Kerala
കരിപ്പൂർ വിമാന അപകടത്തിന് കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്
Kerala

കരിപ്പൂർ വിമാന അപകടത്തിന് കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

Web Desk
|
12 Sep 2021 1:16 AM GMT

ലാന്റിങ് മാനദണ്ഡം കൃത്യമായി പാലിക്കാത്തത് അപകടത്തിലേക്ക് നയിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. എയർ ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിന്റെ വിവരങ്ങളാണ് പുറത്ത് വന്നത് .

കരിപ്പൂർ വിമാന അപകടത്തിന് കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. ലാന്റിങ് മാനദണ്ഡം കൃത്യമായി പാലിക്കാത്തത് അപകടത്തിലേക്ക് നയിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. എയർ ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്.

21 പേരുടെ മരണത്തിനിടയാക്കിയ കരിപ്പൂർ വിമാനാപകടം നടന്ന് ഒരു വർഷത്തിന് ശേഷമാണ് എയർ ആക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ വ്യോമയാന മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്ത് വരുന്നത്. പൈലറ്റായിരുന്ന ക്യാപ്റ്റൻ ദീപക്ക് സെത്ത്, ലാൻ്റിങ് മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റൺവേയിൽ നിന്ന് മുന്നോട്ട് മാറി ലാൻഡ് ചെയ്തത് അപകടത്തിൻ്റെ തീവ്രത കൂട്ടിയെന്നും വിമാനത്തിൻ്റെ ഗതി നിയന്ത്രിച്ചതിൽ പൈലറ്റിന് വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗോ എറൗണ്ട് നിർദേശവും പാലിക്കപ്പെട്ടില്ല. മുന്നറിയിപ്പുകൾ അവഗണിച്ച് അമിത വേഗതയിൽ വിമാനം മുന്നോട്ട് പോയെന്നും അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. വിമാനത്തിൻ്റെ ഇരുവശങ്ങളിലെ ടാങ്കുകളിൽ നിന്നും ഇന്ധനം ചോർന്നതായും വിമാനത്തിൻ്റെ സാങ്കേതിക പിഴവുകൾ തള്ളിക്കളയാനാവില്ലെന്നും 257 പേജുകളുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

റിപ്പോർട്ട് പഠിച്ച ശേഷമാകും വ്യോമയാനമന്ത്രാലയം തുടർ നടപടി സ്വീകരിക്കുക. 2021 ആഗസ്റ്റ് ഏഴിന് നടന്ന അപകടത്തിൽ രണ്ട് പൈലറ്റ്മാരും മരിച്ചിരുന്നു. അതെ സമയം കരിപ്പൂർ വിമാനത്താവളത്തിലെ അപകടം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരികയും അപകടകാരണം ഔദ്യോഗികമായിത്തന്നെ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ എത്രയും പെട്ടെന്ന് വൻകിട വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കണമെന്ന് വിമാനത്താവള അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് ആവശ്യപ്പെട്ടു.


Related Tags :
Similar Posts