'അവർക്ക് നൊന്താൽ നിനക്കും നോവുമല്ലോടാ'; പൊലീസ് കുടുംബത്തെ വേട്ടയാടിയെന്ന് ജിതിൻ
|കേസിൽ കുടുക്കാൻ സർക്കാരും പൊലീസും തമ്മിൽ ഗൂഢാലോചന നടത്തിയെന്നും ജിതിൻ
തിരുവനന്തരപുരം: പൊലീസ് കുടുംബത്തെ വേട്ടയാടിയെന്ന് എ.കെ.ജി സെന്റർ ആക്രമണക്കേസ് പ്രതി ജിതിൻ. പൊലീസ് തന്നെ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. ജയിൽ മോചിതനായതിന് തൊട്ടുപിന്നാലെയാണ് ജിതിന്റെ പ്രതികരണം.
കുടുംബത്തിന് നൊന്താൽ തനിക്കും നോവുമല്ലോ എന്നാണ് പൊലീസ് തന്നോട് പറഞ്ഞത്. കേസിൽ കുടുക്കാൻ സർക്കാരും പൊലീസും തമ്മിൽ ഗൂഢാലോചന നടത്തിയെന്നും ജിതിൻ ആരോപിച്ചു. നിരപരാധിയായ തന്നെ മനഃപ്പൂർവം കള്ളക്കേസിൽ കുടുക്കിയതാണ്. യൂബറിന്റെ ട്രിപ് എടുക്കാൻ പോയതായിരുന്നുവെന്നും സ്കൂട്ടറുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ജിതിൻ പറഞ്ഞു. ടീഷർട്ട് തന്റേതല്ലെന്നും തനിക്കൊപ്പം പ്രതി ചേർത്തവരെ അറിയില്ലെന്നും എ.കെ.ജി സെന്റർ ആക്രമണക്കേസ് പ്രതി വ്യക്തമാക്കി. മാനനഷ്ടക്കേസുമായി മുന്നോട്ട് പോവുകയെന്നതാണ് തന്റെ അടുത്ത നീക്കമെന്നും ജിതിൻ അറിയിച്ചു.
കർശന ഉപാധികളോടെയായിരുന്നു ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ മൂന്ന് പ്രതികളെ കൂടി പ്രതിചേർത്തിട്ടുണ്ടെന്നും അതുകൊണ്ട് ഒന്നാംപ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് അനുവദിച്ചില്ല. ജിതിന്റെ ഭാഗത്ത് നിന്നുള്ള ചോദ്യം ചെയ്യലും മറ്റും പൂർത്തിയായെന്നും ഇനിയും കസ്റ്റഡിയിൽ ഇരിക്കേണ്ട കാര്യമില്ലെന്നുമുള്ള വിലയിരുത്തലിലാണ് ഹൈക്കോടതി ജാമ്യം അനവദിച്ചത്.
ജൂൺ 30 ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. പ്രത്യേക അന്വേഷ സംഘം രൂപീകരിച്ച് ഒരുമാസത്തിലധികം അന്വേഷിച്ചിട്ടും പൊലീസിന് ഒന്നും കണ്ടെത്താനായിരുന്നില്ല. ചുവന്ന ഡിയോ സ്കൂട്ടറിലാണ് അക്രമി എത്തിയതെന്ന വിവരം മാത്രമായിരുന്നു പൊലീസിന്റെ പിടിവള്ളി. പിന്നാലെയായിരുന്നു സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. സൈബർ സെല്ലിന്റെ അടക്കം സഹായത്തോടെ വിവിധ ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് പ്രതിയെ കണ്ടെത്തിയത്. ജിതിനൊപ്പം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് ടി. നവ്യ, സുബീഷ് എന്നിവരെയാണ് പ്രതി ചേർത്തത്.
ടി. നവ്യ സ്ഫോടകവസ്തു എറിഞ്ഞ ജിതിനെ നേരിട്ട് സഹായിച്ച ആളാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ജിതിന് എകെജി സെന്ററിന് മുന്നിലേക്ക് പോകാൻ സ്കൂട്ടർ കഴക്കൂട്ടത്തുനിന്ന് ഗൗരീശപട്ടംവരെ എത്തിച്ചുകൊടുത്തത് നവ്യയാണ്. ആക്രമണത്തിന് ശേഷം ജിതിൻ തിരിച്ചുവരുന്നതുവരെ ഗൗരീശപട്ടത്ത് കാറിൽ കാത്തിരിക്കുകയായിരുന്നു നവ്യ. ഇരുവരും ഒരുമിച്ചാണ് അവിടെനിന്ന് രക്ഷപ്പെട്ടതെന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്.