ലോകത്തെ ഏറ്റവും വലിയ നദീദ്വീപ് മജുലിയിലെ കാഴ്ച്കൾ
|ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ ദ്വീപാണ് മജുലി
ലോകത്തെ ഏറ്റവും വലിയ നദീജന്യ ദ്വീപ്, ഇന്ത്യയിൽ ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദ്വീപ്, ആസാമിൻ്റെ സാംസ്കാരിക തലസ്ഥാനം വിശേഷണങ്ങളൊരുപാടുണ്ട് മജുലിക്ക്. ബ്രഹ്മപുത്ര നദിയില്‍ 421.65 കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് ഈ ദ്വീപ് വ്യാപിച്ചു കിടക്കുന്നത്. ഏകദേശം 300 വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു ഭൂമികുലുക്കത്തിലാണ് മജുലി ഉണ്ടായതെന്ന് കരുതപ്പെടുന്നു. ഭൂമികുലുക്കത്തെത്തുടർന്ന് ബ്രമ്ഹപുത്ര നദിയിൽ വലിയ വെള്ളപ്പൊക്കമുണ്ടായി. അത് നദിയുടെ ഗതിയെ തെക്കോട്ട് മാറ്റി. അങ്ങനെ ഒഴുകിയെത്തിയ അവശിഷ്ടങ്ങളും മണ്ണുമൊക്കെ ചേർന്നാണ് മജുലി ദ്വീപുണ്ടാവുന്നത്.
ജനവാസമുള്ള ലോകത്തെ ഏറ്റവും വലിയ നദീദ്വീപാണ് മജുലി. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ഈ ദ്വീപ്. 2016 ലാണ് മജുലി ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെടുന്നത്. അസം മുഖ്യമന്ത്രി സർബാനന്ദ സനോവാളാണ് മജുലിയെ ഒരു ജില്ലയായി പ്രഖ്യാപിച്ചത്. അസമിലെ ഏറ്റവും ചെറിയ ജില്ല കൂടിയാണിത്.
നിരവധി കുഞ്ഞു ദ്വീപുകളുടെ സമൂഹമാണ് മജുലി.ചപോരി എന്നാണവ അറിയപ്പെടുന്നത്. അങ്ങനെ 22 ചപോരികൾ ദ്വീപിനകത്തുണ്ട്. വ്യത്യസ്തരായ നിരവധി ഗോത്രവിഭാഗക്കാർ ഇവിടെ താമസിക്കുന്നുണ്ട്. ഈ സാംസ്കാരിക വൈവിധ്യമാണ് മജുലിയെ അസമിൻ്റെ സാംസ്കാരിക തലസ്ഥാനമാക്കിയത്.
ബ്രഹ്മപുത്രയുടെ മകൾ എന്നറിയപ്പെടുന്ന മജുലി അസമിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്ന് കൂടെയാണ്. മജുലി എന്നാൽ രണ്ട് സമാന്തര നദികൾക്കിടയിലെ ഭൂമി എന്നാണർത്ഥം. പേര് പോലെ മനോഹരമാണ് മജുലിയിലെ കാഴ്ച്ചകളും.
മഴക്കാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ കരകവിയുന്ന ബ്രഹ്മപുത്ര നദിയിലായതിനാല്‍ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷനേടാനായി മുളയുടെ കമ്പുകളിൽ കുത്തി നിർത്തിയ വീടുകളാണ് മജുലിക്കാർ നിർമിക്കാറുള്ളത്. ദ്വീപിലെ ഭൂരിഭാഗം പേരും കൃഷിക്കാരാണ്. എല്ലാ വർഷവും ബ്രഹ്മപുത്രയിലുണ്ടാവുന്ന വെള്ളപ്പൊക്കമാണ് അസമിലെ കൃഷിയിടങ്ങളെ ഫലഭൂയിഷ്ടമാക്കുന്നത് എന്നതിനാൽ ഈ വെള്ളപ്പൊക്കം മജുലിക്കാരെ ആശങ്കപ്പെടുത്താറില്ല.
സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകളുള്ള മജുലിയിലേക്ക് റോഡ് ഗതാഗതമില്ല. കടത്തുമാർഗമാണ് മജുലിയിലേക്ക് സഞ്ചാരികൾ എത്തുന്നത്. നിരവധി ബോട്ടുകൾ മജുലിയിലേക്ക് സർവീസ് നടത്തുന്നുണ്ട്.
ബ്രഹ്മപുത്ര നദിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ മണ്ണൊലിപ്പ് ഭീഷണിയാണ് ദ്വീപ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. അതിശക്തമായ ഒഴുക്ക്, വെള്ളപ്പൊക്കം, മണ്ണൊലിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ ദ്വീപിന്റെ വലിപ്പം ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് 2030 ഓടെ ദ്വീപ് പൂര്‍ണ്ണമായും മുങ്ങുമത്രെ.