Tech
അപകടങ്ങള്‍ ക്ഷണിച്ചുവരുത്തരുത്... മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 15 കാര്യങ്ങള്‍
Tech

അപകടങ്ങള്‍ ക്ഷണിച്ചുവരുത്തരുത്... മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 15 കാര്യങ്ങള്‍

Web Desk
|
3 Jan 2019 7:07 AM GMT

കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 60 കാരന്‍ മരിച്ചിരുന്നു. ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്നാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. 

മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ അപൂര്‍വമല്ല. ഇതില്‍ മിക്ക അപകടങ്ങളും അശ്രദ്ധ മൂലം ക്ഷണിച്ചുവരുത്തുന്നവയാണ്. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 60 കാരന്‍ മരിച്ചിരുന്നു. ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്നാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പകച്ചുപോയ കിഷോര്‍ സിങിന് പ്രതികരിക്കാന്‍ സമയംകിട്ടും മുമ്പ് തന്നെ ഇദ്ദേഹത്തിന്റെ വസ്ത്രത്തിന് തീപിടിച്ചു കഴിഞ്ഞിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കിഷോറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പലപ്പോഴും അശ്രദ്ധമായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ ജീവന് പോലും ഭീഷണിയായ ഒരു ചെറു സ്ഫോടക വസ്തുവാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ടെക് വിദഗ്ധര്‍. ഇത്തരം അപകടങ്ങളെ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട 15 കാര്യങ്ങളും വിദഗ്ധര്‍ പങ്കുവെക്കുന്നു.

  • ഉറങ്ങുമ്പോള്‍ ഫോണ്‍ തലയണയുടെ കീഴില്‍ വയ്ക്കരുത്

ശരീരത്തിലെ ഒരവയവം പോലെ മൊബൈല്‍ ഫോണുകള്‍ കൊണ്ടുനടക്കുന്നവര്‍ക്ക് ഉറക്കത്തില്‍ പോലും അവയെ മാറ്റി നിര്‍ത്താന്‍ കഴിയാറില്ല. ഇത്തരക്കാര്‍ ഉറങ്ങുമ്പോള്‍ ഫോണ്‍ തലയണയുടെ കീഴില്‍ വയ്ക്കുന്നത് പതിവാണ്. എന്നാല്‍ ഇങ്ങനെ തലയണയുടെ കീഴില്‍ വച്ചാല്‍ ഫോണ്‍ അമിതമായി ചൂടാകുകയും അമിത ഭാരം താങ്ങേണ്ടി വരികയും ചെയ്യുന്നതു വഴി പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്.

  • ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഫോണ്‍ സൂക്ഷിക്കരുത്

മൊബൈല്‍ ഫോണുകളുടെ റേഡിയേഷന്‍ ഒരു ചര്‍ച്ചാ വിഷയമാണെങ്കിലും ഷര്‍ട്ടിന്റെയോ ജീന്‍സിന്റെയോ പോക്കറ്റില്‍ ഇവ സൂക്ഷിക്കുന്നത് അപകടമാണെന്ന് ടെക് വിദഗ്ധര്‍ പറയുന്നു. ഫോണ്‍ പൊട്ടിത്തെറിച്ചാല്‍ ജീവന് പോലും അപകടമുണ്ടാകാം.

  • രാത്രിയില്‍ ഫോണ്‍ ചാര്‍ജിലിട്ട് ഉറങ്ങുന്നത് ഒഴിവാക്കുക.

  • ചാര്‍ജ് ചെയ്യുമ്പോള്‍ വസ്ത്രങ്ങളിലോ ബെഡിലോ ഫോണ്‍ സൂക്ഷിക്കരുത്.

  • ഡൂപ്ലിക്കേറ്റ് ചാര്‍ജറുകളോ അഡാപ്റ്ററുകളോ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യരുത്.

  • ബാറ്ററി മാറ്റേണ്ട സാഹചര്യങ്ങളില്‍ ഒറിജിനല്‍ ബാറ്ററി തന്നെ വാങ്ങുക. ചെറിയ ലാഭങ്ങള്‍ക്ക് വേണ്ടി ഡൂപ്ലിക്കേറ്റ് ബാറ്ററികള്‍ വാങ്ങുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം.

  • സൂര്യപ്രകാരം നേരിട്ട് പതിക്കുന്ന ഭാഗങ്ങളില്‍ വച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യരുത്.

  • ചാര്‍ജിങ് കേബിളുകളുടെ നീളം കൂട്ടാന്‍ വേണ്ടി എക്സ്റ്റന്‍ഷന്‍ കോഡുകള്‍ ഉപയോഗിക്കാതിരിക്കുക.

  • ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് ഫോണിന്റെ സുരക്ഷക്ക് വേണ്ടി അണിയിച്ചിരിക്കുന്ന കവര്‍ ഊരിമാറ്റുക.

  • മൊബൈല്‍ ഫോണുകള്‍ തകരാറിലായാല്‍ അംഗീകൃത സര്‍വീസ് സെന്ററുകളില്‍ മാത്രം നല്‍കുക.

  • പ്രാദേശിക കടകളില്‍ നിന്ന് യൂസ്ഡ് ഫോണുകള്‍ വാങ്ങുന്നത് ഒഴിവാക്കുക.

  • ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുകയും ഫോണിന് മുകളില്‍ അനാവശ്യഭാരം നല്‍കാതിരിക്കുകയും ചെയ്യുക.

  • കാറിലെ ചാര്‍ജിങ് അഡാപ്റ്ററുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക

  • ഫോണ്‍ ചൂടാകാന്‍ തുടങ്ങിയാല്‍ ഉപയോഗം കുറച്ച് നേരത്തേക്കെങ്കിലും നിര്‍ത്തിവെക്കുക.

  • ചെറിയ ലാഭത്തിന് വേണ്ടി വില കുറഞ്ഞ പവര്‍ ബാങ്കുകള്‍ വാങ്ങാതിരിക്കുക.

Similar Posts