ കാരണം വൈറസാണെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കിയത്.
പലരുടേയും ജീവിതത്തിലെ നിര്‍ണ്ണായകമായ സന്ദര്‍ഭങ്ങളിലെ സന്ദേശങ്ങളാണ് ഇത്തരത്തില്‍ അവിചാരിതമായി പ്രത്യക്ഷപ്പെട്ടത്. തന്റെ ജീവിത പങ്കാളിയെ നഷ്ടപ്പെട്ട ദിവസത്തെ സന്ദേശങ്ങള്‍ ഇത്തരത്തില്‍ ലഭിച്ച ഒരാള്‍ സോഷ്യല്‍മീഡിയയിലൂടെ തന്നെ പ്രതികരിക്കുകയും ചെയ്തു. ഇനിയെന്താണാവോ കാണേണ്ടതെന്ന ഭീതിപിന്നീട് ഫേസ്ബുക്ക് തുറക്കുമ്പോഴെല്ലാം വന്നെന്നും അദ്ദേഹം കുറിച്ചിരുന്നു.
നിരവധി ഉപയോക്താക്കള്‍ സമാന പരാതിയുമായി എത്തിയതോടെയാണ് ഫേസ്ബുക്ക് ഇക്കാര്യത്തില്‍ ഔദ്യോഗികമായി തന്നെ പ്രതികരിച്ചത്.
'പഴയ സന്ദേശങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നുവെന്ന പരാതി ലഭിച്ചിരുന്നു. ചില സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളുടെ ഭാഗമായി സംഭവിച്ച പിഴവാണ് ഇതിന് പിന്നില്‍. ആ പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു' എന്നായിരുന്നു ഫേസ്ബുക്ക് വക്താവിന്റെ സന്ദേശം.
ഫേസ്ബുക്കില്‍ മെമ്മറി കാണിക്കുന്നതിനെതിരെയും സമാനമായ പരാതി ഉയര്‍ന്നിരുന്നു. മുന്‍ വര്‍ഷം ഇതേ ദിവസം നടന്ന സംഭവത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലായിരിക്കും പലപ്പോഴും ഫേസ്ബുക്ക് മെമ്മറിയില്‍ കാണിക്കുക. ഇത് ചിലപ്പോഴെല്ലാം അരോചകമാകുന്നുവെന്ന വിമര്‍ശമാണ് ഉയര്‍ന്നിരുന്നത്. ഏതെല്ലാം മെമ്മറികളാണ് കാണേണ്ടതെന്ന് നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനം കൊണ്ടുവന്നാണ് ഫേസ്ബുക്ക് ഈ പരാതിയെ മറികടന്നത്.