Kerala
മുട്ടിൽ മരം മുറിക്കേസ്: ഭൂ ഉടമകളുടെ പേരിൽ നൽകിയ അപേക്ഷകൾ വ്യാജം, ഒപ്പിട്ടത് പ്രതി റോജി അഗസ്റ്റിൻ; നിർണായക കണ്ടെത്തൽ
Kerala

മുട്ടിൽ മരം മുറിക്കേസ്: ഭൂ ഉടമകളുടെ പേരിൽ നൽകിയ അപേക്ഷകൾ വ്യാജം, ഒപ്പിട്ടത് പ്രതി റോജി അഗസ്റ്റിൻ; നിർണായക കണ്ടെത്തൽ

Web Desk
|
22 July 2023 7:36 AM GMT

പ്രതികളുടെ ഉൾപ്പെടെ 65 ഉടമകളുടെ ഭൂമിയിൽ നിന്നാണ് 104 മരങ്ങൾ മുറിച്ചത്.

വയനാട്: മുട്ടിൽ മരം മുറിക്കേസിൽ ഫോറൻസിക് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഭൂ ഉടമകളുടെ പേരിൽ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകൾ വ്യാജമെന്ന് കണ്ടെത്തി. അപേക്ഷ എഴുതി തയ്യാറാക്കി ഒപ്പിട്ടു നൽകിയത് മരം മുറി കേസിലെ പ്രതി റോജി അഗസ്റ്റിനാണെന്ന് കൈയ്യക്ഷര പരിശോധനയിൽ സ്ഥിരീകരിച്ചു.

ആദിവാസികളുടെയും ചെറുകിട ഭൂവുടമകളുടെയും പേരിൽ വില്ലേജ് ഓഫീസിൽ സമർപ്പിച്ച ഏഴ് അപേക്ഷകൾ പ്രതിയായ റോജി അഗസ്റ്റിൻ വ്യാജമായി നിർമ്മിച്ചതാണെന്നാണ് ഫോറൻസിക് പരിശോധനാ ഫലം. പ്രതികളുടെ ഉൾപ്പെടെ 65 ഉടമകളുടെ ഭൂമിയിൽ നിന്നാണ് 104 മരങ്ങൾ മുറിച്ചത്. 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങൾ അടക്കമാണ് മുറിച്ചുമാറ്റിയതെന്ന് വ്യക്തമാക്കുന്ന ഡി.എൻ.എ പരിശോധനാ ഫലവും നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ കേസിൽ പൊലീസിന്‍റെ കുറ്റപത്രം ഉടൻ സമർപ്പിക്കും.

ഭൂപരിഷ്ക്കരണ നിയമത്തിനു ശേഷം പട്ടയഭൂമിയില്‍ ഉടമകൾ നട്ടുവളര്‍ത്തിയതും സ്വയം പൊട്ടിമുളച്ചതുമായ മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ച്‌ മാറ്റാൻ അനുവാദം നൽകുന്ന സര്‍ക്കാര്‍‍ ഉത്തരവിന്‍റെ മറവിലായിരുന്നു വയനാട്ടിലെ വൻ മരംകൊള്ള. റോജി അഗസ്റ്റിൻ, ആൻറോ ആഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. ഇവരുടെ സഹായികളും ഭൂഉടമകളും റവന്യൂ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 13 പേ‍ര്‍ക്കെതിരായ, കേസില്‍ താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയാണ് അന്വേഷണം നടത്തുന്നത്. മരമുറിക്കേസില്‍ പ്രത്യേക സംഘം അന്വേഷിക്കുന്ന 19 കേസുകളില്‍ ഏഴ് കേസുകള്‍ക്ക് ഇതിനകം കുറ്റപത്രം നല്‍കി. ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ മുട്ടില്‍ മരംമുറിയിലാണ് ഇനി കുറ്റപത്രം സമര്‍പ്പിക്കേണ്ടത്.

Similar Posts