മൂക്കുകുത്തി വീണ് ക്രിപ്റ്റോ കറൻസി; നഷ്ടമായത് ലക്ഷം കോടി ഡോളർ!
|ജനപ്രിയ കറൻസിയായ ബിറ്റ്കോയിനാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്
ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ക്രിപ്റ്റോ കറൻസികൾക്ക് വിപണിയിൽ നേരിട്ട തിരിച്ചടി തുടരുന്നു. ക്രിപ്റ്റോ വിപണിയിൽനിന്ന് ഇതുവരെ ഒരു ലക്ഷം കോടി മൂല്യമുള്ള കറൻസികൾ തുടച്ചുനീക്കപ്പെട്ടതായി ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്യുന്നു. ജനപ്രിയ കറൻസിയായ ബിറ്റ്കോയിനാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. മൂല്യത്തിൽ 600 ബില്യൺ യുഎസ് ഡോളറിന്റെ നഷ്ടമാണ് ബിറ്റ്കോയിനുണ്ടായതെന്ന് യുഎസ് നിക്ഷേപ ഗ്രൂപ്പായ ബെസ്പോക് ഇൻവസ്റ്റ്മെന്റ് ഗ്രൂപ്പ് പറയുന്നു.
ശനിയാഴ്ച മാത്രം ഏകദേശം എട്ടു ശതമാനത്തിന്റെ ഇടിവാണ് ബിറ്റ്കോയിന്റെ മൂല്യത്തിലുണ്ടായത്. നിലവിലെ മൂല്യം 35,700 ഡോളർ (ഏകദേശം 26 ലക്ഷം രൂപ). കോയിൻമാർക്കറ്റ്ക്യാപ് ഡോട് കോമിന്റെ കണക്കു പ്രകാരം നവംബറിൽ ഇത് 69,000 ഡോളറായിരുന്നു. ഏതാനും സമയം കൊണ്ട് 40 ശതമാനം ഇടിവാണ് ബിറ്റ്കോയിനുണ്ടായത്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്റ്റോ കറൻസിയായ എതെറിന് മുപ്പത് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ മാത്രം 15 ശതമാനം വീഴ്ചയുണ്ടായി. നാലാമത്തെ വലിയ കോയിനായ ബിനാൻസിന്റെ മൂല്യത്തിൽ രേഖപ്പെടുത്തിയത് 17 ശതമാനം ഇടിവ്. കാർഡനോയ്ക്ക് 15 ശതമാനത്തിന്റെയും ഡോഗെകോയിനിന് 13 ശതമാനത്തിന്റെയും ഇടിവുണ്ടായി.
എന്താണ് പ്രശ്നം?
ക്രിപ്റ്റോ കറൻസികളുടെ ഉപയോഗം (use and mining) നിരോധിക്കാനുള്ള റഷ്യൻ സെൻട്രൽ ബാങ്കിന്റെ നിർദേശമാണ് വിപണിയിൽ ഭീതി വിതയ്ക്കുന്ന സാഹചര്യമുണ്ടാക്കിയത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിനും ധനനയ പരമാധികാരത്തിനും ഭീഷണി ഉയർത്തുന്നു എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ക്രിപ്റ്റോ കറൻസികൾ നിരോധിക്കാനുള്ള നിർദേശം റഷ്യൻ ബാങ്ക് മുമ്പോട്ടുവച്ചത്. ക്രിപ്റ്റോ കറൻസികളുമായി ബന്ധപ്പെട്ട ഒരിടപാടും വേണ്ടെന്ന കർശന നിർദേശമാണ് ബാങ്കിന്റെ റിപ്പോർട്ടിലുണ്ടായിരുന്നത്. ക്രിപ്റ്റോ വിനിമയത്തിനടക്കം (ടോക്കൺ) നിരോധനം വേണമെന്നായിരുന്നു നിർദേശം. അഞ്ചു ബില്യൺ യുഎസ് ഡോളറിന്റെ വാർഷിക ക്രിപ്റ്റോ വിനിമയമാണ് റഷ്യയിൽ നടക്കുന്നതെന്നാണ് കണക്ക്.
മറ്റു ഘടങ്ങൾ എന്തെല്ലാം?
ക്രിപ്റ്റോ കറൻസി അടിയന്തരമായി നിരോധിക്കണമെന്ന റഷ്യൻ സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ട് വരുന്നതിന് മുമ്പു തന്നെ ക്രിപ്റ്റോ വിപണിയുടെ വലിയ വിഭാഗവും നഷ്ടത്തിലാണ് വ്യാപാരം നടത്തിക്കൊണ്ടിരുന്നത്. മാർച്ചിൽ പലിശ നിരക്കുകൾ വർധിപ്പിക്കാനുള്ള യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനമാണ് ഇതിൽ ആദ്യത്തേത്.
രാജ്യത്തെ പണപ്പെരുപ്പം കുറയ്ക്കാനാണ് ലോകത്തെ ഏറ്റവും വലിയ സെൻട്രൽ ബാങ്കായ യുഎസ് ഫെഡറൽ റിസർവ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഇതോടെ, ക്രിപ്റ്റോ കറൻസി, ടെക് ഇക്വിറ്റി, ഗ്രോത്ത് സ്റ്റോക്സ് തുടങ്ങിയ ബുദ്ധിമുട്ടുള്ള നിക്ഷേപങ്ങൾ വിറ്റഴിക്കപ്പെട്ടു.
നേരത്തെ, ചൈന ക്രിപ്റ്റോ കറൻസികൾ നിരോധിച്ചപ്പോഴും സമാനമായ ഇടിവു രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഇവ മൂല്യം തിരിച്ചുപിടിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബിറ്റ്കോയിൻ മൈനിങ് ഹബ്ബാണ് റഷ്യ. യുഎസാണ് ആദ്യത്തെ രാഷ്ട്രം. രണ്ടാമത്തേത് കസാക്കിസ്ഥാനും.
എന്താണ് ക്രിപ്റ്റോ കറൻസി?
ഡിജിറ്റൽ പണമാണ് ക്രിപ്റ്റോകറൻസികൾ. അവ കാണാനോ സ്പർശിക്കാനോ കഴിയില്ലെങ്കിലും മൂല്യമുണ്ട്. എന്നാൽ ഇന്ത്യയിലെ റിസർവ് ബാങ്ക്, യുഎസ് ഫെഡറൽ റിസർവ് പോലെ ഒരു കേന്ദ്രീകൃത അതോറിറ്റി ഇതിനില്ല. ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
വിവിധ എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ക്രിപ്റ്റോകറൻസികൾ വാങ്ങാനാകും. നിക്ഷേപകർക്ക് ഗൂഗ്ൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പുകൾ ഡൗൺലോഡു ചെയ്യാനാകും. ആപ്പുകൾ സൈൻ അപ്പ് ചെയ്ത് കെവൈസി പ്രക്രിയ പൂർത്തിയാക്കുക. തുടർന്ന് വാലറ്റിലേക്ക് പണം കൈമാറ്റി ഇഷ്ടമുള്ള കോയിനുകൾ വാങ്ങാം. എക്സ്ചേഞ്ച് പ്ലാറ്റ് ഫോം ഉപയോഗിച്ച് ഏതു ക്രിപ്റ്റോ കറൻസിയും രൂപയടക്കമുള്ള മറ്റു ഫിസിക്കൽ കറൻസികളിലേക്ക് മാറ്റാൻ കഴിയും.
'ശതോഷി നാക്കോമോട്ടോ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ് 2008-ൽ ക്രിപ്റ്റോ കറൻസി എന്ന ആശയം മുന്നോട്ടുവച്ചത്. ഭൗതിക രൂപമില്ലാത്ത, ക്രിപ്റ്റോഗ്രാഫി സംവിധാനം ഉപയോഗിച്ചുകൊണ്ട് 'ഡാറ്റ മൈനിങ്ങി'ലൂടെ നിലവിൽവന്ന ഡിജിറ്റൽ കറൻസിയാണ് ക്രിപ്റ്റോ കറൻസികൾ.
Summary: The market for international cryptocurrencies, including Bitcoin, continues to decline. Bloomberg reports that one trillion dollars worth of currencies have been wiped out of the crypto market so far. Bitcoin, the popular currency, suffered the biggest setback. Bespoke Investment Group, a US investment group, estimates that Bitcoin has lost $ 600 billion in value.