'ശത്രുക്കൾക്ക് വടി എറിഞ്ഞുകൊടുക്കരുത്, ചർച്ചക്കുള്ള വാതിൽ തുറന്നിട്ടിരിക്കുകയാണ്': എം.കെ മുനീർ
|എം.എസ്.എഫ് നേതൃത്വം ഉപയോഗിച്ച ഭാഷയോട് പാർട്ടിക്ക് യോജിപ്പില്ല. പ്രശ്‌നം പരിഹരിക്കുന്നത് വരെയാണ് ഹരിതയെ സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചതെന്നും മുനീര്‍
ശത്രുക്കൾക്ക് വടി എറിഞ്ഞുകൊടുക്കരുതെന്ന് എംകെ മുനീർ. എം.എസ്.എഫിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കും. എം.എസ്.എഫ് നേതൃത്വം ഉപയോഗിച്ച ഭാഷയോട് പാർട്ടിക്ക് യോജിപ്പില്ല. പ്രശ്‌നം പരിഹരിക്കുന്നത് വരെയാണ് 'ഹരിത'യെ സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചത്. ഹരിതയുടെ പരാതിയിൽ വനിതാ കമ്മീഷന് അമിത താൽപര്യമാണെന്നും എം.കെ മുനീർ പറഞ്ഞു.
ഹരിത നേതാക്കൾ ചർച്ചക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും മുനീർ കൂട്ടിച്ചേർത്തു. ഹരിത കമ്മിറ്റി മരവിപ്പിച്ച തീരുമാനത്തിനെതിരെ ഹരിത നേതാക്കൾ ഇന്ന് വാർത്താസമ്മേളനം നടത്താനിരിക്കെയാണ് എം.കെ മുനീറിന്റെ പ്രതികരണം. അതേസമയം സംസ്ഥാന പ്രസിഡന്റിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള കത്തുകൾ നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്ന് മുസ് ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പികെ നവാസിനെതിരായ നടപടി വിശദീകരണം ലഭിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാന കമ്മറ്റി മരവിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഹരിത സംസ്ഥാന ഭാരവാഹികള്‍ രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലപാട് വ്യക്തമാക്കി ഹരിത നേതാക്കള്‍ ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയയും ലീഗ് തീരുമാനത്തിനെതിരെ രംഗത്തുവരും.
ഹരിത കമ്മിറ്റിയെ മരവിപ്പിച്ചും സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനോട് വിശദീകരണം ചോദിച്ചുകൊണ്ടുമുള്ള നടപടിയാണ് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം സ്വീകരിച്ചത്. ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരടക്കം ഇതിനെതിരെ പരസ്യമായി തന്നെ രംഗത്ത് എത്തിയിരുന്നു. ഹരിത നേതാക്കൾക്കെതിരെ മോശം പരാമർശം നടത്തിയ പി.കെ നവാസിനെതിരെ നടപടിയെടുക്കണമെന്നാണ് പതിനാൊന്ന് ജില്ലാകമ്മിറ്റികൾ ആവശ്യപ്പെട്ടിരിക്കുന്നത്.