പബ്ജി ഇന്ത്യയിൽ തിരിച്ചെത്തി; പുതിയ പേരിലും രൂപത്തിലും
|നേരത്തെ രജിസ്റ്റർ ചെയ്ത എല്ലാവർക്കും അടുത്ത ദിവസങ്ങളിൽ തന്നെ ഗെയിം ആപ്ലിക്കേഷൻ ലഭ്യമാകും
കഴിഞ്ഞ ഏതാനും മാസമായി പബ്ജി കളിക്കാനാകാതെ വിഷമിക്കുകയായിരുന്നോ നിങ്ങൾ? എങ്കിലിതാ ഒരു സന്തോഷവാർത്ത. പബ്ജി മൊബൈൽ ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നു. പുതിയ ആപ്പ് പ്ലേസ്റ്റോറിലും ലഭ്യമാണ്.
പുതിയ പേരിലും അൽപം മാറ്റങ്ങളോടെയുമാണ് പബ്ജിയുടെ തിരിച്ചുവരവ്. ബാറ്റിൽഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യ എന്നാണ് ഗെയിമിന്റെ പുതിയ പേര്. ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം. നേരത്തെ രജിസ്റ്റർ ചെയ്ത എല്ലാവർക്കും അടുത്ത ദിവസങ്ങളിൽ തന്നെ ഗെയിം ആപ്ലിക്കേഷൻ ലഭ്യമാകുമെന്നാണ് അറിയുന്നത്.
ഒടിപി വെരിഫിക്കേഷൻ സംവിധാനത്തിലൂടെയായിരിക്കും ഇനിമുതൽ ആപ്പിലേക്കുള്ള പ്രവേശനം അനുവദിക്കുകയെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. കൗമാരക്കാരെ നിയന്ത്രിക്കാനായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, പുതിയ ആപ്ലിക്കേഷനിൽ അത്തരം മാറ്റങ്ങളൊന്നുമില്ല. പകരം ചെറിയ മാറ്റങ്ങൾ മാത്രമാണ് കാണാനാവുന്നത്. രക്തത്തിന്റെ നിറം പച്ചയായി മാറിയിട്ടുണ്ട്. പുതിയ അക്കൗണ്ട് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ലൊക്കേഷൻ, ആയുധങ്ങൾ, ഗെയിം രീതി അടക്കം ബാക്കിയെല്ലാം പബ്ജിക്കു സമാനം തന്നെയാണ്.
ചൈനീസ് ആപ്ലിക്കേഷനുകൾക്കെതിരായ നടപടിയുടെ കൂട്ടത്തിലാണ് പബ്ജി ഇന്ത്യയിൽ നിരോധിക്കപ്പെടുന്നത്. നിരോധനത്തിനു പിറകെ ദക്ഷിണ കൊറിയൻ കമ്പനി ക്രാഫ്റ്റൺ രംഗത്തെത്തി ആപ്ലിക്കേഷൻ പുതിയ പേരിലും കൂടുതൽ സുരക്ഷാസംവിധാനങ്ങളോടെയും വീണ്ടും അവതരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.