സംസാരപ്രിയര്‍ക്കും കേള്‍വിക്കാര്‍ക്കുമായി ഒരു സോഷ്യല്‍ മീഡിയ; എന്താണ് ക്ലബ്ഹൗസ്?
|നമുക്ക് നമ്മുടെ വീട്ടിലെ ഒരു റൂമില്‍ ഇരുന്ന് സുഹൃത്തുക്കളോട് നേരിൽ സംസാരിക്കുന്ന പോലെ ഓണ്‍ലൈനിൽ സംസാരിക്കാനാവുന്ന ഒരു പ്ലാറ്റ്ഫോം ആണ് ക്ലബ്ഹൗസ്
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായ് സാമൂഹ്യമാധ്യമങ്ങളില്‍ വളരെയധികം ചർച്ചകൾ നടക്കുന്ന ഒരു ആപ്പ് ആണ് ക്ലബ്ഹൗസ് (Clubhouse). ഇനി കുറച്ചു ദിവസങ്ങൾ ക്ലബ്ഹൗസിന്റേതു കൂടി ആയിരിക്കും.
എന്താണ് ക്ലബ്ഹൗസ്?
ശബ്‌ദത്തെ അടിസ്ഥാനമാക്കിയുള്ള സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമാണ് ക്ലബ്‌ഹൗസ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആളുകൾക്ക് സംസാരിക്കാനും കേൾക്കാനും ഒത്തുചേരാനും ആശയങ്ങൾ പങ്കിടാനും ചർച്ച ചെയ്യാനും പഠിക്കാനും പുതിയ ആളുകളെ കണ്ടുമുട്ടാനും സൗഹൃദങ്ങൾ വർദ്ധിപ്പിക്കാനും ഉപയുക്തമായ തത്സമയ ഓഡിയോ ആപ്ലിക്കേഷനാണ് ക്ലബ്‌ഹൗസ്.സംസാരിക്കാനും കേൾക്കാനും വെർച്വൽ റൂം ആപ്ലിക്കേഷൻ ഹോസ്റ്റുചെയ്യുന്നു.
നമുക്ക് നമ്മുടെ വീട്ടിലെ ഒരു റൂമില്‍ ഇരുന്ന് സുഹൃത്തുക്കളോട് നേരിൽ സംസാരിക്കുന്ന പോലെ ഓണ്‍ലൈനിൽ സംസാരിക്കാനാവുന്ന ഒരു പ്ലാറ്റ്ഫോം ആണ് ക്ലബ്ഹൗസ്. 5000 പേർക്ക് വരെ ഒരേ സമയം സംഭാഷണങ്ങളിൽ പങ്കെടുക്കാനുള്ള സൗകര്യം ഇതിലുണ്ട്. വെറുതേ സംസാരിക്കാനാണോ ഈ ആപ്പ്? അല്ല നമുക്ക് താല്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കാനും, ലോകത്തെവിടെയുമുള്ള ചർച്ചകളിൽ പങ്കെടുക്കാനും, പാട്ടുകേൾക്കാനും, സംസാരിക്കാനും ഉള്ള വലിയ സാധ്യതകൾ തരുന്ന ഒരു ആപ്പാണിത്. ക്ലബ്ഹൗസിൽ വീഡിയോ, ഇമേജ്, ടെക്സ്റ്റ് ഒന്നും സപ്പോര്‍ട്ട് ചെയ്യില്ല. ശബ്ദം മാത്രം അടിസ്ഥാനമായ ഒരു ആപ്പ് എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ നേട്ടവും, പുതുമയും.
ക്ലബ്ഹൗസിന്റെ വെല്ലുവിളി മറികടക്കാന്‍ ട്വിറ്ററും ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും ടെലഗ്രാമും ഓഡിയോ കോളിംഗ് സവിശേഷതകൾ ചേർക്കാൻ ശ്രമിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ട്വിറ്ററിലും ടെലഗ്രാമിലും ഇപ്പോള്‍ തന്നെ സമാനമായ ഓഡിയോ ചാറ്റ് നിലവിലുണ്ട്.
എന്താണ് ക്ലബ്ഹൗസിൻ്റെ പ്രത്യേകതകൾ?
സൂം, ഗൂഗിള്‍മീറ്റ് തുടങ്ങിയ ലൈ വീഡിയോ, ഓഡിയോ ആപ്പിൽ നിന്നും വിഭിന്നമായി വോയിസ് ചാറ്റിലൂടെ ആശയവിനിമയത്തിൻ്റെ അനന്തമായ സാധ്യതകൾ തുറന്നു തരുന്ന ഒരു വെര്‍ച്വല്‍ ഇടമാണ് ക്ലബ്ഹൗസ്.
ആർക്കൊക്കെ ജോയിന്‍ ചെയ്യാം:-
കഴിഞ്ഞ വർഷം മാര്‍ച്ചിൽ ആപ്പിള്‍ ഐ.ഒ.എസിൽ ആരംഭിച്ച ആപ്പ് ഈ വർഷം മാർച്ചിലാണ് ആന്‍ഡ്രോയിഡ് ബീറ്റ പുറത്തിറക്കിയത്. ഇന്ത്യയിൽ ഈ വര്‍ഷം മെയ് 21 ന് തുടക്കം കുറിച്ച ക്ലബ്ഹൗസിന് ലോക്ക് ഡൗണിൽ പെട്ടന്നു തന്നെ വളരെയധികം പ്രചാരം ലഭിച്ചു. ആപ്പിള്‍ സ്റ്റോറില്‍ നിന്ന് പ്ലേ സ്റ്റോറില്‍ നിന്നും ആർക്കും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ്പില്‍ കയറാൻ ഒരാളുടെ ഇന്‍വൈറ്റ് ആവശ്യമാണ്.ഒരു മെമ്പര്‍ക്ക് ആകെ 4 ഇന്‍വൈറ്റ് മാത്രമാണ് ലഭിക്കുക. ഇന്‍വൈറ്റ് ലഭിക്കാത്തവർക്ക് ആപ്പ് ഉപയോഗിക്കാന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വൈറ്റിംഗ് ലിസ്റ്റില്‍ നിന്നാൽ ക്ലബ്ഹൗസിൽ നിലവിലുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിങ്ങളെ ആഡ് ചെയ്യാർ സാധിക്കും.
ഏതെക്കെ മേഖലയിൽ ഉള്ളവർക്കാണ് ഉപകാരപ്രദം?
Discussion, Talks, മ്യൂസിക്, ടീച്ചിങ് തുടങ്ങിയവയിൽ താല്പര്യമുള്ള ആർക്കും ക്ലബ്ഹൗസ് ഇഷ്ടപ്പെടും. നിങ്ങൾക്കാവശ്യമുള്ള Chat Room കളിൽ കയറാനും, അനുവാദമുണ്ടെങ്കിൻ സംസാരിക്കാനും എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോരാനും സാധിക്കും. കൂടാതെ ഓപ്പൺ- സോഷ്യൽ - ക്ലോസ്ഡ് എന്നിങ്ങനെ വ്യത്യസ്ഥമായ റൂമുകൾ ക്രിയേറ്റ് ചെയ്ത് നിങ്ങൾക്ക് ചർച്ചകളും സംസാരങ്ങളും തുടങ്ങാനും സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെ മൊബൈല്‍ നമ്പർ വഴിയാണ് ക്ലബ്ഹൗസ് വര്‍ക്ക് ചെയ്യുന്നത്. ക്ലബ്ഹൗസ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോൾ നിങ്ങൾക്ക് താല്പര്യമുള്ള മേഖലകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. അതിനനുസരിച്ച് നിങ്ങളുടെ App Feedൽ Suggestions വരും. കൂടാതെ ഇഷ്ടമുള്ള ആളുകളെ Follow ചെയ്യാനുമുള്ള Options ഉം ഉണ്ട്. ക്ലബ്ഹൗസ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോൾ കാണിക്കുന്ന ലിസ്റ്റ് വിശദമായി പരിശോധിച്ച ശേഷം താലപര്യമുള്ള ആളുകളെ ആഡ് ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലെങ്കിൽ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഇഷ്ടമുള്ള ആളുകളെ പിന്നീട് ആഡ് ചെയ്താലും മതിയാകും.
പരിമിധികള്‍
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഗൂഗിള്‍ പോലെയുള്ള വന്‍കിട കമ്പനികള്‍ വ്യക്തികളുടെ ചാറ്റ് അടക്കമുള്ള സ്വകാര്യതകൾ ശേഖരിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണല്ലോ. ക്ലബ്ഹൗസും ഉപഭോക്താക്കളുടെ വിവരങ്ങൾ സംസാരങ്ങൾ എന്നിവ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെങ്കിലും ഇപ്പോൾ ശേഖരിച്ച് വെക്കുന്നില്ല എന്നാണ് പറയുന്നത്, ഭാവിയിൽ ശേഖരിച്ചേക്കാം എന്നും. നിലവിൽ റൂമിലെ സംസാരം അവസാനിച്ച ശേഷം കുറ്റകമായ ഉള്ളടക്കങ്ങളൊന്നും ഇല്ലെങ്കിൽ റെക്കോര്‍ഡും റൂമും വോയിസുകളും ഡിലീറ്റ് ആകും. ഡാറ്റകൾ എവിടേയും സേവ് ചെയ്യപ്പെടുന്നില്ല. പക്ഷേ നമ്മളുടെ ഫോണ്‍ കോളുകൾ പോലും കമ്പനികൾ നിരീക്ഷിക്കുന്ന ഈ കാലഘട്ടത്തിൽ റൂമുകളിലെ സംസാരങ്ങൾ ദൂരെ ഇരുന്ന് ആരെങ്കിലും ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയുകയുമില്ല. കൂടാതെ ഓഡിയോ റെക്കോര്‍ഡ് ചെയ്യുക എന്നതിന് അർത്ഥം അവ Encrypted അല്ല എന്നുമാണ്.
സ്ഥാപകർ
പോൾ ഡേവിസൺ, റോഹൻ സേത്ത് എന്നിവർ ചേർന്ന് 2019 ൽ പോഡ്കാസ്റ്റിങ്ങിന് വേണ്ടി ഡിസൈൻ ചെയ്ത പ്ലാറ്റ്ഫോം ആണിത്. ഈ ദിവസം വരെ 10 മില്യൺ ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ട്.