India
മേഘാലയയിൽ സർക്കാർ രൂപീകരണം ഉടൻ;  എൻ.പി.പി ഇന്ന് ഗവർണറെ കാണും
India

മേഘാലയയിൽ സർക്കാർ രൂപീകരണം ഉടൻ; എൻ.പി.പി ഇന്ന് ഗവർണറെ കാണും

Web Desk
|
3 March 2023 12:49 AM GMT

പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശവാദമുന്നയിച്ച് തൃണമൂലും

ഷില്ലോങ്: മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി ഇന്ന് ഗവർണറെ കാണും. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള സർക്കാറിന് പിന്തുണ നൽകുമെന്ന് ബി.ജെ.പി രേഖാമൂലം അറിയിച്ചു. വോട്ട് വിഹിതം വർധിച്ച സാഹചര്യത്തിൽ പ്രതിപക്ഷ നേതൃസ്ഥാനത്തിനായി തൃണമൂൽ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

കേവലഭൂരിപക്ഷത്തിന് 31 സീറ്റ് എന്ന മാന്ത്രിക സംഖ്യ ആർക്കും സമ്മാനിക്കാതെയാണ് മേഘാലയ വോട്ടെണ്ണൽ അവസാനിച്ചത്. എങ്കിലും സർക്കാർ രൂപീകരിക്കാൻ വേണ്ടി തന്നെയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ എൻ.പി.പിയുടെ നീക്കം. ഇന്നലെ രാത്രി തന്നെ സർക്കാർ രൂപീകരിക്കാൻ രേഖാമൂലം ബി.ജെ.പി പിന്തുണ അറിയിച്ചു. ഒന്നിച്ച് നിന്നാൽ 28 സീറ്റുകൾ മാത്രമേ ആകൂ എങ്കിലും ഭരണം ലഭിക്കുമെന്നാണ് ഇരു പാർട്ടികളും പ്രതീക്ഷിക്കുന്നത്. പഴയ സഖ്യ കക്ഷിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയുടെ 11 എംഎൽഎമാരുടെ പിന്തുണയിൽ ആണ് മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ കണ്ണ്. യു.ഡി.പി സഖ്യ ചർച്ചകൾ തള്ളിക്കളഞ്ഞാൽ മാത്രമേ മറ്റ് ചെറിയ പാർട്ടികളെയും സ്വതന്ത്രരെയും എൻ.പി.പി സഖ്യത്തിനായി സമീപിക്കൂ. സഖ്യ രൂപീകരണം സംബന്ധിച്ച് യു.ഡി.പി നേതൃത്വവുമായി എൻ.പി.പി ഇന്ന് ചർച്ച നടത്തും.

രാവിലെ പതിനൊന്നരയോടെ കോൺറാഡ് സാങ്മ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും. അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനം വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തിൽ തൃണമൂൽ കോൺഗ്രസിന് വേണമെന്ന് മമതാ ബാനർജി അവകാശം ഉന്നയിച്ചു.5 സീറ്റുകൾ വീതമുള്ള തൃണമൂൽ കോൺഗ്രസിന് 13.78 ശതമാനം വോട്ടും കോൺഗ്രസിന് 13.14 ശതമാനം വോട്ടുമാണ് ലഭിച്ചത്. എന്നാൽ പരാജയപ്പെട്ട മണ്ഡലങ്ങളിൽ പത്തിടത്ത് കോൺഗ്രസ് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.




Similar Posts