ഡിസ്ക്കൗണ്ട് കിട്ടാൻ ഇന്ത്യക്കാർ എന്തിനും തയ്യാർ !
|സർവേ പ്രകാരം, പകുതിയിൽ അധികം ഇന്ത്യക്കാരും ഡിസ്ക്കൗണ്ട് ഇല്ലാതെ ഓൺലൈൻ ഷോപ്പിങ് നടത്താത്തവരാണ്.
ഡിസ്ക്കൗണ്ട് എന്ന് കണ്ടാൽ എന്ത് വില കൊടുത്തും ഇന്ത്യക്കാർ അത് വാങ്ങിയിരിക്കും. അതിനി ഓൺലൈൻ ഷോപ്പിങ് ആണങ്കിൽ, സ്വകാര്യവിവരങ്ങൾ പങ്കുവെച്ചിട്ടായാലും കാര്യം നേടും. പനാമ ആസ്ഥാനമായുള്ള വി.പി.എൻ നിർമാതാക്കളായ നോർഡ് വി.പി.എൻ നടത്തിയ സർവേയിലാണ് ഇന്ത്യക്കാരുടെ ഓൺലൈൻ ജ്ഞാനം വെളിവായതെന്ന് ക്വാർട്സ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ടെക് ഹബ് ആണ് ഇന്ത്യ. എന്നാൽ ഓൺലൈൻ സുരക്ഷയിൽ രാജ്യം പിന്നോട്ടാണെന്നാണ് നോർഡ് വി.പി.എൻ സർവേയുടെ റിപ്പോർട്ട്. 21 രാജ്യങ്ങളുൾപ്പെട്ട നാഷണൽ പ്രൈവസി ടെസ്റ്റിൽ 19 -ാം സ്ഥാനത്താണ് ഇന്ത്യ. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതിലും ഓൺലൈൻ ഷോപ്പിങ്ങിലും ജാഗ്രത പുലര്‍ത്താത്തതാണ് രാജ്യത്തിന്റെ മോശം പ്രകടനത്തിന് കാരണമായി പറയുന്നത്.
സർവേ പ്രകാരം, പകുതിയിൽ അധികം ഇന്ത്യക്കാരും ഡിസ്ക്കൗണ്ട് ഇല്ലാതെ ഓൺലൈൻ ഷോപ്പിങ് നടത്താത്തവരാണ്. ഡിസ്ക്കൗണ്ട് ഓഫറുമായി എത്തുന്ന ഉത്പന്നങ്ങൾക്ക് പക്ഷേ, പകരമായി വ്യക്തിപരമായ വിവരങ്ങള്‍ വരെ നൽകേണ്ടതായി വരുമെങ്കിലും ഇന്ത്യക്കാരുടെ മുൻഗണന പ്രൈവസിയേക്കാൾ വിലക്കുറവിന് തന്നെയായിരിക്കും.
ഇത്തരത്തിൽ യഥാർഥ ഓൺലൈൻ പ്രൊഡക്റ്റുകളോ, സബ്സ്ക്രിപ്ഷനുകളോ വിലക്കുറവിൽ ലഭിക്കാൻ രണ്ടാം തരം സൈറ്റുകളിൽ പോയി പർച്ചേസ് ചെയ്യുന്നതിലും രാജ്യത്തെ ഓൺലൈൻ ഉപയോക്താക്കൾ താത്പര്യം കാണിക്കുന്നു.
ഡിജിറ്റൽ ഉപയോഗം, സുരക്ഷാ അവബോധം, അപകടത സാധ്യത എന്നീ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ളതായിരുന്നു നോർഡ് വി.പി.എൻ സർവേ. 48,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ സർവേയിൽ നൂറിൽ 51 പോയിന്റാണ് ഇന്ത്യ നേടിയത്. പ്രൈവസിയെ കുറിച്ച് ബോധവാന്മാരായുള്ളത് 58 ശതമാനം പേര് മാത്രമാണ്.
71.2 പോയിന്റുമായി ജർമനിയാണ് പട്ടികയിൽ മുന്നിൽ. നെതര്‍ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, യു.എസ്.എ, ബെല്‍ജിയം എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.