International Old
മദ്രസകള്‍ അടച്ചുപൂട്ടും, ബുര്‍ഖ നിരോധിക്കും; ദേശീയ സുരക്ഷയില്‍ ആശങ്കയെന്ന് ശ്രീലങ്ക
International Old

മദ്രസകള്‍ അടച്ചുപൂട്ടും, ബുര്‍ഖ നിരോധിക്കും; ദേശീയ സുരക്ഷയില്‍ ആശങ്കയെന്ന് ശ്രീലങ്ക

|
13 March 2021 3:28 PM GMT

'ശ്രീലങ്കയിലെ മുസ്‍ലിം വനിതകൾ മുൻകാലത്ത് ബുർഖ ധരിച്ചിരുന്നില്ല. ബുർഖ ധരിക്കുന്ന രീതി അടുത്തിടെ നിലവില്‍ വന്നതാണ്. ഇത് മതതീവ്രവാദത്തിന്‍റെ അടയാളമാണ്. തീർച്ചയായും ഞങ്ങൾ അത് നിരോധിക്കും' മന്ത്രി പറഞ്ഞു.

ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍. ആയിരത്തിലേറെ മദ്രസകള്‍ നിരോധിക്കാനും നീക്കമുണ്ട്. ബുര്‍ഖ നിരോധനത്തിനുള്ള തീരുമാനത്തിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര പറഞ്ഞു. ദേശീയ സുരക്ഷ ആശങ്ക കണക്കിലെടുത്താണ് നടപടിയാണെന്നാണ് മന്ത്രിയുടെ അവകാശവാദം. എന്നാൽ, തീരുമാനത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്.

'ശ്രീലങ്കയിലെ മുസ്‍ലിം വനിതകൾ മുൻകാലത്ത് ബുർഖ ധരിച്ചിരുന്നില്ല. ബുർഖ ധരിക്കുന്ന രീതി അടുത്തിടെ നിലവില്‍ വന്നതാണ്. ഇത് മതതീവ്രവാദത്തിന്‍റെ അടയാളമാണ്. തീർച്ചയായും ഞങ്ങൾ അത് നിരോധിക്കും' -മന്ത്രി പറഞ്ഞു. ശ്രീലങ്കയിൽ പള്ളികൾക്കും ഹോട്ടലുകൾക്കും നേരെയുണ്ടായ ആക്രമണത്തെ തുടർന്ന്

2019ൽ ബുർഖ ധരിക്കുന്നതിന് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയിരുന്നു. ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ 250ലേറെ പേരാണ് അന്ന് കൊല്ലപ്പെട്ടത്. സുരക്ഷയുടെ പേരിൽ ബുർഖ നിരോധിക്കാനുള്ള നീക്കത്തിനെതിരെ ആക്ടിവിസ്റ്റുകൾ ഉൾപ്പെടെ അന്ന് പ്രതിഷേധമുയർത്തിയിരുന്നു.

മുസ്‍ലിം സ്ത്രീയുടെ മതപരമായ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് നിരോധനമെന്നാണ് ഇവര്‍ പറയുന്നത്. രാജ്യത്തെ മുസ്‍ലിം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദേശീയ വിദ്യാഭ്യാസ നയങ്ങൾ ലംഘിക്കുന്നുവെന്നും അതിനാലാണ് അടച്ചുപൂട്ടുന്നതെന്നും മന്ത്രി വീരശേഖര പറഞ്ഞു.

നേരത്തെ, കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കായി നിർദേശങ്ങൾ നൽകിയപ്പോഴും മുസ്‍ലിം മതവിഭാഗങ്ങളെ സർക്കാർ പരിഗണിച്ചിരുന്നില്ല. എല്ലാ മൃതദേഹങ്ങളും ദഹിപ്പിക്കണമെന്ന ഉത്തരവ് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്താരാഷ്ട്രതലത്തിൽ പ്രതിഷേധമുയർന്നതോടെയാണ് സർക്കാർ ഉത്തരവ് പിൻവലിച്ചത്.

Similar Posts