വിദേശ കറന്‍സികള്‍ മക്കളുടെ ശേഖരം, വിജിലന്‍സ് തിരിച്ചേല്‍പ്പിച്ചെന്ന് കെ എം ഷാജി
|കെ എം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിലായിരുന്നു റെയ്ഡ്
വിജിലന്‍സ് വീട്ടില്‍ നിന്നും പിടിച്ച വിദേശ കറന്‍സികള്‍ മക്കളുടെ ശേഖരമെന്ന് കെ എം ഷാജി എംഎല്‍എ. പിടിച്ചെടുത്ത സ്വർണവും വിദേശ കറന്‍സിയും വിജിലന്‍സ് തിരിച്ചേല്‍പ്പിച്ചെന്നും കെ എം ഷാജി പറഞ്ഞു.
കഴിഞ്ഞ ദിവസം കെ എം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 50 ലക്ഷം രൂപയും സ്വര്‍ണവും വിദേശ കറന്‍സികളും കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത സ്വര്‍ണാഭരണത്തിന്‍റെ അളവ് 400 ഗ്രാം ആണ്. കോഴിക്കോട്ടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത വിദേശ കറന്‍സികള്‍ കുട്ടികളുടെ ശേഖരണത്തിലുള്ളതാണെന്നാണ് ഷാജി വിജിലന്‍സിനെ അറിയിച്ചത്. 54 രാജ്യങ്ങളില്‍ നിന്നുള്ള വിവിധ കറന്‍സികള്‍ വിജിലന്‍സ് തിരിച്ചേല്‍പ്പിച്ചു. ആഭരണങ്ങളും തിരിച്ച് നല്‍കി.
റെയ്ഡ് സംബന്ധമായ വിവരങ്ങള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ്, കോഴിക്കോട്ടെ വിജിലന്‍സ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഈ മാസം 23ന് കേസ് പരിഗണിക്കും. ഷാജിക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
9 വര്‍ഷത്തിനിടെ കെ എം ഷാജിയുടെ സ്വത്തില്‍ 166 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടായതായി ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ അഭിഭാഷകന്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് വിജിലന്‍സ് അനധികൃത സ്വത്ത് സമ്പാദനത്തിന് കെ എം ഷാജിക്കെതിരെ കേസെടുത്തതും വീടുകളില്‍ റെയ്ഡ് നടത്തിയതും.