Travel
എയർ ഇന്ത്യയിൽ അഴിച്ചുപണികൾ തൽക്കാലമില്ല; മുൻഗണന കസ്റ്റമർ സർവീസിന്
Travel

എയർ ഇന്ത്യയിൽ അഴിച്ചുപണികൾ തൽക്കാലമില്ല; മുൻഗണന കസ്റ്റമർ സർവീസിന്

Web Desk
|
28 Jan 2022 8:45 AM GMT

നിലവിലുള്ള ബോർഡിനു കീഴിൽ എയർ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താനും ആവശ്യമെങ്കിൽ മാത്രം ഉന്നത തലത്തിൽ അഴിച്ചുപണി നടത്താനുമാണ് ടാറ്റ മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനം.

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ഏറ്റെടുത്ത ടാറ്റ തുടക്കത്തിൽ തന്നെ വലിയ അഴിച്ചുപണികൾ നടത്തില്ലെന്ന് റിപ്പോർട്ട്. എയർ ഇന്ത്യ ബോർഡിൽ നിലവിലുള്ള നാല് ഡയറക്ടർമാരെയും നിലനിർത്തുമെന്നും ഉപഭോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുക, വിമാനങ്ങളുടെ സമയക്രമം കൃത്യമാക്കുക എന്നിവയ്ക്കാണ് പ്രാഥമിക ഘട്ടത്തിൽ പരിഗണന നൽകുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.ബി.സി-ടി.വി 18 റിപ്പോർട്ട് ചെയ്യുന്നു. ഒരാഴ്ച മുമ്പ് നിയമിതനായ ഐ.എ.എസ് ഓഫീസർ വിക്രം ദേവ് ഭട്ട് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി (സി.എം.ഡി) തുടരും.

വിനോദ് ഹെഡ്മഡി (ഫിനാൻസ്), അമൃത സരൺ (ഉദ്യോഗം), മീനാക്ഷി മല്ലിക് (കമേഴ്‌സ്യൽ), ക്യാപ്ടൻ ആർ. എസ് സന്ധു (ഓപറേഷൻസ്) എന്നിവരാണ് നിലവിലുള്ള ഡയറക്ടർമാർ. ടാറ്റ ഔദ്യോഗികമായി നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഒരാഴ്ച മാത്രം മുമ്പാണ് സിവിൽ ഏവിയേഷൻ മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാലിനെ മാറ്റി എയർ ഇന്ത്യ വിക്രം ദേവ് ഭട്ടിനെ സി.എം.ഡി ആക്കിയത്. വിക്രം ദേവ് ഭട്ട് ചുമതലയേറ്റ വിവരം എയർ ഇന്ത്യ വെബ്‌സൈറ്റിൽ ഇതുവരെ അപ്‌ഡേറ്റ് ചെയ്തിട്ടില്ല.

നിലവിലുള്ള ബോർഡിനു കീഴിൽ എയർ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താനും ആവശ്യമെങ്കിൽ മാത്രം ഉന്നത തലത്തിൽ അഴിച്ചുപണി നടത്താനുമാണ് ടാറ്റ മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനം. വിമാനക്കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് മാനേജ്‌മെന്റ് കമ്മിറ്റി മേൽനോട്ടം വഹിക്കും. രത്തൻ ടാറ്റ, എൻ ചന്ദ്രശേഖരൻ എന്നിവരുടെ മേൽനോട്ടത്തിലുള്ള മാനേജ്‌മെന്റ് കമ്മിറ്റിയാവും ഉന്നതതലത്തിൽ പുതിയ നിയമനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുക.

എയർ ഇന്ത്യ ഉപഭോക്താക്കൾക്ക് തൃപ്തികരമായ സേവനം നൽകുന്നതിനായി ഓൺഫ്‌ളൈറ്റ് ഭക്ഷണം, വിമാനങ്ങളുടെ അറ്റകുറ്റപ്പണി, കസ്റ്റമർ കെയർ സർവീസ്, ഓൺ ടൈം പെർഫോമൻസ് എന്നിവയിലാണ് ഇപ്പോൾ ടാറ്റ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏറ്റെടുത്ത ജനുവരി 26-ന് തന്നെ ചില വിമാനങ്ങളിൽ ഭക്ഷണക്കാര്യത്തിലുള്ള മാറ്റം പ്രകടമായിട്ടുണ്ട്.

Related Tags :
Similar Posts