‘ആ മരിച്ച വീട്ടിലൊന്ന് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു’; അപരിചിതർ തമ്മിലെ സ്നേഹക്കടങ്ങളിലൂടെ ഒരു ഒഡീഷ യാത്ര
|കശ്മീരിന് ദാൽ തടാകം പോലെയാണ് ഒഡിഷക്ക് ചിലിക്ക. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ തന്നെ രണ്ടാമത്തെതുമായ ലവണ ജല തടാകം. ഒരുപാട് അകലെ മലനിരകൾക്കുള്ളിൽ അനന്തമായി പരന്നു കിടക്കുന്നു. ദാൽ പോലെ അധികം യാത്രികരില്ല. അനന്തമായ ശാന്തത. നോക്കൂ, അതിന് നടുവിലായി ചില തുരുത്തുകളുണ്ട് - യാത്രാനുഭവം
ഒഡിഷയിലേക്ക് എനിക്ക് പോയി വരാവുന്ന ദൂരമേയുള്ളൂ എന്നതായിരുന്നു അങ്ങോട്ടുള്ള യാത്രയുടെ ആദ്യത്തെ സന്തോഷം. പുറപ്പെടാൻ ഉറച്ച തീരുമാനമെടുക്കുന്നവർക്ക് മുന്നിൽ പാതകൾ ദൂരങ്ങളില്ലാതെ, വിശാലതയോടെ വഴിപ്പെട്ടു കിടക്കും. തീവണ്ടിയുടെ ദീർഘ ചതുരാകൃതിയിലുള്ള ജാലകത്തിലൂടെ പിറകിലേക്കോടി മറയുന്ന കാഴ്ചകൾക്ക് വല്ലാത്ത ഭംഗിയുണ്ടായിരുന്നു. ഒരുനാളും അവസാനിക്കത്തവ ആയിരിക്കും എന്നതാണ് അത്തരം കാണലുകളുടെ പ്രത്യേകത. അതുകൊണ്ടാണ് വർഷങ്ങൾക്കു മുമ്പ് ബംഗാളിലെ കടുക് പാടത്തിന് നടുവിൽ ഒരു നേർത്ത പൊട്ടുപോലെ കണ്ട വൃദ്ധനായ കൃഷിക്കാരനും, തമിഴ്നാട്ടിൽ ചെണ്ടുമല്ലിക്കൂടയിൽ പൂക്കളിറുത്തിട്ടിരുന്ന മൂക്കുത്തിയുള്ള ചേച്ചിമാരും, അമ്മയോടൊപ്പം വിറകുമായി നടന്നിരുന്ന കുഞ്ഞു പൈതലും, ആന്ധ്ര പ്രദേശിലെവിടെയോ കത്തുന്ന വെയിലത്തൊരു പടുമരത്തിന് താഴെ തണൽ കൊള്ളുന്ന മനുഷ്യനും, രാജസ്ഥാനിലെ ഒറ്റവരിപ്പാതയിൽ ട്രെയിൻ കടന്നുപോകാൻ മോട്ടോർ സൈക്കിളിൽ കാത്തു നിന്നിരുന്നയാളും ഇപ്പോഴും അതേ ചലനങ്ങളിൽ തുടരുന്നത്.
പുറപ്പെട്ടു പോകുന്നവർക്ക് മരണമില്ലെന്നത് പോലെ ഈ ഓർമകൾക്ക് നിശ്ചലതയുമുണ്ടാവുന്നില്ല. അടുത്തത് എന്തെന്ന് നിശ്ചിതമല്ലാത്ത, അനേകം ചിത്രങ്ങൾ ഒരു ഫോട്ടോ ആൽബം കണക്കെ മറിഞ്ഞുകൊണ്ടിരുന്നു.
എനിക്ക് തെരേസയെ ഓർമ വന്നു.
അഞ്ഞൂറോളം ആളുകളുള്ള ഞങ്ങളുടെ ഹോസ്റ്റലിൽ ഏറ്റവും ആദ്യം തെളിയുന്നതും ഏറ്റവും ഒടുവിൽ മാത്രം അണയുന്നതുമായ വെളിച്ചമുള്ള, താഴെ നിലയിലെ ഞങ്ങളുടേതിന് തൊട്ടടുത്തുള്ള മുറിയിലെ താമസക്കാരിയായിരുന്നു ഒഡിഷക്കാരിയായ തെരേസ. അവിടുത്തുകാർക്ക് മുഴുവൻ വെച്ചു വിളമ്പിയിരുന്ന അടുക്കള ജോലിക്കാരി. എന്നോളം പ്രായമേ അവൾക്കുണ്ടായിരുന്നുള്ളൂ. ഒരിക്കൽ എപ്പോഴും കുപ്പിവളകളിട്ടിരുന്ന എന്റെ കൂട്ടുകാരി തെരേസയുടെ ശോഷിച്ച കൈകൾ നിറയെ വളകളിട്ടു കൊടുത്തു. തൊട്ടപ്പുറത്തുനിന്ന് കനപ്പിച്ച് നോക്കിയ കർകശക്കാരിയായ ചേച്ചിയുടെ മുഖം സന്തോഷക്കണ്ണീരിനാൽ കണ്ടുകാണില്ല അപ്പോളവൾ. അന്നെല്ലാം ഒഡിഷ എന്നാൽ ഒരുപാടൊരുപാടകലെ തെരേസയുടെ നാടായിരുന്നു എനിക്ക്.
പിന്നീടും പോകണമെന്ന് തീവ്രമായി ആഗ്രഹിച്ച സമയങ്ങളുണ്ടായിട്ടുണ്ട്. 2008ൽ കാണ്ഡമാലിൽ ക്രിസ്ത്യാനികൾക്കെതിരെ വംശീയ ആക്രമണമുണ്ടായപ്പോൾ. 2002ലെ ഗുജറാത്ത് മറ്റൊരു രീതിയിൽ ആവർത്തിക്കുകയായിരുന്നു ആദിവാസി-ദലിത് സാന്നിധ്യം കൂടുതലുള്ള ഒഡിഷയിലെ പടിഞ്ഞാറൻ മേഖലയിലെ മലയോര ജില്ലയായ കാണ്ഡമാലിൽ. വർഗീയ കലാപം എന്ന് പറയുമെങ്കിലും അതൊരു ആസൂത്രിത വംശഹത്യ ആയിരുന്നല്ലോ. ഇരകൾ പാവങ്ങളായതുകൊണ്ട് മറ്റുള്ളവർ അത് വേഗം മറന്നു. പക്ഷേ, അവരുടെ മനസിലെ മുറിവുകളുണങ്ങിയതേ ഇല്ല.
മറ്റൊന്ന് മനോരമ എന്ന സമര നായികയെ കുറിച്ച് വയിച്ചപ്പോഴായിരുന്നു. നാട്ടിലൊരു വിദേശ കമ്പനി വരാൻ പോകുന്നു എന്നും ചവിട്ടി നിൽക്കുന്ന മണ്ണ് പ്രകൃതി ചൂഷണത്താൽ അപകടത്തിലാവുമെന്നും അറിഞ്ഞപ്പോൾ എതിർത്തു നിന്ന കരുത്ത്. പോസ്കോ സ്റ്റീൽ പ്ലാന്റേഷനെതിരെ സമരം നയിച്ചതിന് പക തീരുവോളം കള്ളക്കേസിൽ കുടുക്കിയിരുന്നു അവരെ.
പിന്നീട് ഈയടുത്ത് ബലാസോറിൽ ട്രെയിൻ അപകടമുണ്ടായി മരിച്ചു പോയവരുടെ കൂട്ടത്തിൽ , നാട്ടിൽ പണിയെടുത്തിരുന്ന ഒരാളുമുണ്ടായിരുന്നു. ആ മരിച്ച വീട്ടിലൊന്നു പോകണമെന്ന് കേട്ടാൽ വിചിത്രമെന്ന് തോന്നിയേക്കാവുന്ന ആഗ്രഹം ഉണ്ടായിരുന്നു എനിക്ക്.
ആ പച്ചപ്പിന് കേരളത്തോട് ഏറെ സാമ്യതയുണ്ടായിരുന്നു
ഒന്നിനും വേണ്ടിയല്ല. യാത്ര പോവുക എന്നാൽ മനുഷ്യരിലേക്കാവുക എന്ന തത്വം പഠിപ്പിച്ചു തന്ന ഒരാള് ജീവിതത്തിൽ വന്നതിന് ശേഷം തോന്നുന്ന ആഗ്രഹങ്ങളാണ്. മറവിക്ക് വിട്ടുകൊടുക്കാതിരിക്കലും യാത്രയും ആഗ്രഹങ്ങൾ പോലും പ്രതിരോധമാവുന്നതിന്റെ പ്രതിഫലനം. അന്യനാട്ടിൽ എത്തിച്ചേരുന്ന യാത്രികനും ഭർത്താവിന്റെ വീട്ടിലേക്ക് കയറി വരുന്ന മണവാട്ടിക്കും ചില സാമ്യതകളുണ്ട്. തുടക്കത്തിലെ അങ്കലാപ്പ് മാറിയാൽ, സ്വന്തമെന്ന് നിനച്ച് എത്തുന്നിടത്ത് ഇഴുകിച്ചേരും രണ്ടു കൂട്ടരും. ഒഡിഷയിൽ അത് കുറേക്കൂടി എളുപ്പവുമായിരുന്നു. കേരളത്തോട് സാമ്യതയുണ്ട് ഇവിടുത്തെ പച്ചപ്പിന്. കമ്മ്യൂണിസ്റ്റ് പച്ചയും കുറുന്തോട്ടിയും തൊട്ടാവാടിയും ആറ്റുവഞ്ചിയും ഓമക്കായയും വാഴപ്പഴവും ഒടിച്ചു കുത്തിപ്പൂവും മാസം മാറിച്ചെടിയുമെല്ലാം അവിടെയുമുണ്ട്. ഇടക്ക് നടുറോഡിൽ കൂട്ടത്തോടെ കാണുന്ന പശുക്കളോ കാളകളോ കടും നിറത്തിൽ പെയിന്റ് അടിച്ച വീടോ ആണ് മറ്റൊരു സ്ഥലത്ത് ആണെന്ന തോന്നലുണ്ടാക്കുക.
ഉദയഗിരി ഖണ്ഡഗിരി ഗുഹകളിലേക്ക് നേരത്തെ ഒരാൾ ഏൽപ്പിച്ച ബസ് ഞങ്ങളെയും കാത്തു നിന്നിരുന്നു. തലസ്ഥാന നഗരത്തിൽനിന്ന് അധികം ദൂരത്തല്ലാത്ത, ആ സംസ്ഥാനത്തെ ഏറ്റവും പ്രസിദ്ധമായ വിനോദ സ്ഥലത്തേക്ക് അങ്ങനെ അല്ലാതെയും തീർച്ചയായും എത്തിപ്പെടാൻ മറ്റനേകം വഴികളുണ്ടാവും.
ആരാധനാലയങ്ങളെ ഏറ്റവും മനോഹരവും വിശാലവും ആയി വെക്കണം എന്നത് എല്ലാ കാലത്തും വിശ്വാസികളുടെ ആഗ്രഹമായിരുന്നിരിക്കണം. ലോകത്ത് എവിടെയെല്ലാമാണ് പുരാതന കാലം മുതൽക്കേ മല മുകളിൽ ദേവലയങ്ങളുണ്ടാക്കിയിട്ടുള്ളത്! ആഗ്രഹവും ഭക്തിയുമല്ലാതെ അതിന് തക്ക സാമഗ്രികൾ എന്തായിരിക്കും അവരുടെ പക്കൽ അന്ന് ഉണ്ടായിരിക്കുക!?
ഉയരങ്ങളെ എന്നും പേടിയായിരുന്നു എനിക്ക്. കയറുമ്പോൾ വീണ് ഉടഞ്ഞു പോകുമെന്ന് ഭയം തോന്നും. എന്നിട്ടും കല്ലുകൾ അതീവ സൂക്ഷ്മതയുള്ളൊരു ശിൽപിയുടെ ചാരുതയോടെ അടുക്കി വെച്ചതിന് മുകളിലൂടെ കയറിപ്പോയി. ഏറ്റവും മുകളിൽ നിന്നാൽ ഭുവനേശ്വർ നഗരം മുഴുവനും കാണാം. വലിയ കെട്ടിടങ്ങൾ പോലും ചെറിയ തീപ്പെട്ടിക്കൂട് കണക്കെ. മനുഷ്യന് ഇത്രയല്ലേ വളരാൻ പറ്റൂ. പിന്നെന്തിനാണ് ഈ നെഗളിപ്പ് എന്ന തോന്നലുണ്ടാവും അപ്പോൾ.
മുഖാമുഖം നിൽക്കുന്ന രണ്ടു മലകൾക്ക് മുകളിലാണ് ഉദയഗിരി ഖണ്ഡഗിരി ഗുഹകൾ. അതിശയിപ്പിക്കുന്ന കരവിരുതോടെ ബിസി രണ്ടാം നൂറ്റാണ്ടിൽ ജൈന സന്യാസിമാർക്ക് താമസിക്കാൻ വേണ്ടി പണിത മുറികളും ശിലാ ക്ഷേത്രവുമാണവിടെ. ഉദയഗിരിയിൽ 18 ഉം ഖണ്ഡഗിരിയിൽ 15 ഉം ഗുഹകളൂണ്ട്.
രണ്ടു നിലയിൽ, തൂണുകളും മുറികളും ഉള്ള റാണി ഗുഹയാണ് ഉദയഗിരിയിലെ പ്രധാന ഗുഹകളിലൊന്ന്. റാണി ഗുഹയുടെ ഭിത്തിയിൽ നൃത്തം ചെയ്യുന്ന പെൺകുട്ടി, രാജസദസ്സ് , വാദ്യോപകരണങ്ങൾ തുടങ്ങിയവ കൊത്തിവെച്ചിട്ടുണ്ട്. അളകാപുരി, ഗണേശ, ഹാത്തി തുടങ്ങിയവയാണ് മറ്റ് പ്രധാന ഗുഹകൾ.
പ്രവേശന കവാടത്തിൽ മനോഹരമായ തത്തകളെ കൊത്തി വെച്ച തതോവ ഗുഹ , ജൈനമതചിഹ്നമായ സ്വസ്തിക, സർപ്പ രൂപങ്ങൾ കൊത്തിവെച്ച ആനന്ദ ഗുഹ,നവമുനി ഗുഹ, ബാരഭൂജി ഗുഹ തുടങ്ങിയവയാണ് ഖണ്ഡഗിരിയിലെ പ്രധാന ഗുഹകൾ. ഉയരെ, വന്നതിന്റെ ഓർമ്മച്ചിത്രങ്ങളെടുക്കുന്ന ആളുകൾക്കിടയിലൂടെ തിരിച്ചിറങ്ങി..
കശ്മീരിന് ദാൽ തടാകം പോലെയാണ് ഒഡിഷക്ക് ചിലിക്ക. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ തന്നെ രണ്ടാമത്തെതുമായ ലവണ ജല തടാകം. ഒരുപാട് അകലെ മലനിരകൾക്കുള്ളിൽ അനന്തമായി പരന്നു കിടക്കുന്നു. ദാൽ പോലെ അധികം യാത്രികരില്ല. അനന്തമായ ശാന്തത. നോക്കൂ, അതിന് നടുവിലായി ചില തുരുത്തുകളുണ്ട്. ശിവ പാർവതിമാരുടെ സാന്നിധ്യമുണ്ട് അവിടെയെന്ന് ബോട്ടിന്റെ ഡ്രൈവർ പറഞ്ഞു തന്നു. ക്ലേശിച്ചു മാത്രം കയറിച്ചെല്ലാവുന്ന ആ പാറ മടക്കിനുള്ളിൽ ശിവന്റെ പ്രതിമകളുണ്ട്. അതെങ്ങനെ എന്ന അതിശയത്തിന് വിശ്വാസത്തിന് എന്ത് അസംഭവ്യതയും സാധ്യമാക്കാനാവും എന്നാണ് ഉത്തരം.
ദേശാടന പക്ഷികൾ വിരുന്നു വരും ഈ തടാകത്തിൽ. സൈബീരിയയില് നിന്ന് വന്ന അപൂർവ ഇനം കിളികളെ കണ്ടു. സന്തോഷം തോന്നി. പണ്ട്, രാജാവ് ഭക്ഷണം കഴിക്കാൻ പണി കഴിപ്പിച്ച ഒരു കെട്ടിടവുമുണ്ട് തടാകത്തിൽ. നമുക്ക് അത്ഭുതവും അമ്പരപ്പും തോന്നിക്കുന്ന എന്തൊക്കെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാ കാലത്തും ഉണ്ടാവുന്നുണ്ട് എന്ന് ഓർത്തു പോയി. ഇപ്പോഴും അവിടെ വിനോദ സഞ്ചാരികൾക്ക് ചായ കിട്ടും.
ഒറ്റവാക്കിൽ ഒഡിഷ
ഒഡിഷയെ ഒറ്റവാക്കിൽ പറയാൻ ആവശ്യപ്പെട്ടാൽ കുളങ്ങൾ, ക്ഷേത്രങ്ങൾ, പശുക്കൾ എന്നായിരിക്കും എൻ്റെ വിശദീകരണം. ഇനി പുതിയതൊന്ന് വേണ്ടാത്ത വിധം ഒരുപാടുണ്ടല്ലോ എന്ന് തോന്നുന്നത്രയും എണ്ണം ഉണ്ട് ഓരോന്നും. കുളങ്ങൾ ഒഡിഷക്കാരുടെ വിശ്വാസത്തിന്റെ ഭാഗമാണോ എന്നറിയില്ല. ഏറെ പവിത്രതയോടെ, വൃത്തിയോടെ പരിപാലിക്കുന്നത് കാണുമ്പോൾ അങ്ങനെ തോന്നിപ്പോവും.
പുരി ജഗന്നാഥ ക്ഷേത്രത്തിൽ പതിവ് പോലെ തിരക്കുണ്ടായിരുന്നു. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് അവിടെയാരും പറയുന്നില്ല. ദേവാലയങ്ങൾക്ക് വാതിലുകളേ പാടില്ലെന്ന്, എപ്പോഴും എല്ലാവർക്കും മുന്നിൽ തുറന്നു കിടക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുവൾക്ക് അത് വലിയ സന്തോഷമായിരുന്നു.
തുളസിമാലയുടെയും പൂക്കളുടെയും ഗന്ധം തങ്ങി നിൽക്കുന്ന അതിവിശാലമായ അമ്പലനടയിൽ പല മതത്തിലും മതമില്ലാത്തതിലും പെട്ട മനുഷ്യർ ആത്മീയതയും അത്ഭുതവും കൂടിക്കകലർന്ന മനസ്സോടെ നിൽക്കുന്നു.
ഉദയവും അസ്തമയവും ഒരുപോലെ കാണാനാകുന്ന പുരി ബീച്ചിലെത്തുമ്പോൾ സൂര്യൻ താഴുന്നത് കാണാനെത്തിയവരുടെ തിരക്കുണ്ടായിരുന്നു. പകൽ ഒരൽപ്പം ബാക്കിയുണ്ടായിരുന്ന നേരത്താണ് കോണാർക്ക് സൂര്യ ക്ഷേത്രത്തിലെത്തിയത്. അണമുറിയാതെ ഒഴുകുന്ന ജനങ്ങൾ. ഭക്തർ, കച്ചവടക്കാർ, യാത്രികർ, പൂജ ചെയ്യുന്നവർ...
ഏഴ് കുതിരകൾ ചേർന്ന് വലിക്കുന്ന രഥത്തിന്റെ രൂപത്തിലാണ് ക്ഷേത്രം. 12 ജോഡികളുള്ള 24 ചക്രങ്ങളുണ്ട് ഇരു വശങ്ങളിലുമായി. അമ്പരപ്പ് കൊണ്ട് കണ്ണ് വിടരും കാണുമ്പോൾ. ഏഴ് ആഴ്ചയിലെ ദിവസങ്ങളെയും 12 മാസങ്ങളെയും 24 ദിവസത്തിലെ മണിക്കൂറുകളെയും സൂചിപ്പിക്കുന്നതാണ്!!
ഈ ചക്രങ്ങളുടെ നിഴൽ നോക്കിയാണത്രെ ഒരു കാലത്ത് സമയം കണക്കാക്കിയിരുന്നത്. കൂട്ടത്തിലെ ഒരാള് പത്തു രൂപയുടെ നോട്ട് അന്വേഷിച്ചത് കണ്ടപ്പോൾ വഴി വക്കിലെ ഭിക്ഷുക്കൾക്ക് കൊടുക്കാൻ ആകുമെന്നി കരുതിയൊള്ളൂ. പക്ഷേ, പാതി മടക്കിയ നോട്ട് ക്ഷേത്ര ചുമരിലെ ഒരു ചക്രത്തോട് ചേർത്ത് വെച്ച് പൂരിപ്പിച്ചെടുത്ത ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടുപോയി. ഇന്ത്യയിലെ പത്തു രൂപാ നോട്ടിലുള്ള ചിത്രം ഒഡിഷയിലെ കൊണാർക്ക് ക്ഷേത്രത്തിന്റെ ചക്രത്തിന്റെതാണ്.
ഗ്രാമങ്ങളിലേക്ക് പോവാത്ത യാത്രകൾ അപൂർണ്ണമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഗുരുവായിരുന്നു യാത്രാ സംഘത്തിന്റെത്. പിപ്പിലി എന്നൊരു സ്ഥലമുണ്ട് ഒഡിഷയിൽ. കരകൗശലക്കാരുടെ ഗ്രാമമാണത്. അവർ സ്വന്തം കൈകളാൽ മെനയുന്ന വസ്തുക്കളുടെ വിൽപനയുണ്ട് അവിടെ. മനസ്സ് നിറയെ കണ്ടു. ഒരിക്കലെങ്കിലും കാണേണ്ടത് തന്നെ എന്ന് ആത്മഗതം പറഞ്ഞു.
ചായക്കടകൾ കാണുമ്പോഴെല്ലാം ചായ കുടിക്കണമെന്ന് മോഹം തോന്നുന്ന മനസ്സോടെ, ഒരുപാട് ചായകൾ കുടിച്ച് നടന്നു. കരകൗശല വസ്തുക്കൾ വിൽക്കുന്ന അനേകം കടകളിലൊന്നിന് മുന്നിൽ മറ്റുള്ളവരെ കാത്തു നിൽക്കുമ്പോൾ പ്രായം ചെന്നൊരമ്മ മോണ കാട്ടിച്ചിരിച്ചു. കൗതുകത്താൽ അവരുടെ കൈകളിലെ വളകൾ നോക്കി നിന്നപ്പോൾ ചിരിച്ചു കൊണ്ട് അതിൽ നിന്നൊന്ന് എന്റെ കൈയിലിട്ട് തന്നു. വേണ്ടെന്ന് പറയാൻ തോന്നിയില്ല. ആളുകൾ സ്നേഹിക്കുന്നതിൽ, സന്തോഷിക്കുന്നതിൽ, ആനന്ദം കണ്ടെത്തുന്ന പ്രായത്തിലും മാനസികാവസ്ഥയിലുമാണ് ഇപ്പോൾ മറ്റേതൊരു ഇന്ത്യക്കാരനെയും പോലെ ഞാനും ജീവിക്കുന്നത്.
അല്ലെങ്കിലും അപരിചിതർ തമ്മിലെ സ്നേഹക്കടങ്ങൾ ഇങ്ങനെ പ്രതീക്ഷിക്കാത്ത നേരത്ത്, അതി വിചിത്രമായ വഴികളിലൂടെയാണ് വീട്ടപ്പെടുക. കൂട്ടുകാരി തെരേസക്ക് നൽകിയ സ്നേഹം അവളുടെ നാട്ടിലെ ആരോ ഒരാളിനാൽ എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു. മരിക്കും മുമ്പൊരു സ്നേഹത്തിരി മറ്റെവിടെയോ മറ്റാർക്കോ പകർന്നു നൽകുന്നതിന്...