സ്കൂൾ കുട്ടികളുടെ വാക്സിനേഷൻ; വിവരങ്ങൾ 'സമ്പൂർണ' വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യും
|സ്കൂളുകൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകി
കേരളത്തിലെ സ്കൂൾ കുട്ടികളുടെ വാക്സിനേഷൻ ഓൺലൈനിൽ ഉൾപ്പെടുത്തുന്നതിന് മാർഗ രേഖയായി. വിവരങ്ങൾ 'സമ്പൂർണ' വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യും. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഉള്ള വെബ്സൈറ്റ് ആണ് 'സമ്പൂർണ'. ഇതിനായി പ്രത്യേകം ഓൺലൈൻ ആപ്പ് സജ്ജമാക്കിയതായും സ്കൂളുകൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
2007ലോ അതിനുമുമ്പോ ജനിച്ചവർക്ക് വാക്സിൻ എടുക്കാവുന്നതാണ്. വാക്സിൻ എടുക്കാത്ത വിദ്യാർത്ഥികൾ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്തണം. 500ൽ കൂടുതൽ ഗുണഭോക്താക്കളുള്ള സ്‌കൂളുകളിൽ വാക്‌സിനെടുക്കാനായി പ്രത്യേക സംവിധാനമൊരുക്കി.
സാധാരണ വാക്സിനേഷൻ കേന്ദ്രങ്ങൾ പോലെ സ്‌കൂൾ വാക്സിനേഷൻ കേന്ദ്രങ്ങളിലും വെയ്റ്റിംഗ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവ ഉണ്ടായിരിക്കും. ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് താപനില പരിശോധിച്ച ശേഷമായിരിക്കും വിദ്യാർത്ഥികളെ വാക്സിനേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക. ആധാറോ സ്‌കൂൾ ഐഡി കാർഡോ കുട്ടികൾ കയ്യിൽ കരുതണം. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടറുടെ സേവനമുണ്ടാകും.
വാക്സിനെടുത്ത ശേഷം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നെങ്കിൽ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കും. ഇതിനായി സ്‌കൂളുകൾ ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് ഉറപ്പാക്കുന്നതാണ്. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെയായിരിക്കും സ്‌കൂളുകളിലെ വാക്സിനേഷൻ സമയം. സ്‌കൂളുകളുടെ സൗകര്യം കൂടി കണക്കിലെടുത്ത് വാക്സിനേഷൻ സമയത്തിൽ മാറ്റം വന്നേക്കാം. 967 സ്കൂളുകളാണ്ഇ തിനായി സജ്ജമാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.