മുസ്‍ലിം സംഘടനകള്‍ പങ്കെടുത്തത് നേട്ടം; ഏകസിവില്‍ കോഡിനെതിരായ സെമിനാര്‍ വിജയമെന്ന് സി.പി.എം വിലയിരുത്തല്‍
|കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയതും സി.പി.ഐയുടെ അതൃപ്തിയും വരുംദിവസങ്ങളിലും ചര്‍ച്ചയാകും
കോഴിക്കോട്: വിവാദങ്ങള്‍ക്കിടയിലും മുസ്‍ലിം ക്രൈസ്തവ നേതാക്കളെ അണിനിരത്തി ഏക സിവില്‍കോഡിനെതിരായ സെമിനാര്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞത് വിജയമെന്ന വിലയിരുത്തലില്‍ സി.പി.എം. സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ തുടര്‍ന്നും ഏക സിവില്‍ കോഡ് പ്രക്ഷോഭങ്ങളില്‍ സഹകരിക്കുമെന്ന് പറഞ്ഞത് സിപിഎമ്മിന് നേട്ടമായി.
കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയതും സി.പി.ഐയുടെ അതൃപ്തിയും വരുംദിവസങ്ങളിലും ചര്‍ച്ചയാകും. മുസ്‍ലിംലീഗിനെ പരിപാടിയിലേക്ക് ക്ഷണിച്ചതില്‍ തുടങ്ങി ഇ.പി ജയരാജന്റെ അസാന്നിധ്യം വരെ ചര്‍ച്ചയായ വിവാദങ്ങള്‍ക്കിടയിലും ഏക സിവില്‍കോഡിനെതിരായ സെമിനാര്‍ വിജയകരമായി നടത്താന്‍ കഴിഞ്ഞെന്ന വിലയിരുത്തലിലാണ് സി.പി.എം.സമസ്ത ഉള്‍പ്പെടെയുള്ള മുസ്‍ലിം സംഘടനകളുടെ സാന്നിധ്യം സെമിനാറില്‍ ഉറപ്പാക്കണമെന്ന ലക്ഷ്യം വിജയിച്ചെന്നാണ് സി.പി.എം വിലയിരുത്തല്‍.
സമസ്തയിലെ എതിരഭിപ്രായങ്ങളെ സമസ്ത നേതാവ് തന്നെ സെമിനാറില്‍ തള്ളിപ്പറഞ്ഞത് സിപിഎമ്മിന് നേട്ടമായി. എല്ലാവിഭാഗങ്ങളെയും ചേര്‍ത്തുനിര്‍ത്തിയുള്ള പോരാട്ടമെന്ന് സിപിഎം ആവര്‍ത്തിക്കുമ്പോഴും ദേശീയ തലത്തിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനെ സഹകരിപ്പിക്കാതെ സിപിഎമ്മിന് ദേശീയ തലത്തില്‍ എങ്ങനെ മുന്നോട്ടുപോകാനാകുമെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്.. കേരളത്തിലെ സി.പി.എം നേതാക്കള്‍ ഉന്നയിക്കുന്ന പോലെ ഏകസിവില്‍ കോഡിലെ കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മയെ സീതാറാം യെച്ചൂരി പ്രസംഗത്തില്‍ പരാമര്‍ശിക്കാത്തതും ശ്രദ്ധേയമാണ്.
ഏകസിവില്‍ കോഡിനെതിരായ നീക്കത്തോട് യോജിക്കുമ്പോഴും വ്യക്തി നിയമത്തില്‍ മാറ്റം വരുത്തുക, ലിംഗസമത്വം കൊണ്ടുവരിക തുടങ്ങിയ നിലപാടുകളോട് വിയോജിപ്പ് തന്നെയാണെന്ന് സെമിനാര്‍ പങ്കെടുത്ത മുജാഹിദ് ഉള്‍പ്പെടെയുള്ള മുസ്‍ലിം സംഘടനാ നേതാക്കള്‍ ഉണര്‍ത്തിയിരുന്നു. മുസ്‍ലിം ലീഗിനെ ക്ഷണിച്ചതിനെ തുടര്‍ന്ന് സി.പി.ഐക്കുണ്ടായ അതൃപ്തി പൂര്‍ണമായി പരഹരിച്ചില്ലെന്നതിന്റെ സൂചനയായി സെമിനാറിലെ സി.പി.ഐയുടെ പ്രധാന നേതാക്കളുടെ അസാന്നിധ്യം. സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് ശേഷം സി.പി.ഐക്ക് മുമ്പായി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ക്ഷണിച്ചതും സിപിഐ പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.