ആ ഫോണുകൾ ഇനിയില്ല; എൽ.ജി സ്മാർട്ട് ഫോൺ രംഗം വിട്ടു
|2013 ൽ സാസംങിനും ആപ്പിളിനും പിറകിൽ സ്മാർട്ട് ഫോൺ വിപണിയിൽ മൂന്നാം സ്ഥാനത്ത് നിന്ന ശേഷമാണ് കമ്പനിയുടെ പതനം ആരംഭിച്ചത്.
ആദ്യകാലത്ത് മൊബൈൽ ഫോൺ വിപണി അടക്കിവാണിരുന്ന ബ്രാൻഡുകളിൽ ഒന്നായ എൽ.ജി സ്മാർട്ട് ഫോൺ കച്ചവടം മതിയാക്കുന്നു. തുടർച്ചയായ വിപണിയിൽ നിന്ന് നഷ്ടം മാത്രം ലഭിച്ചതോടെയാണ് സൗത്ത് കൊറിയൻ കമ്പനി ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.
കഴിഞ്ഞ ആറുവർഷം കമ്പനിക്ക് സ്മാർട്ട് ഫോൺ ഡിവിഷനിൽ നിന്ന് ഉണ്ടായ നഷ്ടം 4.5 ബില്യൺ ഡോളറാണ്. വൈദ്യുത വാഹനങ്ങളുടെ ഉപകരണങ്ങളുടെ നിർമാണത്തിലും കണക്ടിങ് ഉപകരണങ്ങളുടെ നിർമാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.
2013 ൽ മൂന്നാം സ്ഥാനം ; പിന്നീട് പതനം
2013 ൽ സാസംങിനും ആപ്പിളിനും പിറകിൽ സ്മാർട്ട് ഫോൺ വിപണിയിൽ മൂന്നാം സ്ഥാനത്ത് നിന്ന ശേഷമാണ് കമ്പനിയുടെ പതനം ആരംഭിച്ചത്. സ്മാർട്ട് ഫോൺ രംഗത്ത് പല പുത്തൻ സവിശേഷതകളും കൊണ്ടു വന്നത് എൽ.ജിയാണ്. അൾട്രാ വൈഡ് ആംഗിൾ ലെൻസെല്ലാം ആദ്യമായി കൊണ്ടുവന്നത് എൽ.ജിയായിരുന്നു. പിന്നീട് അവരുടെ ഫ്‌ളാഗ്ഷിപ്പ് മോഡലുകൾക്കടക്കം സോഫ്റ്റ് വെയർ, ഹാർഡ് വെയർ തകരാറുകൾ സംഭവിക്കാൻ തുടങ്ങി.
സോഫ്റ്റ് വെയർ അപ്‌ഡേറ്റുകൾ ലഭിക്കാനും വൈകിയതോടെ അവരുടെ പതനം ആരംഭിച്ചു. പിന്നീട് അരങ്ങിലേക്ക് വന്ന ചൈനീസ് കമ്പനികളോട് മത്സരിക്കാനുള്ള കെൽപ്പ് അവർക്കില്ലായിരുന്നു. അതോടെ പതനം പൂർണമായി. നിലവിൽ 2 ശതമാനം മാത്രമാണ് അവരുടെ മാർക്കറ്റ് വിഹിതം.
സ്മാർട്ട് ഫോൺ ഡിവിഷനിലെ ജീവനക്കാരെ മറ്റു വിഭാഗങ്ങളിലേക്ക് പുനർവിന്യസിക്കുമെന്ന് കമ്പനി അറിയിച്ചു. വിൽപ്പന നിർത്തിയാലും മൊബൈലുകളുടെ സർവീസ് തുടരുമെന്ന് കമ്പനി വ്യക്തമാക്കി.