രാജ്യത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം: പ്രതിദിന കേസുകള്‍ മൂന്നര ലക്ഷം കടന്നു
|ആദ്യമായി രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ആദ്യമായി രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2812 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 1,95,123 ആയി. അതേസമയം 2,19,272 പേര്‍ കോവിഡ് മുക്തരായി.
അതേസമയം 18നും 45നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും എന്ന മാർഗനിർദേശം വിവാദമായതിന് പിന്നാലെ കേന്ദ്രസർക്കാർ റദ്ദാക്കി. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ശേഷം മണിക്കൂറുകൾക്കകം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം തിരുത്തി. സംസ്ഥാന സർക്കാരുകൾ നേരിട്ട് വാക്സിൻ ലഭ്യമാകുന്ന കേന്ദ്രങ്ങളിലും രജിസ്റ്റർ ചെയ്യാമെന്ന് തിരുത്തിയ മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.
എന്നാൽ മെയ് ഒന്നിന് ആരംഭിക്കേണ്ട വാക്സിനേഷനുള്ള വാക്സിൻ സമയബന്ധിതമായി ലഭിക്കുമോ എന്ന ആശങ്കയിലാണ് സംസ്ഥാനങ്ങൾ. ഇതിനിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാവുകയാണ്. അതോടൊപ്പം തന്നെ ഓക്സിജനും ക്രെയോജനിക് ടാങ്കറുകളും ആവശ്യപ്പെട്ട് ഡൽഹി സർക്കാർ പത്രങ്ങളിൽ പരസ്യം നൽകി.