'സ്വർഗത്തിൽ' ജോലി, ആഴ്ചയിൽ 85,000 രൂപ ശമ്പളം; തൊഴിലാളികളെ തേടി ഒരു ഭരണകൂടം
|'ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നിലാണ് നമ്മൾ ജീവിക്കുന്നത്. നിങ്ങളുടെ സുഹൃത്തുക്കളെയും കൂട്ടി സ്വർഗത്തിൽ ജോലിക്കെത്തൂ...'
സ്വപ്‌നസമാനമായ ടൂറിസ്റ്റ് കേന്ദ്രത്തിൽ ജോലി, അതും ആഴ്ചയിൽ 85,000 രൂപ പ്രതിഫലത്തിന്. കേട്ടിട്ട് കൊതിയാകുന്നുണ്ടോ? എന്നാൽ, അത്തരമൊരു ജോലിക്ക് ആളെ തെരയുകയാണ് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റ് ഭരണകൂടം. കോവിഡ് കാരണം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ ഉയിർത്തെഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആകർഷകമായ വേതനത്തിന് 4,000 തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ക്വീൻസ്‌ലാന്റ് തീരുമാനിച്ചിരിക്കുന്നത്. 'സ്വർഗത്തിൽ ജോലി' (Work in Paradise) എന്നാണ് പദ്ധതിയുടെ പേര്.
ടൂറിസത്തെ സുപ്രധാന വരുമാന മാർഗമായി കാണുന്ന ക്വീൻസ് ലാന്റിന് തിരിച്ചടി നേരിട്ടത് കോവിഡ് മഹാമാരിയോടെയാണ്. രോഗം ടൂറിസത്തെ ബാധിച്ചതോടെ, ഈ മേഖലയിൽ ജോലി ചെയ്യാൻ പുറത്തു നിന്നെത്തിയവർ തിരിച്ചുപോയി. പ്രതിസന്ധിയിൽ നിന്ന് പതുക്കെ കരകയറുന്നുണ്ടെങ്കിലും ആവശ്യത്തിന് തൊഴിലാളിലാളികളില്ല എന്നതാണ് പ്രശ്‌നമെന്നും ഇതിന് പരിഹാരം കാണുകയാണ് 'സ്വർഗത്തിൽ ജോലി'യുടെ ഉദ്ദേശ്യമെന്നും ക്വീൻസ്‌ലാന്റ് പ്രീമിയർ അനസ്താസ്യ പലാച്ചുക് പറയുന്നു.
'ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നിലാണ് നമ്മൾ ജീവിക്കുന്നത്. നിങ്ങളുടെ സുഹൃത്തുക്കളെയും കൂട്ടി സ്വർഗത്തിൽ ജോലിക്കെത്തൂ...' പലാച്ചുക് പറഞ്ഞു. 4,000-ലേറെ ഒഴിവുകളാണ് നിലവിലുള്ളത്. ഷെഫ്, പാചകസഹായി, ബാർ അറ്റൻഡർ, കിച്ചൻ ക്ലീനിങ്, ടൂർ ഗൈഡ്, വെയ്റ്റർ എന്നിങ്ങനെ പലതരം ഒഴിവുകളുണ്ട്. ഒരു വർഷത്തേക്കാണ് ജോലി. 'ക്വീൻസ് ലാന്റിന്റെ മനോഹര പ്രദേശങ്ങളിൽ ജോലി ചെയ്യുക, ജീവിക്കുക, കളിക്കുക' എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. തൊഴിലന്വേഷകർക്ക് രജിസ്റ്റർ ചെയ്യാനായി ഒരു പോർട്ടലും ആരംഭിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ളവരെ ക്വീൻസ്‌ലാന്റിൽ ജോലി ചെയ്യാൻ എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് അനസ്താസ്യ പലാച്ചുക് പറയുന്നു. മറ്റിടങ്ങളിൽ നിന്ന് ഇങ്ങോട്ട് താമസം മാറാൻ യാത്രാ ചെലവും നൽകുന്നുണ്ട്. എന്നാൽ, ഈ പദ്ധതിയിൽ ഓസ്‌ട്രേലിയൻ പൗരന്മാരല്ലാത്തവർക്ക് ചേരാൻ കഴിയുമോ എന്ന കാര്യം വ്യക്തമല്ല.