ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ
|ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി ഇന്ത്യയടക്കം ആഗോളതലത്തിൽ തന്നെ നോക്കിയയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കും
ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ. ആഗോള തലത്തിൽ നടക്കുന്ന റീ സ്ട്രക്ചറിങ് നടപടികളുടെ ഭാഗമായിട്ടാണ് നടപടി. ശമ്പള ഇനത്തിലും മറ്റും ഈ ജീവനക്കാര്‍ക്ക് ചെലവുവന്ന തുക ഇനി മുതൽ റിസർച്ചിനും ഡവലപ്മെന്റിനും വേണ്ടി ആയിരിക്കും ഉപയോഗിക്കുക. ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി ഇന്ത്യയടക്കം ആഗോളതലത്തിൽ തന്നെ നോക്കിയയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കും.
പിരിച്ചുവിടലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാകില്ലെന്നും താമസിയാതെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാമെന്നുമാണ് നോക്കിയയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.
ഇന്ത്യയിൽ ബെംഗളൂരു, ചെന്നൈ, ഗുഡ്ഗാവ്, മുംബൈ, നോയ്ഡ എന്നിവിടങ്ങളിലാണ് പ്രധാനമായും നോക്കിയയുടെ പ്രവർത്തനം. കമ്പനിയുടെ നിർമ്മാണ കേന്ദ്രം ചെന്നൈയിലാണ്. ബെംഗളൂരുവിൽ ഒരു ഫാക്ടറിയും നോക്കിയക്കുണ്ട്. ഇതിന് പുറമെ രാജ്യത്തെ 26 നഗരങ്ങളിൽ കമ്പനിക്ക് പ്രൊജക്ട് ഓഫീസുകളുണ്ട്. നോയ്ഡയിലും ചെന്നൈയിലും ഗ്ലോബൽ സർവീസ് ഡെലിവറി സെന്ററുകളുണ്ട്. ഇവിടെ മാത്രം 4,200 പേർ ജോലി ചെയ്യുന്നുണ്ട്.
ഏഷ്യാ പസഫിക് റീജിയനിൽ മാത്രം കമ്ബനിക്ക് 20,511 ജീവനക്കാരുണ്ട്. ഇതിൽ 15,000-ത്തിലധികം പേരും ജോലി ചെയ്യുന്നത് ഇന്ത്യയിലാണ്.