യു.എസ് ഓപണില്‍ റോജര്‍ ഫെഡറര്‍ക്ക് പറ്റിയതെന്ത്?
|ഓസ്ട്രേലിയന്‍ താരം ജോണ്‍ മില്‍മാനാണ് രണ്ടാം സീഡായ ഫെഡററെ അട്ടിമറിച്ചത്.
അപ്രതീക്ഷിതമായിരുന്നു ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ യു.എസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പുറത്തായത്. ഓസ്ട്രേലിയന്‍ താരം ജോണ്‍ മില്‍മാനാണ് ഫെഡ് എക്സ്പ്രസിനെ അട്ടിമറിച്ചത്. 50ലും മുകളില്‍ റാങ്കിങ് ഉള്ള ഒരാളുമായി ഫെഡറര്‍ ഏറ്റമുട്ടുമ്പോള്‍ തന്നെ ഏവരും ഫെഡററുടെ വിജയം പ്രതീക്ഷിച്ചതാണ്. ആ നിലക്കായിരുന്നു ആദ്യ സെറ്റും. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് സെറ്റുകളും ഫെഡറര്‍ തോറ്റതോടെ ടെന്നീസ് പ്രേമികള്‍ അമ്പരന്നു. സ്കോര്‍: 6-3, 5-7,6-7,6-7
Gracious and classy as always.
— US Open Tennis (@usopen) September 4, 2018
Until next time, @rogerfederer...#USOpen pic.twitter.com/zxPLUSbFuD
പക്ഷേ തോല്‍വിയില്‍ ചില അസ്വാഭാവികതകളുണ്ടെന്ന് വേണം മത്സര ശേഷം ഫെഡറര്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് മനസിലാക്കാന്‍. കാലാവസ്ഥ വില്ലനായി എന്ന് ഫെഡറര്‍ വ്യക്തമാക്കുന്നു. മത്സരത്തിലുടനീളം ശ്വസിക്കാന്‍ തന്നെ നന്നായി ബുദ്ധിമുട്ടി, അന്തരീക്ഷത്തിലെ ഈര്‍പ്പം തന്നെ തളര്‍ത്തിയെന്നും ഫെഡറര്‍ പറഞ്ഞു. അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെടാനായല്ല, എന്നെ സംബന്ധിച്ച് പുതിയൊരു അനുഭവമാണ്, മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു, എനര്‍ജി നഷ്ടപ്പെടാന്‍ അത് മതിയായിരുന്നുവെന്നും താരം പറഞ്ഞു.
പക്ഷെ ജോണ്‍ മില്‍മാന്റെ കഴിവിനെ പുകഴ്ത്താനും താരം മറന്നില്ല, നന്നായി തന്നെ ജോണ്‍ കളിച്ചു, സാഹചര്യവുമായി നന്നായി പെരുമാറാനും അദ്ദേഹത്തിനായി, ഒരു പക്ഷേ ഇത്തരത്തിലുള്ള കാലാവസ്ഥയുമായി ഇണക്കമുള്ള നാട്ടുകാരനായത് അദ്ദേഹത്തിന് ഗുണമായെന്നും ഫെഡറര്‍ പറയുന്നു. യുഎസ് ഓപണ്‍ കരിയറില്‍ ആദ്യമായാണ് 50ന് മുകളില്‍ റാങ്കിങ് ഉള്ള ഒരു താരത്തിനോട് ഫെഡറര്‍ തോല്‍ക്കുന്നത്. അതും ആദ്യ റൗണ്ടില്‍. ഇതിഹാസ താരമായ ഫെഡററെ 55ാം റാങ്കുകാരനായ താന്‍ തോല്‍പിച്ചുവെന്നതിന്റെ ആത്മവിശ്വാസവുമായി ജോണിന് ഇനി അടുത്ത റൗണ്ടില്‍ കളിക്കാം.