എൺപതാം പിറന്നാള്‍ ലഡാക്കില്‍ ആഘോഷിക്കാന്‍ സൈക്കിളിൽ പുറപ്പെട്ട് ജോസേട്ടന്‍
|പ്രായം വെറുമൊരു സംഖ്യ മാത്രമാണ് എന്നാണ് സൈക്കിളിന് മുമ്പില്‍ അദ്ദേഹം എഴുതിവെച്ചിട്ടുള്ളത് പോലും.
എൺപതാം വയസ്സിലും ലഡാക്കിലെ മലമടക്കുകൾ സൈക്കിളിൽ ചവിട്ടിക്കയറാൻ തയ്യാറെടുക്കുന്ന തൃശ്ശൂർ സ്വദേശി മണലിപ്പറമ്പിൽ ജോസ് വയനാട്ടിലെത്തി. പ്രായത്തെ വെല്ലുന്ന ആവേശത്തോടെ മലകളിലും കുന്നുകളിലും സൈക്കിളിൽ പറന്നു നടക്കുന്ന ജോസേട്ടനെ പിടിച്ച് ക്യാമറക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് വയനാട്ടിലെ നമ്മുടെ റിപ്പോർട്ടർ ടി അനീസലി.
വയനാട്ടിലെ മഴയിലും മഞ്ഞിലും മലനിരകളിലും നിരത്തുകളിലുമെല്ലാമായി അതിതീവ്ര പരിശീലനത്തിലാണ് മണലിപ്പറമ്പിൽ ജോസ് എന്ന ജോസേട്ടൻ. സുൽത്താൻ ബത്തേരി, തിരുനെല്ലി, മാനന്തവാടി, തുടങ്ങി വയനാടിന്‍റെ മുക്കിലും മൂലയിലുമായി 400 കിലോമീറ്റർ ഇതിനോടകം പിന്നിട്ടുകഴിഞ്ഞു ജോസേട്ടന്‍.
സെപ്തംബർ പതിനൊന്നാം തീയതിയാവുമ്പോ തനിക്ക് എൺപത് വയസ്സാകുമെന്ന് ജോസേട്ടന്‍ പറയുന്നു. അതിന് മുമ്പ് ഇവിടന്ന് വിട പറയും മുമ്പേ ഒരു മെസേജ് ജനങ്ങളിലെത്തിച്ചിട്ട് ഇവടന്ന് പോണം എന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ജീവിതം നശിപ്പിക്കുന്ന യുവതലമുറയ്ക്കുള്ള ഒരു സന്ദേശമാണ് തന്റെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.
അധികാരികളുടെ അനുമതി ലഭിച്ചാൽ വയനാട്ടിൽ നിന്ന് ഊട്ടിയിലേക്കായിരിക്കും സവാരി. അതിനുശേഷം മൂന്നാർ ഹിൽ സ്റ്റേഷനുകളിൽ റെയ്ഡ്. ഓഗസ്റ്റ് 9ന് ലഡാക്ക് യാത്ര തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. സെപ്തംബര്‍ 11 ന് ലഡാക്കിലെത്തി, പിറന്നാളാഘോഷം അവിടെ വെച്ച് വേണമെന്നാണ് ജോസേട്ടന്‍റെ ആഗ്രഹം.
200 കിലോമീറ്റർ നിർത്താതെ സൈക്കിളോടിച്ചും 300 മീറ്റർ ഫ്രീ സ്റ്റൈലിൽ നീന്തി ജയിച്ചും 21 കിലോമീറ്റർ മാരത്തണിൽ പങ്കെടുത്തു മെഡൽ നേടിയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലംബറായിരുന്ന ജോസേട്ടൻ ഇതിനുമുമ്പും പലതവണ കരുത്ത് തെളിയിച്ചിട്ടുണ്ട്. തന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്നും. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് താന്‍ യാത്രയ്ക്കൊരുങ്ങിയതെന്നും ജോസേട്ടന്‍ പറയുന്നു.
പ്രായം വെറുമൊരു സംഖ്യ മാത്രമാണ് എന്നാണ് സൈക്കിളിന് മുമ്പില്‍ അദ്ദേഹം എഴുതിവെച്ചിട്ടുള്ളത് പോലും. 'വീൽസ് ഓഫ് ലൈഫ്' എന്ന് പേരിട്ടുള്ള ഈ യാത്രയോടെ തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരധ്യായം കൂടി എഴുതിച്ചേർക്കാനുള്ള തയാറെടുപ്പിലാണ് മണലിപ്പറമ്പിൽ ജോസ് എന്ന അത്താണിക്കാരുടെ സ്വന്തം ജോസേട്ടൻ