പാസ്പോർട്ടും വിസയും വേണ്ട; കച്ചത്തീവിലേക്ക് എങ്ങനെ പോകാം?
|2400 പേരെയാണ് 2023ൽ ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിച്ചത്
കച്ചത്തീവ് എന്ന കൊച്ചു ദ്വീപിനെ ചൊല്ലിയുള്ള വലിയ വിവാദങ്ങളാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോൾ കത്തിനിൽക്കുന്നത്. ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിൽ രാമേശ്വരത്തിന് സമീപമാണ് ഈ കൊച്ചു ദ്വീപ്. 285 ഏക്കർ മാത്രമുള്ള ജനവാസമില്ലാത്ത സുന്ദരമായ പ്രദേശം.
1974 വരെ ഇന്ത്യയുടെ ഭാഗമായിരുന്ന ഈ ദ്വീപ് പിന്നീട് ശ്രീലങ്കക്ക് കൈമാറുകയായിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും ബി.ജെ.പി വിവാദമാക്കുന്നത്.
പാൾക് കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിലേക്ക് വർഷത്തിൽ രണ്ട് ദിവസം മാത്രമാണ് ഇന്ത്യക്കാർക്ക് പ്രവേശനം അനുവദിക്കുക. ശ്രീലങ്കയുടെ ഭാഗമാണെങ്കിലും ഇന്ത്യക്കാർക്ക് വിസയും പാസ്പോർട്ടും വേണ്ട എന്നതാണ് പ്രത്യേകത.
ഈ ദ്വീപിലുള്ള സെന്റ് ആന്റണീസ് കാത്തോലിക് ചർച്ചിൽ നടക്കുന്ന തിരുനാളിനോട് അനുബന്ധിച്ചാണ് പ്രവേശനം അനുവദിക്കുക. സാധാരണ ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് മാസത്തിലാണ് തിരുനാൾ നടക്കാറ്. 2024ൽ ഇത് ഫെബ്രുവരി 23, 24 ദിവസങ്ങളിലായിരുന്നു.
1905ലാണ് ഈ ദേവാലയം സമർപ്പിക്കുന്നത്. ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾ ആഴക്കടലിൽ മത്സ്യബന്ധനം നടത്തുമ്പോൾ കൂടുതൽ മത്സ്യലഭ്യതയ്ക്കും പ്രകൃതിദുരന്തങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനുമായി സെന്റ് ആന്റണിയുടെ മുമ്പിൽ വന്ന് പ്രാർഥിക്കാറുണ്ട്.
രാമേശ്വരം സെന്റ് ജോസഫ്സ് ചർച്ചിൽനിന്ന് ലഭിക്കുന്ന ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് വേണം തിരുനാൾ യാത്രക്കായി അപേക്ഷിക്കാൻ. ഇതോടൊപ്പം മൂന്ന് ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, അതാത് പൊലീസ് സ്റ്റേഷനിൽനിന്ന് ലഭിക്കുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയും നൽകണം. കൂടാതെ ബോട്ട് യാത്രക്കുള്ള 2000 രൂപയും അടക്കണം.
2400 പേരെയാണ് 2023ൽ ഇന്ത്യയിൽനിന്ന് യാത്ര ചെയ്യാൻ അനുവദിച്ചത്. തമിഴ്നാട്ടിൽനിന്ന് മാത്രമല്ല, കേരളത്തിൽനിന്നടക്കം നിരവധി തീർഥാടകർ തിരുനാളിന് കച്ചത്തീവിൽ പോകാറുണ്ട്. ഏകദേശം 4000ത്തോളം പേർ ശ്രീലങ്കയിൽനിന്നും വരും.
അഞ്ച് വയസ്സിനും 70 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് പ്രവേശനം അനുവദിക്കുക. രാമേശ്വരത്തുനിന്ന് ഏകദേശം രണ്ടര മണിക്കൂർ ബോട്ട് യാത്രയുണ്ട്. മത്സ്യബന്ധന ബോട്ടുകളിലായിരിക്കും യാത്ര. യാത്രക്ക് മുമ്പായി കസ്റ്റംസിന്റെയും നേവിയുടെയുമെല്ലാം പരിശോധനയുണ്ടാകും. കൂടാതെ സമുദ്രാതിർത്തി പിന്നിട്ടാൽ ശ്രീലങ്കൻ നേവിയുടെയും കർശന പരിശോധനക്ക് വിധേയമാകണം.
ഇരു രാജ്യങ്ങളും തമ്മിലെ സൗഹാർദത്തിന്റെ വേദി കൂടിയാണ് കച്ചത്തീവിലെ തിരുനാൾ. വലിയ ആഘോഷം തന്നെയായിരിക്കും ഈ ദിനങ്ങളിൽ. പലർക്കും ഇരു രാജ്യങ്ങളിലായുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാം കാണാനുള്ള അവസരം കൂടിയാണിത്.
നിരവധി കച്ചവടക്കാർ വിവിധ ഉൽപ്പന്നങ്ങളുമായി ഈ സമയത്ത് ദ്വീപിലെത്തും. ശ്രീലങ്കൻ മധുരപലഹാരങ്ങളും ഭക്ഷണവും തേയിലയുമെല്ലാം വാങ്ങാൻ സാധിക്കും. പണമിടപാടിന് സഹായിക്കാൻ ബാങ്ക് ഓഫ് സിലോണിന്റെ കൗണ്ടറും ഇവിടെ പ്രവർത്തിക്കാറുണ്ട്.
രാത്രി താമസത്തിന് പ്രത്യേക സൗകര്യമൊന്നുമുണ്ടാകില്ല. അധികപേരും മണൽപ്പരപ്പിൽ പായയും തുണിയുമെല്ലാം വിരിച്ച് കിടക്കാറാണ് പതിവ്. രാത്രി നക്ഷത്രങ്ങളെ കണ്ട് കടൽക്കാറ്റുമേറ്റ് കിടക്കാൻ പ്രത്യേക വൈബ് തന്നെയാകും. ചിലർ ടെന്റുകൾ കൊണ്ടുവന്ന് അതിലാണ് കിടക്കുക.
ഭക്ഷണവും വെള്ളവുമെല്ലാം ഇവിടെ സൗജന്യമായി ലഭിക്കും. തിരകളില്ലാത്ത, തെളിഞ്ഞ കടൽ വെള്ളത്തിൽ കുളിക്കുകയും ചെയ്യാം. കൊടിയേറ്റത്തോടെ തുടങ്ങുന്ന തിരുനാൾ ശ്രീലങ്കയിലെയും ഇന്ത്യയിലെയും പുരോഹിതരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ദിവ്യകാരുണ്യ ആഘോഷത്തോടെയാണ് സമാപിക്കുക.
അതേസമയം, 2024 നടന്ന തിരുനാളിന് ഇന്ത്യയിൽനിന്ന് ഇവിടേക്ക് ആർക്കും പോകാൻ സാധിച്ചിരുന്നില്ല. രാമേശ്വരത്തെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് പ്രശ്നം. സമുദ്രാതിർത്തി ലംഘിച്ചതിന് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന പിടികൂടുകയും ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. ഇതുകാരണം നിരവധി വിശ്വാസികളാണ് ഇത്തവണ നിരാശരായി മടങ്ങിയത്.