'രാജ്ഭവനിലെ പൂജാമുറി തുറന്ന് വിളക്കു കത്തിക്കാൻ ഒരു മുസ്ലിം വേണ്ടി വന്നു'
|"എത്രയോ ഹിന്ദു ഗവർണാർ കേരളം ഭരിച്ചിട്ടുണ്ട്. രാജ്ഭവൻ വാണിട്ടുണ്ട്. എന്നാൽ ഈ പൂജാമുറി വൃത്തിയാക്കുവാനും അന്തിത്തിരി കത്തിക്കുവാനും ഒരു മുസൽമാൻ വേണ്ടി വന്നു"
തിരുവനന്തപുരം: രാജ്ഭവനിൽ മാറാല പിടിച്ചു കിടന്നിരുന്ന പൂജാമുറി തുറന്ന് വിളക്കു കൊളുത്തിയത് മുസ്ലിമായ ആരിഫ് മുഹമ്മദ് ഖാനെന്ന് ഗവർണറുടെ അഡീഷണൽ പഴ്സണൽ അസിസ്റ്റന്റ് ഹരി എസ് കർത്താ. വിളക്കു കൊളുത്താനായി ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹരി എസ് കര്ത്താ.
'രാജ്ഭവനിൽ ഒരു പൂജാ മുറിയുണ്ട്. 140ലേറെ വർഷം പഴക്കമുണ്ട് രാജ്ഭവന്. അത് പണ്ട് രാജാക്കന്മാരുടെ അതിഥി മന്ദിരമായിരുന്നു. അവിടെ ഒരു പൂജാമുറിയുണ്ട്. പതിറ്റാണ്ടുകളായി അടഞ്ഞുകിടന്നിരുന്ന ഒരു പൂജാമുറി. അവിടെ നിലവിളക്കു കൊളുത്താറുണ്ടായിരുന്നില്ല. മാറാല പിടിച്ച് വൃത്തിയാക്കാതെ കിടന്നിരുന്ന ഒരു മുറി ആരിഫ് മുഹമ്മദ് ഖാൻ എന്ന മുസ്ലിം ഗവർണർ വന്നപ്പോൾ അതു തുറന്നു, വൃത്തിയാക്കി, എന്നും രാവിലെയും വൈകുന്നേരവും അവിടെ നിലവിളക്കു കൊളുത്തുന്നു. വിളക്കു കൊളുത്താൻ വേണ്ടി പ്രത്യേകം ഒരാളിനെ ചുമതലപ്പെടുത്തിയിരിക്കുന്നു. എത്രയോ ഹിന്ദു ഗവർണാർ കേരളം ഭരിച്ചിട്ടുണ്ട്. രാജ്ഭവൻ വാണിട്ടുണ്ട്. എന്നാൽ ഈ പൂജാമുറി വൃത്തിയാക്കുവാനും അന്തിത്തിരി കത്തിക്കുവാനും ഒരു മുസൽമാൻ വേണ്ടി വന്നു.' - അദ്ദേഹം പറഞ്ഞു.
'ഹിന്ദുത്വവുമായി പുലബന്ധം പോലുമില്ലാത്ത വ്യക്തികളും പ്രസ്ഥാനങ്ങളും പല അവസരങ്ങളിലും രാഷ്ട്രീയ ഹിന്ദുത്വത്തെ ഉയർത്തിപ്പിടിക്കുന്നുണ്ട്. സിപിഎം പലപ്പോഴും അവരുടെ സമ്മേളനങ്ങളിൽ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, കുമാരനാശാൻ, അയ്യാ വൈകുണ്ഠസ്വാമി തുടങ്ങിയവരുടെ സൂക്തങ്ങളും അവരുടെ ഛായാചിത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. അത് വാസ്തവത്തിൽ രാഷ്ട്രീയ ഹിന്ദുത്വമാണ്. കോൺഗ്രസുകാരും അതുപയോഗിക്കാറുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം തെരഞ്ഞെടുപ്പിൽ കണ്ണുവച്ചു കൊണ്ടാകരുത്.' - അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ചീഫ് വിപ്പ് പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തോടെയാണ് അനന്തപുരി ഹിന്ദു സമ്മേളനം വാർത്തകളിൽ നിറഞ്ഞത്. മുസ്ലിം വ്യാപാരികളുടെ സ്ഥാപനങ്ങളിൽനിന്ന് ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങരുതെന്ന് ആവശ്യപ്പെട്ട ജോർജ് മുസ്ലിംകളുടെ ഹോട്ടലുകളിൽ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചിരുന്നു. കടുത്ത വർഗീയ പരാമർശങ്ങളിൽ ഇന്ന് രാവിലെ പി.സി ജോർജിനെ അറസ്റ്റ് ചെയ്തിരുന്നു.
'യൂസഫലിയുടെ മാള്... ആ മലപ്പുറത്തെന്താ മാളുണ്ടാക്കാത്തേ. കോഴിക്കോട്ടെന്താ മാളുണ്ടാക്കാത്തേ. ഞാൻ ചോദിച്ചു നേരിട്ട്.. പത്രത്തിലുണ്ടായിരുന്നു അത്. എന്താ കാര്യം. മുസ്ലിംകളുടെ കാശ് അങ്ങേർക്കു വേണ്ട. നിങ്ങടെ കാശ് മാതി. നിങ്ങള് പെണ്ണുങ്ങളെല്ലാം കൂടെ പിള്ളേരുമായിട്ട് ചാടിച്ചാടി കേറുവല്ലേ മാളിനകത്തോട്ട്. നിങ്ങടെ കാശ് മുഴുവൻ മേടിച്ചെടുക്കുകയല്ലേ അയാള്. ഒരു കാരണവശാലും ഒരു രൂപ പോലും ഇതുപോലുള്ള സ്ഥാപനങ്ങൾക്ക് കൊടുക്കാൻ പാടില്ല. ഇതൊക്കെ ആലോചിച്ച് ഓർത്തു പ്രവർത്തിച്ചില്ലെങ്കിൽ നിങ്ങൾ ദുഃഖിക്കേണ്ടി വരും. പറഞ്ഞേക്കാം. യാതൊരു സംശയവും വേണ്ട.'- എന്നിങ്ങനെയായിരുന്നു ജോർജിന്റെ പ്രസംഗം.