Kerala
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്,എം.സ്വരാജ്,കെ.ബാബു,അയ്യപ്പന്‍റെ ഫോട്ടോ വെച്ച് വോട്ട് തേടി, ബാബുവിനെ അയോഗ്യനാക്കണം,Tripunithura poll case,Tripunithura Assembly elections case,CPM leader M Swaraj,Tripunithura election case, k babu vs m swaraj ,K Babu
Kerala

കെ. ബാബുവിന് ആശ്വാസം, എം.എല്‍.എയായി തുടരാം; സ്വരാജിന്‍റെ ഹരജി ഹൈക്കോടതി തള്ളി

Web Desk
|
11 April 2024 8:42 AM GMT

അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചെന്നായിരുന്നു കെ.ബാബുവിനെതിരായ എം.സ്വരാജിന്റെ ആരോപണം

കൊച്ചി: തൃപ്പൂണിത്തുറ എം.എല്‍.എ കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സ്വരാജ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചെന്നായിരുന്നു കെ.ബാബുവിനെതിരായ എം.സ്വരാജിന്റെ ആരോപണം. അതിനാല്‍ കെ.ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ഹരജിയിലൂടെ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. ഈ ഹരജിയാണ് കോടതി തള്ളിയത്. ഇതോടെ കെ. ബാബുവിന് എംഎല്‍എയായി തുടരാം. ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റേതാണ് വിധി.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വെച്ചന്നായിരുന്നു പ്രധാന ആരോപണം. കെ.ബാബു തോറ്റാല്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് പേരില്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തിയെന്നും സ്വരാജ് ആരോപിച്ചിരുന്നു.

സാക്ഷികൾ പറഞ്ഞതൊന്നും സംശയത്തിന് അതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്വരാജിന് വേണ്ടി ഹാജരാക്കിയ രണ്ടു മുതൽ അഞ്ചു വരെയുള്ള സാക്ഷികൾ പറഞ്ഞതെല്ലാം വിശ്വാസയോഗ്യമല്ലെന്നാണ് നിരീക്ഷണം. സി.പി.എം അനുഭാവികളാണ് സാക്ഷികളെന്ന ബാബുവിന്റെ വാദവും കോടതി ശരിവെച്ചു.

വിധിയിൽ സന്തോഷമെന്ന് കെ.ബാബു പ്രതികരിച്ചു. വിധി വിചിത്രമാണെന്നും മേൽക്കോടതിയെ സമീപിക്കുമെന്നുമാണ് എം.സ്വരാജിന്റെ പ്രതികരണം. കോടതിയിൽ തെളിവായി കൃത്യമായ രേഖകൾ കൊടുത്തു. വിധി ചോദ്യംചെയ്യപ്പെടേണ്ടതാണ്. ജനാധിപത്യം അട്ടിമറിക്കപ്പെടാനിടയുള്ള വിധിയാണെന്നും എം.സ്വരാജ് പറഞ്ഞു.

Similar Posts