Tech
നിങ്ങള്‍ക്കും വന്നെത്തിയോ ആമസോണിന്‍റെ സമ്മാനപ്പെരുമഴ ?!
Tech

നിങ്ങള്‍ക്കും വന്നെത്തിയോ ആമസോണിന്‍റെ സമ്മാനപ്പെരുമഴ ?!

Web Desk
|
26 March 2021 7:10 PM GMT

ഇനി എത്തിയില്ലങ്കില്‍ പേടിക്കേണ്ട, വാട്‌സാപ്പിലൂടെ ഉടനെ നിങ്ങള്‍ക്കും 'ആമസോണ്‍ ഗിഫ്റ്റ് കൂപ്പണ്‍' എന്ന തരത്തിലുള്ള മെസേജ് വന്നേക്കാം

ഓണ്‍ലൈന്‍ ഭീമനായ ആമസോണ്‍ മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ഗിഫ്റ്റ് കൂപ്പണുകള്‍ വല്ലതും നിങ്ങളെ തേടി എത്തിയിരുന്നോ ?! ഇനി എത്തിയില്ലങ്കില്‍ പേടിക്കേണ്ട, വാട്‌സാപ്പിലൂടെ ഉടനെ നിങ്ങള്‍ക്കും 'ആമസോണ്‍ ഗിഫ്റ്റ് കൂപ്പണ്‍' എന്ന തരത്തിലുള്ള മെസേജ് വന്നേക്കാം. വാസ്തവത്തില്‍ അതൊരു വ്യാജ ലിങ്ക് മാത്രമാണ്. വ്യാജന്‍ എന്നതിനേക്കാള്‍, അപകടകാരിയുമാണ്.

'Amazon 30th anniversary celebrations – Free gifts for everyone from www.amazon.com'

എന്ന ലിങ്കാണ് വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍, ഈ ലിങ്കില്‍ ക്ലിക് ചെയ്താല്‍ എത്തിച്ചേരുക പുതിയൊരു വിന്‍ഡോയിലാണ്. 'നിങ്ങളെ ഞങ്ങളുടെ സര്‍വേയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നു, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ ശേഷം നിങ്ങള്‍ക്ക് ലഭിക്കും ആകര്‍ഷകമായ സമ്മാനം !' എന്ന മെസേജ് ഈ വിന്‍ഡോയില്‍ ലഭിക്കും.

ആമസോണിന്റെ സേവനം മെച്ചെപ്പടുത്താന്‍ എന്ന പേരില്‍, വിവിധ ചോദ്യങ്ങളാണ് തുടര്‍ന്ന് ലഭിക്കുക. ഉത്തരങ്ങള്‍ സബ്മിറ്റ് ചെയ്താല്‍ ഏതാനും ഗിഫ്റ്റ് ബോക്‌സുകളുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുകയും, അവയിലൊന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും.

എന്നാല്‍ ഗിഫ്റ്റ് ലഭിക്കാന്‍ ഒരു കടമ്പ കൂടിയുണ്ട്. ഈ ചോദ്യങ്ങള്‍ അഞ്ച് വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കോ ഇരുപത് സുഹൃത്തുക്കള്‍ക്കോ ഷെയര്‍ ചെയ്യണം. അത് മാത്രം പോര, അവരെല്ലാവരും ഒരു ആപ് ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ പങ്കുവെക്കുകയും വേണം. എങ്കില്‍ 5 - 7 ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്ക് സമ്മാനം ലഭിക്കുന്നതാണ് !

യാഥാര്‍ഥ്യമെന്തെന്നാല്‍, ഇത്തരം സൈറ്റുകളില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കുന്നത് വലിയ തരത്തിലുള്ള സുരക്ഷ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതാണ്. അതിനാല്‍ തന്നെ, സമ്മാനങ്ങള്‍ക്ക് പിറകെ പോകുന്നതിന് മുന്‍പ്, കയറി ചെല്ലുന്ന ലിങ്കിനെ കുറിച്ച് ബോധവാന്‍മാരായിരിക്കുക പ്രധാനമാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts