'ക്ലബ് ഹൗസ്' ആൻഡ്രോയ്ഡ് പതിപ്പ് മെയ് 21ന് ഇന്ത്യയിലേക്ക്
|നിലവില്‍ ആപ്പിള്‍ ഐ.ഒ.എസ് പ്ലാറ്റ്ഫോമിലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഓഡിയോ- ഓൺലി ചാറ്റ് ആപ്പായ ക്ലബ് ഹൗസ് ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലേക്കും എത്തുന്നു. മെയ് 21 വെള്ളിയാഴ്ച മുതൽ ഇന്ത്യയിലെ ആൻഡ്രോയ്ഡ് യൂസർമാർക്ക് ആപ്പ് ഉപയോഗിച്ച് തുടങ്ങാം.
ഇന്ന് ജപ്പാൻ, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിലെ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കും വെള്ളിയാഴ്ച രാവിലെ നൈജീരിയയിലെയും ഇന്ത്യയിലെയും ഉപയോക്താക്കൾക്കും ഇന്‍വിറ്റേഷൻ അധിഷ്ടിതമായ ചാറ്റ് പ്ലാറ്റ്ഫോം ലഭ്യമാകുമെന്നാണ് ക്ലബ് ഹൗസ് നേരത്തെ വ്യക്തമാക്കിയത്. ഈ വർഷം ആദ്യം തന്നെ ക്ലബ് ഹൗസ് ആൻഡ്രോയ്ഡ് ആപ്പ് ഡെവലപ് ചെയ്യാൻ തുടങ്ങിയിരുന്നു. തുടർന്ന് ഈ മാസമാണ് ബീറ്റ പതിപ്പ് ടെസ്റ്റ് ചെയ്ത് തുടങ്ങിയത്.
ആപ്പിള്‍ ഐ.ഒ.എസ് പ്ലാറ്റ്ഫോമിൽ മാത്രമായി ലോഞ്ച് ചെയ്ത ക്ലബ് ഹൗസ് ആപ്പ് ചുരുങ്ങിയ കാലം കൊണ്ടായിരുന്നു നെറ്റിസൺസിനിടിയിൽ അസൂയപ്പെടുത്തുന്ന വളർച്ച സ്വന്തമാക്കിയത്. ഒരു ഡിസ്കഷന്റെ ഭാഗമാകാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഓഡിയോ-ചാറ്റിങ് സോഷ്യൽ നെറ്റ്‌വർക്കിങ് ആപ്ലിക്കേഷൻ എന്ന് ഇതിനെ വിശേഷിപ്പിക്കാം. വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ പോലെ ഒരുപാട് ഫീച്ചറുകളൊന്നും ആപ്പിനില്ല. വെറുമൊരു വോയിസ് സോഷ്യൽ നെറ്റ്വർക് മാത്രമാണ് ക്ലബ് ഹൗസ്.
എഴുത്തുകാരും സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരുമൊക്കെ എന്തെങ്കിലും വിഷയത്തിൽ ചർച്ച നടത്തുന്നതു കേള്‍ക്കാന്‍ യൂസർമാർക്ക് ക്ലബ് ഹൗസിലെ റൂമിൽ ചേരാം. റൂമിന്റെ അഡ്മിൻ അനുവദിച്ചാൽ, അവരുമായി ആശയവിനിമയം നടത്താനും യൂസർമാർക്ക് അവസരമുണ്ടാകും. നിലവിൽ ക്ലബ് ഹൗസ് ഉപയോഗിക്കുന്ന ഒരാളുടെ ഇൻവിറ്റേഷൻ ലഭിച്ചാൽ മാത്രമെ ഈ ആപ്പിൽ സൈൻ- ഇൻ ചെയ്യാൻ സാധിക്കുകയുള്ളൂ. ഭാവിയിൽ അത്തരം നിയന്ത്രണങ്ങൾ ആപ്പിൽ നിന്നും നീക്കാൻ സാധ്യതയുണ്ട്.
ഇന്ത്യയില്‍ തുടക്കത്തില്‍ ഉപയോക്താക്കളുടെ പ്രതികരണം അറിഞ്ഞതിനു ശേഷം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പെയ്മെന്‍റ് സംവിധാനമുള്‍പ്പെടെ അവതരിപ്പിച്ച് ആപ്പ് കൂടുതല്‍ ജനപ്രിയമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.