യൂട്യൂബർ മല്ലു ട്രാവലറിനെതിരെയുള്ള പീഡന കേസിൽ ഇന്റലിജൻസ് ബ്യൂറോ അന്വേഷണമാരംഭിച്ചു
|സൗദി യുവതിയുടെ പരാതിയിലാണ് ഐ.ബിയുടെ അന്വേഷണം
കൊച്ചി: യൂട്യൂബർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെതിരെയുള്ള പീഡന കേസിൽ ഇന്റലിജൻസ് ബ്യൂറോ അന്വേഷണമാരംഭിച്ചു. സൗദി യുവതിയുടെ പരാതിയിലാണ് ഐ.ബിയുടെ അന്വേഷണം. സൗദി കോൺസുലേറ്റിലും, എംബസിയിലും നൽകിയ പരാതിയിലാണ് നടപടി. ഷാക്കിർ സുബ്ഹാനെതിരെയുള്ള പൊലീസ് നടപടികളുടെ വിവരങ്ങൾ ഐ.ബി ശേഖരിക്കുകയും ചെയ്തു.
സംഭവത്തിൽ നേരത്തെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. സെപ്റ്റംബർ 13ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണു വിവരം. അഭിമുഖത്തിനെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയത്. കോഴിക്കോട് സ്വദേശിയായ പ്രതിശ്രുത വരനൊപ്പമാണ് ഇവർ എത്തിയിരുന്നത്. അഭിമുഖത്തിനിടെ യുവാവ് പുറത്തുപോയ സമയത്ത് ഹോട്ടൽ മുറിയിൽ വെച്ച് കയറിപ്പിടിക്കുകയായിരുന്നുവെന്നാണു പരാതിയിൽ പറയുന്നത്.
കണ്ണൂർ സ്വദേശിയായ ഷാക്കിർ നിലവിൽ വിദേശത്താണുള്ളത്. നാട്ടിൽ തിരിച്ചെത്തിയാൽ അറസ്റ്റ് നടപടികളിലേക്കു കടക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.