ആപ്പിള്‍ ഉപയോക്താക്കള്‍ ഡിജിറ്റര്‍ അടിമകളാണെന്ന് ടെലിഗ്രാം സ്ഥാപകൻ
|ഞങ്ങളുടെ ഐ.ഒ.എസ് ആപ്ലിക്കേഷൻ പരീക്ഷിക്കാൻ ഒരു ഐഫോൺ ഉപയോഗിക്കുമ്പോഴെല്ലാം വീണ്ടും മധ്യകാലഘട്ടത്തിലേക്ക് പോകുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്
ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ ആപ്പിളിന്റെ 'ഡിജിറ്റൽ അടിമ'കളാണെന്ന് ടെലിഗ്രാം സ്ഥാപകൻ പവൽ ഡുറോവ്. ചൈനയുമായുള്ള ആപ്പിളിന്റെ ബന്ധം എടുത്തുകാണിക്കുന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഡുറോവ് ആപ്പിളിനെക്കുറിച്ച് തൻ്റെ ടെലിഗ്രാം ചാനലിലൂടെ പ്രതികരിച്ചത്. ആൻഡ്രോയിഡ് ഫോണുകൾ ഐഫോണുകളേക്കാൾ മികച്ചതാണെന്നാണ് ഡുറോവ് കരുതുന്നത്.
"ആപ്പിൾ അവരുടെ ബിസിനസ്സ് മോഡൽ പിന്തുടരുന്നതിൽ വളരെ കാര്യക്ഷമമാണ്, അത് അവരുടെ ഇക്കോസിസ്റ്റത്തിൽ ലോക്ക് ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് അമിതവിലയും കാലഹരണപ്പെട്ട ഹാർഡ്‌വെയറും വിൽക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്," ഡുറോവ് പറഞ്ഞു. "ഞങ്ങളുടെ ഐ.ഒ.എസ് ആപ്ലിക്കേഷൻ പരീക്ഷിക്കാൻ ഒരു ഐഫോൺ ഉപയോഗിക്കുമ്പോഴെല്ലാം വീണ്ടും മധ്യകാലഘട്ടത്തിലേക്ക് പോകുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. കൂടുതൽ സുഗമമായ ആനിമേഷനുകളെ പിന്തുണയ്‌ക്കുന്ന ആധുനിക ആൻഡ്രോയിഡ് ഫോണുകളുടെ 120Hz ഡിസ്‌പ്ലേകളുമായി ഐഫോണിന്റെ 60Hz ഡിസ്‌പ്ലേകൾക്ക് മത്സരിക്കാനാവില്ല" അദ്ദേഹം വ്യക്തമാക്കി. ഐ ഫോൺ കാരണം ഒരാള്‍ ആപ്പിളിന്റെ "ഡിജിറ്റൽ അടിമ" ആക്കുന്നു, കാരണം ആപ്പ് സ്റ്റോർ വഴി ഇൻസ്റ്റാൾ ചെയ്യാൻ കമ്പനി അനുവദിക്കുന്ന ആപ്ലിക്കേഷനുകൾ മാത്രമേ ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ അനുവാദമുള്ളൂ.
ഐഒഎസുകളിലേക്കാണ് ടെലിഗ്രാം ആദ്യമായി ലോഞ്ച് ചെയ്തത് എന്നതാണ് രസകരമായ കാര്യം. 2013ൽ മാത്രമാണ് ആൻഡ്രോയിഡ് ഉപയോക്തക്കൾക്കായി ടെലിഗ്രാം ആരംഭിച്ചത്.