എ.സി യൂനിറ്റില് തീപിടിത്തം; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി
|വിമാനം പറന്നുയർന്ന് അരമണിക്കൂറിനുശേഷമായിരുന്നു എ.സി യൂനിറ്റിൽ തീപിടിച്ചത്
ന്യൂഡൽഹി: 175 യാത്രക്കാരുമായി ഡൽഹിയിൽനിന്നു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ തീപിടിച്ചു. വിമാനത്തിന്റെ എയർ കണ്ടീഷനിങ് യൂനിറ്റിലാണു തീപിടിത്തമുണ്ടായത്. സംഭവത്തിനു പിന്നാലെ വിമാനം ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി.
ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്നു വൈകീട്ട് 5.20ന് ബെംഗളൂരുവിലേക്കു തിരിച്ച എയർ ഇന്ത്യയുടെ എ.ഐ807 വിമാനത്തിലാണു തീപിടിത്തമുണ്ടായത്. വിമാനം പറന്നുയർന്ന് അരമണിക്കൂർ ശേഷമായിരുന്നു സംഭവം. സംഭവത്തിനു പിന്നാലെ വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 6.38ഓടെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. ഉടൻ മൂന്ന് ഫയർഫോഴ്സ് വാഹനങ്ങളെത്തി തീയണയ്ക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പരിക്കുകളോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കമ്പനി യാത്രക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണു പ്രഥമ പരിഗണന നൽകുന്നതെന്ന് എയർ ഇന്ത്യ വക്താവ് പ്രതികരിച്ചു. യാത്രക്കാർക്ക് അധികം വൈകാതെ തന്നെ ബദൽമാർഗങ്ങൾ സ്വീകരിച്ചെന്നും മറ്റൊരു വിമാനത്തിൽ എല്ലാവരും യാത്ര തിരിച്ചെന്നും അദ്ദേഹം അറിയിച്ചു.
ഇന്ന് ഇതു രണ്ടാമത്തെ എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപെടുന്നത്. നേരത്തെ പൂനെ വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്കു തിരിക്കാൻ നിന്ന വിമാനം ലഗേജ് ട്രാക്ടറുമായി കൂട്ടിയിടിക്കുകയും ടേക്കോഫ് നീട്ടിവയ്ക്കുകയും ചെയ്തിരുന്നു. വൈകീട്ട് നാലു മണിക്കായിരുന്നു സംഭവം. 200 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ആറു മണിക്കൂറോളം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. യാത്രക്കാർക്കെല്ലാം നഷ്ടപരിഹാരം നൽകിയതായി എയർ ഇന്ത്യ പ്രതികരിച്ചു.
Summary: Bangalore-bound Air India flight forced to return to Delhi after air-conditioning unit catches fire mid-air