ചോദ്യം ചെയ്യൽ പൂർത്തിയായി; ദിവ്യയെ വീണ്ടും ഒളിച്ചുകടത്തി പൊലീസ്
|ദിവ്യയെ ആശുപത്രിയിലെത്തിച്ചത് പിന്‍വാതിലിലൂടെ, ദൃശ്യങ്ങൾ മീഡിയവണിന്
കണ്ണൂർ: എഡിഎമ്മിന്റെ ആത്മഹത്യാക്കേസിൽ കീഴടങ്ങിയ പി.പി.ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ക്രൈംബ്രാഞ്ച് ഓഫീസിൽ രണ്ടുമണിക്കൂറെടുത്താണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ദിവ്യയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. വൈദ്യപരിശോധനയ്ക്ക് ശേഷം ദിവ്യയെ തളിപ്പറമ്പുള്ള മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കും. ജില്ലാ ആശുപത്രിയുടെ പിൻവാതിലിലൂടെയാണ് ദിവ്യയെ പരിശോധനക്കെത്തിച്ചത്.
ചോദ്യം ചെയ്യലിന് ശേഷം പുറത്തിറക്കിയ ദിവ്യക്കെതിരെ ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കനത്ത പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിഷേധങ്ങൾക്കിടയിലൂടെ വളരേയേറെ പണിപ്പെട്ടാണ് പൊലീസ് ദിവ്യയുമായുള്ള വാഹനം റോഡിലേക്കിറങ്ങിയത്. പി.പി.ദിവ്യയും പൊലീസും ഒത്തുകളിച്ചെന്നാരോപിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിക്കുകയായിരുന്നു.
തുടർന്ന് യുവമോർച്ച പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുവന്നു.
വാഹനം കടന്നുപോയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
പി.പി.ദിവ്യയെ കീഴടങ്ങിയത് കോപ്രായമാണെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസ് പറഞ്ഞു.
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ ജാമ്യം നിഷേധിച്ച കോടതി വിധി പശ്ചാതലത്തിൽ പി.പി.ദിവ്യ ഇന്നുച്ചക്കാണ് കീഴടങ്ങിയത്. കണ്ണപുരം സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. കേസെടുത്ത് 13 ദിവസം കഴിഞ്ഞിട്ടും ദിവ്യയെ ചോദ്യം ചോദ്യം ചെയ്യാനോ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനോ അറസ്റ്റിനോ അന്വേഷണസംഘം തയ്യാറായിരുന്നില്ല. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്കാണ് ദിവ്യയെ എത്തിക്കുക എന്നാണ് പൊലീസ് പറഞ്ഞിരുന്നതെങ്കിലും മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് ദിവ്യയെ എത്തിച്ചത്.