ലേഡീസ് കോച്ചിൽ യാത്ര; ഒക്ടോബറില്‍ ഈസ്റ്റേണ്‍ റെയില്‍വേയില്‍ അറസ്റ്റിലായത് 1,400 പേർ, ട്രെയിനിൽ തുപ്പിയതിന് 10,000 പേർക്ക് പിഴ
|കൂടുതൽ നടപടികൾ ഒഴിവാക്കാൻ ലേഡീസ് കംപാർട്ട്‌മെന്റിലും ലേഡീസ് സ്‌പെഷൽ ട്രെയിനുകളിലും യാത്ര ചെയ്യുന്നത് പുരുഷന്മാർ ഒഴിവാക്കണമെന്ന് ഈസ്റ്റേൺ റെയിൽവേ നിർദേശിച്ചു
കൊൽക്കത്ത: ട്രെയിനിൽ ലേഡീസ് കംപാർട്ട്‌മെന്റിൽ യാത്ര ചെയ്യുന്ന ശീലമുള്ള 'പുരുഷകേസരികൾ' സൂക്ഷിക്കുക. റെയിൽവേ പൊലീസ് വെറുതെവിടുമെന്നു കരുതേണ്ട. കഴിഞ്ഞ ഒരു മാസത്തിനിടയിൽ 1,400ലേറെ പേരാണ് ഈസ്റ്റേൺ റെയിൽവേയില്‍ മാത്രം അറസ്റ്റിലായത്. ട്രെയിനിൽ തുപ്പിയതിന് 10,000 പേർക്ക് പിഴയിടുകയും ചെയ്തിട്ടുണ്ട്.
ഒക്ടോബർ മാസത്തെ വിവരങ്ങളാണ് ഈസ്റ്റേൺ റെയിൽവേ പുറത്തുവിട്ടത്. ട്രെയിനിലെ ലേഡീസ് കോച്ചുകളിൽ അനധികൃതമായി യാത്ര ചെയ്ത 1,200 പേർക്കെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്(ആർപിഎഫ്) കേസെടുക്കുകയും 1,400ലേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് റെയിൽവേ വാർത്താകുറിപ്പിൽ പറയുന്നു. ഇതിൽ ഹൗറ ഡിവിഷനിൽ 262, സീൽദായിൽ 574, മാൾഡയിൽ 176, അസൻസോളിൽ 392 പേരുമാണു പിടിയിലായത്.
അതിനിടെ, റെയിൽവേയിൽ തുപ്പിയതിനും വൃത്തികേടാക്കിയതിനും 10,000 പേർക്ക് ഈസ്റ്റേൺ റെയിൽവേയുടെ ഭാഗമായ ആർപിഎഫ് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഒക്ടോബറിലെ മാത്രം കണക്കാണിത്. ഹൗറ ഡിവിഷനിൽ 2,786ഉം സീൽദായിൽ 4,666ഉം അസൻസോളിൽ 2,304ഉം മാൾഡയിൽ 714ഉം പേർക്കെതിരെയാണു നടപടി സ്വീകരിച്ചത്. 15.37 ലക്ഷം രൂപയാണ് ഇവരിൽനിന്ന് ഒന്നാകെ പിഴയായി ഈടാക്കിയത്. ട്രെയിനിൽ ശുചിത്വം പാലിക്കാത്തതിന് കഴിഞ്ഞ ജൂലൈയ്ക്കും സെപ്റ്റംബറിനും ഇടയിൽ 12,900 പേർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇതടക്കം 17.66 ലക്ഷം രൂപയാണു പിഴയിട്ടത്. ഹൗറ ഡിവിഷനിൽ 4,958ഉം സീൽദായിൽ 2,023ഉം അസൻസോളിൽ 2,214ഉം മാൾഡായിൽ 3,704ഉം പേരാണു നടപടി നേരിട്ടത്.
റെയിൽവേ നിയമം 162-ാം വകുപ്പ് പ്രകാരം സ്ത്രീകൾക്ക് റിസർവ് ചെയ്ത സ്ഥലത്ത് പുരുഷന്മാർ ഇരിക്കുന്നത് കുറ്റകരമാണ്. കൂടുതൽ നടപടികൾ ഒഴിവാക്കാൻ ലേഡീസ് കംപാർട്ട്‌മെന്റിലും ലേഡീസ് സ്‌പെഷൽ ട്രെയിനുകളിലും യാത്ര ചെയ്യുന്നത് പുരുഷന്മാർ ഒഴിവാക്കണമെന്ന് ഈസ്റ്റേൺ റെയിൽവേ നിർദേശിച്ചു. പുരുഷന്മാർക്ക് യാത്ര ചെയ്യാൻ അത്യാവശ്യത്തിന് കോച്ചുകളും ട്രെയിനുകളുമുണ്ട്. സ്ത്രീകളുടെ മാന്യതയും സുരക്ഷയും കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. എല്ലാവരും ഉത്തരവനുസരിച്ചു പ്രവർത്തിക്കുകയും വേണം. എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ 139 എന്ന നമ്പറിൽ വനിതാ യാത്രക്കാർക്കു ബന്ധപ്പെടാവുന്നതാണെന്നും റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു.
ട്രെയിൻ-റെയിൽവേ ശുചിത്വവും സൗന്ദര്യവും പരിപാലിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം ആർപിഎഫ് ഊർജിതമായ പരിശോധനയാണു നടത്തുന്നത്. റെയിൽവേ പരിസരങ്ങളുടെ വൃത്തിയും ശുചിത്വവും കാക്കാനായി ശുചീകരണ തൊഴിലാളികൾ അക്ഷീണയത്‌നമാണു നടത്തുന്നതെന്ന് ഈസ്‌റ്റേൺ റെയിൽവേ വാർത്താകുറിപ്പിൽ സൂചിപ്പിക്കുന്നു. ട്രെയിനും റെയിൽവേയും പരിസരവുമെല്ലാം വൃത്തിയായി നിലനിർത്താനും മലിനമാക്കാതിരിക്കാനുമുള്ള ബാധ്യത എല്ലാ യാത്രക്കാർക്കുമുണ്ടെന്നും റെയിൽവേ സൂചിപ്പിക്കുന്നു.
Summary: 1,400 male passengers arrested for travelling in ladies’ compartments, 10,000 fined for spitting in train: Eastern Railway