'നന്ദി ഇന്ത്യ'; ഹജ്ജ് യാത്രക്കായി പാകിസ്താനിൽ കടന്ന് ശിഹാബ് ചോറ്റൂർ
|ജൂൺ രണ്ടിനാണ് ശിഹാബ് വിശുദ്ധ ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്
ന്യൂഡൽഹി: കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ പാകിസ്താനിൽ കടന്നു. നാല് മാസത്തോളമായി പഞ്ചാബിൽ തങ്ങിയ ശിഹാബ് ട്രാൻസിറ്റ് വിസ ലഭിച്ചതോടെയാണ് പാകിസ്താനിലേക്ക് കടന്നത്. അതിർത്തി കടക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ വഴി ദൃശ്യങ്ങൾ കാണിച്ചു. ഈ വേളയിൽ എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് 'താങ്ക്‌യൂ ഇന്ത്യ' എന്നായിരുന്നു ശിഹാബിന്റെ മറുപടി.
'അൽഹംദുലില്ലാഹ്, പാകിസ്താനിലെത്തി' എന്ന കുറിപ്പോടെ പാകിസ്താനിലെത്തിയ ശേഷമുള്ള ചിത്രം ശിഹാബിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. ശിഹാബിനൊപ്പമുള്ള ഇന്ത്യക്കാരെല്ലാം തിരിച്ചുപോരുമെന്നാണ് അദ്ദേഹത്തിന്റെ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. അതേസമയം, പാകിസ്താനിലെ യൂട്യൂബേഴ്‌സടക്കമുള്ള നിരവധി പേർ അദ്ദേഹത്തിന്റെ കുടെയുണ്ട്.
പാകിസ്താൻ വിസ നൽകാൻ വൈകിയതിനാൽ ഏകദേശം നാല് മാസത്തോളമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്സ് സ്‌കൂളിലാണ് താമസിച്ചിരുന്നത്. ഇന്നലെയാണ് പാകിസ്താൻ വിസ നൽകിയത്. ഏതാനും മണിക്കൂറുകൾക്കകം യാത്ര പുനരാരംഭിക്കുമെന്ന് ശിഹാബ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. ജൂൺ രണ്ടിനാണ് ശിഹാബ് വിശുദ്ധ ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. തന്നെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് ശിഹാബ് പറഞ്ഞു. ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ല. കാൽനടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്നമാണ്. അതിന് എല്ലാവരുടെയും പ്രാർഥന വേണം. ഇന്ത്യയിലും പാകിസ്താനിലും തന്റെ കൂടെ വരാൻ ആരോടും പറഞ്ഞിട്ടില്ലെന്നും ശിഹാബ് വ്യക്തമാക്കിയിരുന്നു.
വിസ നൽകാമെന്ന് അധികൃതർ പറഞ്ഞതായും രണ്ട്-മൂന്ന് ദിവസത്തിനുള്ളിൽ യാത്ര തുടരുമെന്നും വിവരങ്ങൾ പങ്കുവെക്കരുതെന്ന് നിർദേശമുണ്ടായത് കൊണ്ടാണ് ഇതുവരെ വിവരങ്ങൾ പങ്കുവെക്കാതിരുന്നതെന്നും അദ്ദേഹം തന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. ഇപ്പോൾ പഞ്ചാബിലെ ആഫിയ സ്‌കൂളിലാണുള്ളതെന്നും ഡേറ്റ് കിട്ടുന്ന മുറയ്ക്ക് യാത്ര വീണ്ടും തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. തന്നെ കുറിച്ച് വ്യാജ വിവരങ്ങൾ നൽകുന്ന യൂട്യൂബേഴ്സിനോട് ഒന്നും പറയാനില്ലെന്നും പറഞ്ഞു. പഞ്ചാബിലെ ഷാഹി ഇമാം ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയതോടെ അദ്ദേഹത്തോടൊപ്പമാണ് ശിഹാബ് വീഡിയോ തയ്യാറാക്കിയത്.
പാകിസ്താൻ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയിൽ വന്ന പ്രശ്‌നം മൂലമാണ് തടസ്സം നേരിടുന്നതെന്നും അദ്ദേഹം മുമ്പ് അറിയിച്ചിരുന്നു. തനിക്ക് ഇപ്പോൾ അനുവദിച്ച ടൂറിസ്റ്റ് വിസ ഒരു മണിക്കൂർ കൊണ്ട് ലഭിക്കുമായിരുന്നുവെന്നും എന്നാൽ തനിക്ക് വേണ്ടത് ട്രാൻസിറ്റ് വിസയാണെന്നും പറഞ്ഞു. ടൂറിസ്റ്റ് വിസയിൽ പോയാൽ തനിക്ക് പാകിസ്താൻ സന്ദർശിച്ച് തിരികെ വരാമെന്നും എന്നാൽ തനിക്ക് പാകിസ്താനിലെത്തി ഇറാനിലേക്ക് പോകാൻ ട്രാൻസിറ്റ് വിസയാണ് വേണ്ടതെന്നും വ്യക്തമാക്കി. വാഗാ ബോർഡർ വഴി പാകിസ്താനിൽ കയറി ഇറാനിലെ തഫ്താൻ ബോർഡർ വഴിയാണ് തനിക്ക് പ്രവേശിക്കേണ്ടതെന്നും ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു രേഖ കൂടി വേണമെന്നും ശിഹാബ് വ്യക്തമാക്കിയിരുന്നു.
Shihab Chotoor crossed into Pakistan for Hajj