ഇനി പാരിസിലേക്ക് പോകാം...! കൈവശം കരുതേണ്ട പത്ത് രേഖകള്‍
|കോവിഡ് പ്രതിസന്ധിക്കിടയിലും ഒരിക്കൽ കൂടി പാരിസും ഫ്രാൻസും ലോകശ്രദ്ധ നേടിയിരിക്കുകയാണ്.
സഞ്ചാരികളുടെ സ്വപന പറുദീസയാണ് യൂറോപ്യൻ രാജ്യമായ ഫ്രാൻസും പാരിസ് നഗരവും. പഠനത്തിനായും വിനോദത്തിനായും നിരവധി അന്താരാഷ്ട്ര സഞ്ചാരികളാണ് ഫ്രാൻസിലെത്തിച്ചേരുന്നത്. വിദേശ സിനിമകളിലെ ഫ്രഞ്ച് ലൊക്കേഷന്‍ ഭംഗികണ്ടു മാത്രം നിരവധി പേരാണ് ഫ്രാന്‍സില്‍ പോയിവരുന്നത്. അൻപത് മില്യണോളം പേരാണ് പ്രതിവർഷം ഫ്രാൻസ് സന്ദർശിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും ഒരിക്കൽ കൂടി പാരിസും ഫ്രാൻസും ലോകശ്രദ്ധ നേടിയിരിക്കുകയാണ്.
എങ്ങനെ പാരിസിലെത്താം ?
ഫ്രാൻസിലെത്തിച്ചേരാൻ ആദ്യമായി ഫ്രഞ്ച് നയതന്ത്ര ഓഫീസുമായാണ് ബന്ധപ്പെടേണ്ടത്. വിസ നടപടി ക്രമങ്ങൾ ഇവിടെ തുടങ്ങുകയായി. റിസർവ് ചെയ്ത സമയത്തിനുള്ളിൽ വേണം ഡിപ്ലോമാറ്റിക് ഓഫീസിൽ വെച്ചുള്ള വിസ ആപ്ലിക്കേഷൻ നടപടികൾ ചെയ്തുതീർക്കാൻ. ബുക്ക് ചെയ്ത സമയത്തിനുള്ളില്‍ ഓഫീസില്‍ എത്തിച്ചേരാന്‍ സാധിച്ചില്ലങ്കില്‍ 24 മണിക്കൂര്‍ കഴിഞ്ഞ് പുതിയ അപ്പോയിന്മെന്റ് എടുക്കേണ്ടതാണ്. കുടുംബമൊന്നിച്ചാണ് ഫ്രാൻസിലേക്ക് പോകാനുദ്ദേശിക്കുന്നതെങ്കിൽ, ഓരോ അംഗത്തിനും പ്രത്യേക അപ്പോയിൻമെന്റ് എടുക്കണം.
വിസ നടപടിക്കായി ഫ്രഞ്ച് എംബസി കോൺസുലേറ്റിൽ സമർപ്പിക്കേണ്ട രേഖകൾ:
1) പൂരിപ്പിച്ച ആപ്ലിക്കേഷൻ ഫോം: പ്രിന്റ് ചെയ്ത ഫോം ആണ് സമർപ്പിക്കേണ്ടത്. രേഖ അപേക്ഷകൻ തന്നെ ഒപ്പിട്ടാണ് നൽകേണ്ടത്. പതിനെട്ട് വയസിനു താഴെയുള്ളവരാണ് അപേക്ഷകരെങ്കിൽ രക്ഷിതാക്കൾക്ക് ഒപ്പ് വെക്കാം.
2) രണ്ടു പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോകൾ
3) സാധുവായ പാസ്പോർട്ട്: ചുരുങ്ങിയത് രണ്ട് ബ്ലാങ്ക് പേജുകളുള്ളതും സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന ദിവസം മുതൽ മൂന്ന് മാസത്തേക്കെങ്കിലും കാലാവധിയുമുള്ള പാസ്പോർട്ട് കൈവശമുണ്ടായിരിക്കണം.
4) അപേക്ഷകന്റെ വിലാസം തെളിയിക്കുന്ന രേഖകൾ: വീടിന്റെയോ ഫ്ലാറ്റിന്റെയോ കരാർ രേഖ, സർക്കാർ ബില്ലുകൾ, വെള്ളം, വൈദ്യുതി, കേബിൾ ബില്ലുകൾ എന്നിവ സമര്‍പ്പിക്കാം.
റൗണ്ട് ട്രിപ് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത രേഖ: ഇതിൽ യാത്രക്കാരന്റെ പേരുവിവരങ്ങൾ, പോകാനുദ്ദേശിക്കുന്ന സ്ഥലം, വിമാന കമ്പനി, ഫ്ലൈറ്റ് നമ്പർ, യാത്ര തിയ്യതി എന്നിവ ഉണ്ടായിരിക്കണം. വിസ ലഭിക്കും മുൻപ് യഥാർഥ യാത്രാ ടിക്കറ്റ് സമർപ്പിക്കേണ്ടതില്ല. എന്നാൽ വിസ ലഭിച്ച ശേഷം യാത്രക്കായി എടുത്ത യഥാർഥ ഫ്ലൈറ്റ് ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.
5) വിസ ഇൻഷുറൻസ് രേഖ: മുപ്പതിനായിരം യൂറോയെങ്കിലും കവർ ചെയ്യുന്ന ഇൻഷുറൻസ് പരിരക്ഷ തെളിയിക്കുന്ന രേഖയാണ് സമര്‍പ്പിക്കേണ്ടത്.
6) യാത്ര ഉദ്ദേശ്യം വ്യക്തമാകുന്ന രേഖ: യാത്രയെ സംബന്ധിച്ച് വിശദമാക്കുന്ന ഒന്നോ രണ്ടോ പേജിലുള്ള വിവരണം. യാത്രാ ലക്ഷ്യം, പോകുന്ന സ്ഥലങ്ങൾ, വിലാസം എന്നിവ ചേർക്കണം.
7) അക്കൊമഡേഷൻ ബുക്ക് ചെയ്ത രേഖ: ഫ്രാൻസിലെ സന്ദർശന കാലയളവിനുള്ളിൽ താമസം ബുക്ക് ചെയ്ത ഫ്ലാറ്റിന്റെയോ ഹോട്ടലിന്റെയോ രേഖ
8) സിവിൽ സ്റ്റാറ്റസ് തെളിയിക്കുന്ന രേഖ: വിവാഹ സർട്ടിഫിക്കറ്റ്, കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ്, ഇണയുടെ മരണ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് എന്നിവ സമർപ്പിക്കാം.
9) സന്ദർശന ചെലവ്: സന്ദർശന കാലയളവിലെ ജീവിത ചെലവ് വഹിക്കാൻ സാധിക്കുമെന്ന് തെളിയിക്കുന്ന രേഖ
10) വിസ ആപ്ലിക്കേഷൻ ഫീ